വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡ്രസ് കോഡ് പ്രധാനം; ഹിജാബ് വിഷയത്തിൽ പ്രതികരിച്ച് അമിത് ഷാ

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഡ്രസ് കോഡ് പ്രധാനമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിവാദത്തിൽ ആദ്യമായാണ് മോദി മന്ത്രിസഭയിൽ നിന്നുള്ള മുതിർന്ന അംഗം പ്രതികരിക്കുന്നത്. കോടതി വിധി എല്ലാവരും അംഗീകരിക്കണമെന്നും അമിത് ഷാ ആവശ്യപ്പെട്ടു.

'എല്ലാ മതവിഭാഗങ്ങളും സ്കൂളുകളിലെ ഡ്രസ് കോഡ് പാലിക്കണമെന്നാണ് എന്‍റെ വ്യക്തിപരമായ അഭിപ്രായം. രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാവരും കോടതി വിധി അനുസരിക്കണം.' അമിത് ഷാ പറഞ്ഞു. ഹിജാബ് വിലക്കിനെതിരായ ഹരജികളിൽ കർണാടക ഹൈകോടതി വാദം തുടരുന്നതിനിടെയാണ് സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ അമിത് ഷാ നിലപാട് വ്യക്തമാക്കിയത്.

സ്കൂള്‍ അധികൃതര്‍ നിര്‍ദേശിക്കുന്ന ഡ്രസ് കോഡ് എല്ലാ വിദ്യാര്‍ഥികളും പാലിക്കണം എന്ന് കർണാടകയിൽ നിന്നുള്ള എം.പി പാര്‍ലമെന്‍ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞിരുന്നു. കര്‍ണാടകയില്‍ ക്രമസമാധാനം ഉറപ്പാക്കണമെന്നും പ്രഹ്ലാദ് ജോഷി ആവശ്യപ്പെട്ടു.

അതേസമയം, ഹിജാബ് വിലക്കിനെതിരായ ഹരജികളിൽ കർണാടക ഹൈകോടതിയുടെ വിശാല ബെഞ്ച് ഇന്നും വാദം കേൾക്കും. ആറാം ദിവസമാണ് ഹരജിയിൽ വാദം നടക്കുന്നത്. ഇന്നും സർക്കാറിന്‍റെ വാദമാണ് കോടതിയിൽ നടക്കുക. കേസുമായി ബന്ധപ്പെട്ട് കൂടുതൽ ഹരജികൾ വിശാല ബെഞ്ചിന് മുന്നിൽ എത്തിയിട്ടുണ്ട്. വിഷയത്തിലെ ഭരണഘടനാ സാധുതയാണ് പരിശോധിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. 

Tags:    
News Summary - All religions have to follow school dress code: Amit Shah on hijab ban

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.