ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥിത്വത്തിൽ നിന്ന് പ്രതിപക്ഷ സ്ഥാനാർഥിയായ യശ്വന്ത് സിൻഹ പിന്മാറണമെന്ന് അഭ്യർത്ഥിച്ച് ബി.ആർ അംബേദ്കറിന്‍റെ കൊച്ചുമകൻ പ്രകാശ് അംബേദ്കർ. വിവിധ പാർട്ടിയിലുള്ള പട്ടികവിഭാഗം സാമാജികർ എൻ.ഡി.എ സ്ഥാനാർഥിയായ ദ്രൗപതി മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ അഭ്യർഥന.
ഇന്ത്യയിൽ രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോത്രവർഗത്തിൽ പെട്ട ആരും ഇത് വരെ എത്തിയിട്ടില്ല. വിജയിച്ചാൽ രാജ്യത്ത് വരുന്ന ആദ്യ ഗോത്രവർഗ രാഷ്ട്രപതിയായിരിക്കും ദ്രൗപതി മുർമു. നിരവധി പാർട്ടികൾ മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോൾ തന്നെ 60 ശതമാനം വോട്ട് മുർമുവിന് അനുകൂലമായിട്ടുണ്ട്. ജൂലൈ 18നാണ് തിരഞ്ഞെടുപ്പ് നടക്കുക. ജൂലൈ 24ന് രാംനാഥ് കോവിന്ദിന്‍റെ രാഷ്ട്രപതി സ്ഥാനത്തെ കാലാവധി തീരുകയാണ്.
മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്ത്വത്തിലുള്ള ശിവസേനയും മുർമുവിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ഗോത്രവർഗത്തിൽ നിന്ന് രാഷ്ട്രപതി ഉണ്ടാകുന്നതിലുള്ള താൽപര്യം മാനിച്ചാണിതെന്നും ബി.ജെ.പിയെ അനുകൂലിക്കുക അല്ല ഉദ്ദേശമെന്നും ശിവ സേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയിരുന്നു. തുടർന്ന് ശിവ സേന സാമാജികരെ കാണുന്നതിനായുള്ള മുംബൈ യാത്ര യശ്വന്ത് സിൻഹ ഒഴിവാക്കിയിരുന്നു. ഏക്നാഥ് ഷിൻഡെ പക്ഷവും മുർമുവിനാണ് പിന്തുണ അറിയിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.