ന്യൂഡൽഹി: അമർനാഥ് തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് രാഷ്ട്രം. സർക്കാറും പ്രതിപക്ഷ പാർട്ടികളും വിവിധ സംഘടനകളും സാമുദായിക പ്രസ്ഥാനങ്ങളും ഒറ്റക്കെട്ടായി സംഭവത്തെ അപലപിച്ചു. കുറ്റക്കാർക്കെതിരെ കർക്കശ നടപടി ആവശ്യപ്പെട്ടു. രാഷ്ട്രപതി പ്രണബ് മുഖർജി, ഉപരാഷ്ട്രപതി ഹാമിദ് അൻസാരി, പ്രധാനമന്ത്രി നരേന്ദ്ര മോദി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി എന്നിവർ സംഭവത്തിൽ നടുക്കവും വേദനയും പ്രകടിപ്പിച്ചു.
തീർഥാടകർക്കുനേരെയുണ്ടായ ഭീകരാക്രമണത്തെ സംസ്ഥാനത്തെ ജനത ഒറ്റക്കെട്ടായി അപലപിച്ചത് കശ്മീർ സ്വത്വമാണ് വെളിവാക്കുന്നതെന്നും അതിൽ അഭിമാനമുണ്ടെന്നും ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് പറഞ്ഞു. ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കുന്നതിനും പാർലമെൻറിെൻറ വർഷകാല സമ്മേളന നിലപാടുകൾ ചർച്ചചെയ്യുന്നതിനും ചേർന്ന 18 പ്രതിപക്ഷ പാർട്ടികളുടെ യോഗം അമർനാഥ് സംഭവത്തെ അപലപിച്ചു. അമർനാഥ് തീർഥാടകർക്കുനേരെ ആക്രമണം നടന്നത് അങ്ങേയറ്റത്തെ സുരക്ഷാപ്പിഴവാണെന്നും പ്രധാനമന്ത്രി ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഇത്തരത്തിലൊന്ന് വീണ്ടും സംഭവിക്കരുത്. ഭീകരരുടെ ചെയ്തികളാൽ ഇന്ത്യ പീഡിപ്പിക്കപ്പെടരുതെന്ന് അദ്ദേഹം പറഞ്ഞു.
വർഗീയമായ ചേരിതിരിവിന് ആഴംകൂട്ടാൻ ഉദ്ദേശിച്ചാണ് ഇത്തരമൊരു ആക്രമണം നടത്തിയതെന്ന് ഇടതുപാർട്ടികൾ പറഞ്ഞു. തീർഥാടകർക്കുനേരെയുണ്ടായ ആക്രമണം മാനവികതക്ക് എതിരാണെന്ന് ആംനസ്റ്റി ഇൻറർനാഷനൽ പ്രസ്താവനയിൽ പറഞ്ഞു. മനുഷ്യജീവനെ അങ്ങേയറ്റം അനാദരിക്കുന്നതിന് തെളിവാണിത്. കുറ്റക്കാർ ശിക്ഷിക്കപ്പെടാതെ പോകരുത്. അമർനാഥ് തീർഥാടകർക്കുനേരെ നടന്ന ആക്രമണത്തെ ജമാഅത്തെ ഇസ്ലാമി ഹിന്ദ് അപലപിച്ചു. ഹീനകൃത്യത്തിനു പിന്നിൽ പ്രവർത്തിച്ചവരെ പിടികൂടി ശിക്ഷിക്കാൻ സാധിക്കണം. തീർഥാടകർക്കുള്ള സുരക്ഷാക്രമീകരണം വിലയിരുത്തണം. വീഴ്ചയുണ്ടായിട്ടുണ്ടെങ്കിൽ ഉത്തരവാദപ്പെട്ട ഒാഫിസർമാർക്കെതിരെ നടപടി എടുക്കുകയും സുരക്ഷ വർധിപ്പിക്കുകയും വേണമെന്ന് ജമാഅത്തെ ഇസ്ലാമി ഹിന്ദ് സെക്രട്ടറി ജനറൽ മുഹമ്മദ് സലീം എൻജിനീയർ ആവശ്യപ്പെട്ടു.
അമർനാഥ് യാത്രികർക്കുനേരെ നടന്നത് ഹീനമായ കൃത്യമാണെന്ന് വെൽഫെയർ പാർട്ടി പറഞ്ഞു. കശ്മീരി സംസ്കാരത്തിനും സംസ്ഥാനത്ത് കാലങ്ങളായി നിലനിൽക്കുന്ന സാമുദായിക െഎക്യത്തിനും കളങ്കമാണ് ഇത്തരമൊരു സംഭവമെന്ന് പാർട്ടി അധ്യക്ഷൻ ഡോ. എസ്.ക്യു.ആർ. ഇല്യാസ് പറഞ്ഞു. ഭീകരചെയ്തികളെ ശക്തമായി നേരിടുേമ്പാൾതന്നെ, ബന്ധപ്പെട്ട എല്ലാവരുമായും നിരുപാധിക ചർച്ച തുടങ്ങാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളോട് വെൽഫെയർ പാർട്ടി അഭ്യർഥിച്ചു.
രാജ്യത്തെ മൂടുന്ന നിർഭാഗ്യകരമായ അക്രമനാളത്തിെൻറ മറ്റൊരു സൂചകമാണ് ഏറ്റവുമൊടുവിലത്തെ ആക്രമണമെന്ന് കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഒാഫ് ഇന്ത്യ (സി.ബി.സി.െഎ) സെക്രട്ടറി ജനറൽ ബിഷപ് തിയഡോർ മസ്ക്രീനാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.