വിവാഹേതര ബന്ധമുണ്ടെന്ന ആരോപണം കുഞ്ഞിന്‍റെ സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ല -കോടതി

ചണ്ഡീഗഢ്: പുരുഷാധിപത്യ സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ സദാചാര അധിക്ഷേപങ്ങൾ സാധാരണയാണെന്നും വിവാഹേതര ബന്ധമുണ്ടെന്ന ഭർത്താവിന്‍റെ ആരോപണം കുട്ടിയെ അമ്മയ്ക്ക് കൈമാറുന്നതിന് തടസ്സമാകില്ലെന്നും പഞ്ചാബ്-ഹരിയാന ഹൈകോടതി. നാലര വയസുള്ള കുട്ടിയുടെ സംരക്ഷണാവകാശം അമ്മയ്ക്ക് നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ഭർത്താവുമായി തെറ്റിക്കഴിയുന്ന വിദേശ ഇന്ത്യക്കാരിയായ സ്ത്രീയാണ് കുട്ടിയുടെ അവകാശത്തിനായി കോടതിയെ സമീപിച്ചത്. എന്നാൽ, ബന്ധുവായ ഒരാളുമായി ഇവർക്ക് വിവാഹേതര ബന്ധമുണ്ടെന്ന് ഭർത്താവ് ആരോപിച്ചു. തങ്ങൾ പിരിയാനുള്ള കാരണവും ഇതാണെന്ന് ഭർത്താവ് ചൂണ്ടിക്കാട്ടി.

എന്നാൽ, ഭാര്യക്ക് വിവാഹേതര ബന്ധമുണ്ടെന്ന ഭർത്താവിന്‍റെ ആരോപണം അടിസ്ഥാനമില്ലാത്തതാണെന്ന് കോടതി നിരീക്ഷിച്ചു. അഥവാ, ഒരു സ്ത്രീക്ക് വിവാഹേതര ബന്ധമുണ്ടെങ്കിൽ പോലും സ്വന്തം കുഞ്ഞിന്‍റെ സംരക്ഷണാവകാശം നിഷേധിക്കാനോ, അവർ നല്ലൊരു അമ്മയല്ലെന്ന് പറയുവാനോ സാധിക്കില്ല -ജസ്റ്റിസ് അനുപീന്ദർ സിങ് ഗ്രേവൽ വ്യക്തമാക്കി.

കുട്ടി ഒരു വർഷമായി പിതാവിനൊപ്പമായിരുന്നു കഴിഞ്ഞത്. താൻ മാതാപിതാക്കളോടൊപ്പമാണ് കഴിയുന്നതെന്നും, ഭാര്യ തനിച്ചാണ് കഴിയുന്നതെന്നും, കുടുംബാന്തരീക്ഷം മാറുന്നത് കുട്ടിയെ ബാധിക്കുമെന്നും ഭർത്താവ് വാദിച്ചെങ്കിലും കോടതി പരിഗണിച്ചില്ല.

ഭാര്യക്ക് വിവാഹേതരബന്ധമുണ്ടെന്നത് ഭർത്താവിന്‍റെ വാദം മാത്രമാണെന്നും ഇത് സാധൂകരിക്കുന്ന ഒരു തെളിവും ഇല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാരണത്താൽ കുട്ടിയുടെ അവകാശം നിഷേധിക്കാനാകില്ല. സംരക്ഷണം അമ്മയ്ക്ക് കൈമാറുന്നതാണ് കുട്ടിയുടെ നന്മയ്ക്കും ക്ഷേമത്തിനും നല്ലതെന്ന് കരുതുന്നുവെന്നും കോടതി പറഞ്ഞു. 

Tags:    
News Summary - Allegation of extramarital affair does not preclude transfer of child to mother -Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.