ലഖ്നോ: ഉത്തർപ്രദേശ് കാൺപൂരിലെ നികുതി വകുപ്പിന്‍റെ പരിശോധനയിൽ കോടികളുടെ കള്ളപ്പണം പിടിച്ചെടുത്ത സംഭവത്തിൽ ബി.ജെ.പിക്കെതിരെ ആരോപണങ്ങളുമായി സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. വ്യവസായിയുടെ വീട്ടിൽനിന്നും സ്ഥാപനങ്ങളിൽനിന്നും പിടിച്ചെടുത്ത കോടികളുടെ കള്ളപ്പണം ബി.ജെ.പിയുടേതാണെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. എസ്.പി നേതാവ് പുഷ്പരാജ് ജെയിനിന്‍റെ പേരിനോട് സാദൃശ്യമുള്ള പീയുഷ് ജെയിൻ എന്ന പേരായതിനാൽ 'അബദ്ധ'ത്തിലാണ് പരിശോധന നടത്തിയതെന്നും അദ്ദേഹം ആരോപിച്ചു.
കള്ളപ്പണം പൂഴ്ത്തിവെക്കാനുള്ളതിനാൽ എസ്.പി നോട്ട് നിരോധനത്തെ എതിർത്തുവെന്ന മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. 'യോഗിയായ ഒരാൾ കാവിവസ്ത്രം ധരിച്ച് കള്ളം പറഞ്ഞാൽ, അയാളെ എങ്ങനെ വിശ്വസിക്കും? കാൺപൂരിൽ പിടിച്ചെടുത്ത കള്ളപ്പണം എസ്.പിയുടേതാണെന്നാണ് മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതിലും വലിയ നുണ മറ്റൊന്നില്ല. കൂടാതെ ആർക്കാണ് ഇതിന്‍റെ ഉത്തരവാദിത്തം. ഈ കണ്ടെടുത്ത പണം എവിടെനിന്ന് വന്നു? വിമാനത്തിലോ ട്രെയിനിലോ വന്നതാണോ? എല്ലായിടത്തും അവരുടെ സർക്കാറുണ്ട്. നോട്ട് നിരോധനം പരാജയമായിരുന്നുവെന്ന് ഇത് തെളിയിക്കുന്നു' -അഖിലേഷ് മറുപടി നൽകി.
ഡിസംബർ 22ന് കാൺപൂരിലെ പെർഫ്യൂം വ്യവസായിയായ പീയുഷ് ജെയിനിന്‍റെ വീട്ടിൽനിന്ന് 200 കോടിയിലധികം രൂപയുടെ കള്ളപ്പണവും സ്വർണവുമെല്ലാം പിടിച്ചെടുത്തത് മുതൽ ബി.ജെ.പിയും എസ്.പിയും പരസ്പരം ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും എസ്.പിക്കെതിരെ രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശിലുടനീളം എസ്.പി വിതറിയ അഴിമതിയുടെ ഗന്ധം എല്ലായിടത്തും പരക്കുന്നുണ്ടെന്നായിരുന്നു മോദിയുടെ പരാമർശം. ഇതിന് മറുപടിയായും അഖിലേഷ് യാദവ് രംഗത്തെത്തി.
'ഞങ്ങളുടെ നേതാവ് പുഷ്പരാജ് ജെയിനാണ് എസ്.പിക്കായി പെർഫ്യൂമുകൾ നിർമിച്ചത്. എസ്.പിയുമായി ബന്ധപ്പെട്ടവരുടെ വീട്ടിൽനിന്നാണ് കള്ളപ്പണം പിടിച്ചെടുത്തതെന്ന് ബി.ജെ.പി പരസ്യപ്പെടുത്തി. എന്നാൽ, വൈകിട്ടോടെ മാധ്യമപ്രവർത്തകർക്ക് എസ്.പിയുമായി യാതൊരു ബന്ധവുമില്ലെന്ന് മനസിലായി. അവരുടെ പ്രസ്താവനകൾ തിരുത്തി. തെറ്റായ സ്ഥലത്താണ് റെയ്ഡ് നടന്നത്. ബി.ജെ.പിയുടെ സ്വന്തം വ്യവസായിക്കെതിരെ. പീയുഷ് ജെയിനിന്‍റെ കോൾ റെക്കോഡുകൾ പരിശോധിക്കുകയാണെങ്കിൽ ഒരു ബി.ജെ.പി നേതാവിന്‍റെ പേരെങ്കിലും ലഭിക്കും. അവർ പുഷ്പരാജ് ജെയ്നിന്റെ വീട്ടിൽ റെയ്ഡ് നടത്താൻ ആഗ്രഹിച്ചു, എന്നാൽ പീയുഷ് ജെയിനിന്‍റെ വീട്ടിൽ പരിശോധന നടത്തി. ഇത് ഡിജിറ്റൽ ഇന്ത്യയുടെ തെറ്റായി കാണേണ്ടിവരും' -അഖിലേഷ് യാദവ് മറുപടി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.