ന്യൂഡല്‍ഹി: ലോക്‌സഭാംഗത്വം തിരികെ ലഭിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് നേതാവും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി ഔദ്യോഗിക വസതിയിൽ തിരിച്ചെത്തുന്നു. ഡല്‍ഹി തുഗ്ലക് ലെയ്‌നിലുള്ള വസതി രാഹുലിന് അനുവദിച്ചുകൊണ്ട് ലോക്‌സഭ ഹൗസ് കമ്മിറ്റി ഉത്തരവിറക്കി. നാല് മാസത്തിന് ശേഷമാണ് രാഹുൽ ഇവിടെ തിരിച്ചെത്തുന്നത്. 'മുഴുവന്‍ ഇന്ത്യയും എന്റെ വീടാണ്' എന്നായിരുന്നു ഔദ്യോഗിക വസതി തിരികെ ലഭിച്ചതിനെ കുറിച്ചുള്ള രാഹുലിന്റെ പ്രതികരണം.
മോദി പരാമര്‍ശത്തിലുള്ള അപകീര്‍ത്തി കേസ് നിലനില്‍ക്കുന്നതിനിടെ കഴിഞ്ഞ ഏപ്രിലിലാണ് രാഹുലിന് ഔദ്യോഗിക വസതി ഒഴിയേണ്ടിവന്നത്. ഇന്ത്യയിലെ ജനങ്ങളാണ് തനിക്ക് വീട് നല്‍കിയതെന്നായിരുന്നു അന്ന് രാഹുലിന്റെ പ്രതികരണം. സത്യത്തിന് വലിയ വിലയാണ് കൊടുക്കേണ്ടിവരുന്നതെന്നും അതെത്ര ഭീമമാണെങ്കിലും താന്‍ സത്യത്തിനൊപ്പമേ നിലകൊള്ളൂവെന്നും വീടൊഴിഞ്ഞ ശേഷം രാഹുല്‍ പറഞ്ഞിരുന്നു. പിന്നീട് സോണിയാഗാന്ധിയുടെ പത്ത് ജന്‍പഥിലെ വീട്ടിലായിരുന്നു രാഹുലിന്റെ താമസം.
2019ലെ മോദി പരാമർശത്തിലെ അപകീർത്തിക്കേസിൽ കുറ്റക്കാരനാണെന്ന സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ വിധി സുപ്രീം കോടതി സ്റ്റേ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് തിങ്കളാഴ്ച രാഹുലിന്റെ ലോക്സഭാഗത്വം പുനഃസ്ഥാപിച്ച് ലോക്സഭ സെക്രട്ടേറിയറ്റ് വിജ്ഞാപനമിറക്കിയത്. പിന്നാലെ, രാഹുലിന് വസതി തിരിച്ചു നല്‍കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ലോക്‌സഭ ഹൗസിങ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.