ഇന്ത്യയിൽ ജീവിക്കുന്ന എല്ലാവരും ഹിന്ദുക്കളാണെന്ന വാദം ആവർത്തിച്ച് ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത്. ഇന്ത്യയിൽ ജീവിക്കുന്ന എല്ലാ ആളുകളും സ്വത്വത്തിന്റെ അടിസ്ഥാനത്തിൽ ഹിന്ദുക്കളാണെന്ന് രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) മേധാവി മോഹൻ ഭാഗവത് പറഞ്ഞു. ഹിന്ദുത്വം ഒരു മതമല്ല, മറിച്ച് ഒരു ജീവിതരീതിയാണെന്ന് ആർ.എസ്.എസിന്റെ തത്വശാസ്ത്രം വിശദീകരിച്ചുകൊണ്ട് ഭഗവത് പറഞ്ഞു. ഷില്ലോങ്ങിൽ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഭാഗവത്. എല്ലാ ഇന്ത്യക്കാരും ഹിന്ദുസ്ഥാനിലെ നിവാസികളായതിനാൽ എല്ലാവരും ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു. "ഈ പ്രദേശത്തെ താമസക്കാരെ പരമ്പരാഗതമായി ഹിന്ദുക്കൾ എന്നാണ് വിളിക്കുന്നത്. ഇതിനെ ഭാരതം എന്നും വിളിക്കുന്നു" -രണ്ട് ദിവസത്തെ സന്ദർശനത്തിനായി ശനിയാഴ്ച ഇവിടെയെത്തിയ ഭാഗവത് പറഞ്ഞു.
ഇസ്ലാം മതം പ്രചരിപ്പിച്ച മുഗളന്മാർക്കും ക്രിസ്തുമതം പ്രചരിപ്പിച്ച ബ്രിട്ടീഷ് ഭരണാധികാരികൾക്കും മുമ്പും ഹിന്ദുക്കൾ നിലനിന്നിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആർ.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ ഉയർത്തിക്കാട്ടി ഭാഗവത്, 'ഭാരത് മാതാവിന്റെ' പുത്രന്മാരും ഇന്ത്യൻ പൂർവ്വികരുടെ പിൻഗാമികളും ഇന്ത്യൻ സംസ്കാരത്തിന് അനുസൃതമായി ജീവിക്കുന്നവരുമായ എല്ലാവരെയും 'ഹിന്ദു' എന്ന പദം ഉൾക്കൊള്ളുന്നുവെന്ന് പറഞ്ഞു. മതപരിവർത്തനത്തെക്കുറിച്ചുള്ള ഭയം ഒഴിവാക്കിക്കൊണ്ട്, ഇവിടെയുള്ള എല്ലാവരും ഹിന്ദുക്കളായതിനാൽ ഒരാൾ ഹിന്ദുവാകാൻ മാറേണ്ടതില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷാ കവചമുള്ള ഭാഗവതിന്റെ സന്ദർശനം കണക്കിലെടുത്ത് സംസ്ഥാനത്ത് വിപുലമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.