പല കാര്യങ്ങൾ കൊണ്ടും ഏറെ വ്യത്യസ്തമാണ് 2024ലെ ലോക്സഭ തെരഞ്ഞെടുപ്പ്. ഇത്തവണ ഏഴ് ഘട്ടങ്ങളായാണ് ലോക്സഭ തെരഞ്ഞെടുപ്പ് പൂർത്തിയായത്. ആകെ രജിസ്റ്റർ ചെയ്ത 94 കോടി വോട്ടർമാരിൽ 64 കോടി വോട്ടർമാർ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. ഇത്തവണ സഖ്യകക്ഷി സർക്കാരാണ് ഭരിക്കുന്നത്.
ഉത്തർപ്രദേശിൽ മിന്നുംപ്രകടനമാണ് അഖിലേഷ് യാദവിന്റെ സമാജ്‍വാദി പാർട്ടി(എസ്.പി) കാഴ്ചവെച്ചത്. യു.പിയിലെ 62 സീറ്റുകളിൽ 37 എണ്ണത്തിലും എസ്.പി വിജയിച്ചു. അഞ്ച് കുടുംബാംഗങ്ങൾക്കാണ് എസ്.പി ഇക്കുറി ലോക്സഭയിലേക്ക് ടിക്കറ്റ് നൽകിയത്. ആ അഞ്ചുപേരിൽ രണ്ടുപേർ പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഭാര്യ ഡിംപിൾ യാദവുമാണ്. ഇരുവരും തങ്ങളുടെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായാണ് ഒരുമിച്ച് പാർലമെന്റിലെത്തുന്നത്. സഭയിൽ സുപ്രധാന ചർച്ചകൾ നടക്കുമ്പോൾ എല്ലാവരുടെയും കണ്ണുകൾ ഈ എം.പി ദമ്പതിമാരിലായിരിക്കും എന്ന് സാരം. കനൗജിൽ നിന്ന് ജനവിധി തേടിയ അഖിലേഷ് ബി.ജെ.പിയുടെ സുബ്രത റായിയെ ആണ് പരാജയപ്പെടുത്തിയത്. മെയിൻപുരിയിൽ ബി.ജെ.പി സ്ഥാനാർഥിയായ ജയ്ബീർ സിങ്ങനെ തോൽപിച്ചാണ് ഡിംപിൾ യാദവ് ലോക്സഭയിലെത്തിയത്.
കഴിഞ്ഞ തവണയും ഇരുവരും ലോക്സഭയിലുണ്ടായിരുന്നു. എന്നാൽ ഒന്നിച്ചായിരുന്നില്ല തെരഞ്ഞെടുക്കപ്പെട്ടത് എന്ന് മാത്രം. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ അഖിലേഷും ഡിംപിളും മത്സരിച്ചിരുന്നു. അഖിലേഷ് അസംഗഡ് മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ, ഡിംപിൾ കനൗജിൽ പരാജയപ്പെട്ടു. 2012 മുതൽ 2019 വരെ കനൗജ് മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാംഗമായിരുന്നു ഡിംപിൾ. 2022ൽ മുലായം സിങ് യാദവിന്റെ മരണത്തോടെ മെയിൻപുരിയിൽ ഒഴിവു വന്നപ്പോൾ ഡിംപിൾ മത്സരിച്ചു. ബി.ജെ.പിയുടെ രഘുരാജ് ശാക്യയെ 2.88 ലക്ഷം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് അന്ന് ഡിംപിൾ പരാജയപ്പെടുത്തിയത്.
അഖിലേഷിനെയും ഡിംപിളിനെയും പോലെ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏതാനും ദമ്പതികളെ പരിചയപ്പെടാം.
ഏഴ്, എട്ട് ലോക്സഭകളിലാണ് (1980–1989) സത്യേന്ദ്ര നാരായൺ സിൻഹയും ഭാര്യ കിഷോരി സിൻഹയും ഒന്നിച്ചുണ്ടായിരുന്നത്. ബിഹാറിലെ സമ്പന്ന കുടുംബത്തിൽ നിന്നുള്ളവരായിരുന്നു രണ്ടുപേരും. സ്വാതന്ത്ര്യസമര സേനാനി കൂടിയായ സത്യേന്ദ്ര 1952മുതൽ ഔറംഗാബാദ് മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭ അംഗമായി. 1989 മുതൽ 1990 ഒരു വർഷക്കാലം ബിഹാർ മുഖ്യമന്ത്രിയുമായി അദ്ദേഹം. വൈശാലി മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് കിഷോരി സിൻഹ ഭർത്താവിനൊപ്പം രണ്ടു തവണ ലോക്സഭയിലെത്തിയത്.
ഏഴാം ലോക്സഭയിലാണ്(1980–1984) ചൗധരി ചരൺ സിങ്ങും ഭാര്യ ഗായത്രി ദേവിയും എം.പിമാരായിരുന്നത്. മുൻ പ്രധാനമന്ത്രിയായ ചരൺ സിങ് മൂന്നുതവണ എം.പിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 1980ൽ യു.പിയിലെ ഭാഘ്പട്ട് ആയിരുന്നു തട്ടകം. അതേ വർഷം തന്നെ അദ്ദേഹത്തിന്റെ ഭാര്യയായ ഗായത്രി ദേവി കൈരാന ലോക്സഭ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടു. അങ്ങനെ 1980 മുതൽ 1984 വരെ ഇരുവരും പാർലമെന്റിൽ ഒന്നിച്ചിരുന്നു.
ഏഴാം ലോക്സഭാ തെരഞ്ഞെടുപ്പിലാണ് പ്രഫ. മധു ദന്ദേവാഡെയും ഭാര്യ പ്രമീള ദന്ദേവാഡെയും എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ടത്. അഞ്ച് തവണ എം.പിയായ മധു മുൻ റെയിൽവേ, ധനകാര്യ മന്ത്രിയായിരുന്നു. 1980ൽ ജനതപാർട്ടിയുടെ ടിക്കറ്റിൽ മഹാരാഷ്ട്രയിലെ രാജാപൂർ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ലോക്സഭയിലെത്തിയത്. അദ്ദേഹത്തിന്റെ ഭാര്യ പ്രമീള ബോംബെ നോർത്ത് സെൻട്രൽ മണ്ഡലത്തിൽ നിന്നും ലോക്സഭയിലെത്തി. ജനത പാർട്ടിയുടെ സ്ഥാനാർഥിയായാണ് പ്രമീളയും മത്സരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.