ന്യൂഡൽഹി: വോട്ടെണ്ണലിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്വാധീനിച്ചുവെന്ന് പറയുന്ന 150 ജില്ലാ വരണാധികാരികളുടെ പട്ടിക സമർപ്പിക്കാൻ തെരഞ്ഞെടുപ്പ് കമീഷൻ കോൺഗ്രസ് നേതാവ് ജയറാം രമേശിനോട് ആവശ്യപ്പെട്ടു. ജില്ല വരണാധികാരികളുടെ ചുമതല വഹിക്കുന്ന കലക്ടർമാർ, ജില്ല മജിസ്ട്രേറ്റുമാർ എന്നിവരിൽ 150 പേരുമായി അമിത് ഷാ സംസാരിച്ചുവെന്നായിരുന്നു കഴിഞ്ഞ ദിവസം കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചത്.
വോട്ടെണ്ണൽ പ്രക്രിയ വിശുദ്ധ പ്രവൃത്തിയാണെന്ന് തെരഞ്ഞെടുപ്പ് കമീഷന് ജയറാം രമേശിന് നല്കിയ നോട്ടീസില്‍ ഓർമിപ്പിച്ചു. എല്ലാ വരണാധികാരികൾക്കും മേൽ സംശയമുണ്ടാക്കുന്ന പ്രസ്താവനയാണ് ഉത്തരവാദിത്തമുള്ള മുതിർന്ന കോൺഗ്രസ് നേതാവിൽനിന്ന് ഉണ്ടായിരിക്കുന്നത്.
ഏതെങ്കിലും തരത്തിൽ സ്വാധീനിക്കാന്‍ ശ്രമിച്ചതായി ഒരു വരണാധികാരിയും റിപ്പോർട്ട് ചെയ്തിട്ടില്ല. അതുകൊണ്ട് അമിത് ഷാ സ്വാധീനിച്ച 150 ജില്ലാ വരണാധികളുടെ വിവരവും വിശദാംശവും ഞായറാഴ്ച വൈകുന്നേരത്തിനകം സമർപ്പിക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെട്ടു.
എക്സിലായിരുന്നു ജയറാം രമേശ് ആരോപണം ഉന്നയിച്ചത്. ബി.ജെ.പി എത്രമേൽ ഉത്കണ്ഠാകുലരാണെന്നാണ് ഇത് വെളിവാക്കുന്നതെന്നും ഉദ്യോഗസ്ഥരെ സമ്മര്‍ദത്തിലാക്കരുതെന്നും ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരെ അമിത് ഷാ വിളിച്ചത് അട്ടിമറി നീക്കമാണെന്നാണ് കോണ്‍ഗ്രസ് ആരോപണം. ആഭ്യന്തരമന്ത്രി ജില്ല മജിസ്ട്രേറ്റുമാരുമായി സംസാരിക്കേണ്ട ആവശ്യം എന്താണെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും ആശങ്ക പ്രകടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.