ബംഗളൂരു: ബംഗളൂരുവിൽ പ്രധാന മന്ത്രി നരേന്ദ്രമോദി നടത്തുന്ന റോഡ് ഷോക്ക് വേണ്ടി റോഡുകൾ തടഞ്ഞത് ആംബുലൻസ് അടക്കമുള്ള അടിയന്തിര സ്വഭാവമുള്ള സർവിസുകളെയും ബാധിച്ചു. മണിക്കൂറുകളോളം നീണ്ട ഗതാഗതക്കുരുക്കാണ് ബംഗളൂരു നഗരത്തിൽ ഇന്ന് രാവിലെ മുതൽ അനുഭവപ്പെട്ടത്. ഇതിനിടയിൽ, അൽപം പോലും മുന്നോട്ടുനീങ്ങാനാവാതെ റോഡിൽ കുടുങ്ങി സൈറൺ മുഴക്കുന്ന ആംബുലൻസിന്റെ വിഡിയോ യൂത്ത് കോൺഗ്രസ് നേതാവ് ശ്രീവത്സ പുറത്തുവിട്ടു.
‘ആംബുലൻസുകൾ കുടുങ്ങി, വിദ്യാർഥികൾ കുടുങ്ങി, നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാരിക്കേഡുകൾ ഉപയോഗിച്ച് പ്രധാന റോഡുകൾ തടഞ്ഞു. പ്രധാനമന്ത്രി മോദിയുടെ 40 കി.മീ റോഡ്‌ഷോ ബംഗളൂരുവിലെ സാധാരണക്കാരെ വളരെയധികം ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹത്തിന് നേരെ ജമന്തിപ്പൂക്കൾ എറിയാനും ആൾക്കൂട്ടം ഉണ്ടെന്ന് കാണിക്കാനും ബിജെപി പ്രവർത്തകർ തടിച്ചുകൂടി! ഇതൊന്നും മോദിജിയെ സഹായിക്കാൻ പോകുന്നില്ല. 40% കമ്മീഷനെ കുറിച്ച് ആളുകൾ ചോദിച്ചപ്പോൾ നിങ്ങൾക്ക് ഉത്തരമില്ലായിരുന്നു. നിങ്ങൾ ബി.ജെ.പി പ്രവർത്തകർക്ക് നേരെ കൈവീശി കാണിക്കുന്നത് സാധാരണക്കാരുടെ വോട്ടിങ്ങിനെ സ്വാധീനിക്കില്ല’ -ആംബുലൻസ് കുടുങ്ങിയ വിഡിയോ പങ്കുവെച്ച് ശ്രീവത്സ ട്വീറ്റ് ചെയ്തു.
റോഡ് ഷോ അരങ്ങേറുന്നതിനാൽ ബംഗളൂരു നഗരത്തിൽ 35 റോഡുകളിലാണ് ഇന്ന് ഗതഗത നിയന്ത്രണം ഏർപ്പെടുത്തിയത്. രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെയാണ് നിയന്ത്രണം. രാജ്ഭവൻ റോഡ്, രമണമഹർഷി റോഡ്, മേക്രി സർക്കിൾ, ജെ.പി നഗർ ആർ.ബി.ഐ ലേഔട്ട്, ജെ.പി നഗർ റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെ.ജെ. നഗർ, ബിന്നി മിൽറോഡ്, ശാലിനി ഗ്രൗണ്ട് ഏരിയ, സൗത് എൻഡ് സർക്കിൾ, അർമുഖം സർക്കിൾ, ബുൾ ടെമ്പിൾ റോഡ്, രാമകൃഷ്ണാശ്രമം, ഉമ തിയറ്റർ, ടി.ആർ മിൽ, ചാമരാജ് പേട്ട് മെയിൻ റോഡ്, ബലെകായി മണ്ഡി, കെ.പി അഗ്രഹാര, മാഗഡി മെയിൻറോഡ്, ചോളരപാളയ, എം.സി സർക്കിൾ, വെസ്റ്റ് ഓഫ് കോർഡ് റോഡ്, എം.സി ലേഔട്ട് ഫസ്റ്റ് ക്രോസ് റോഡ്, എം.സി ലേഔട്ട് -നാഗർഭാവി റോഡ്, ബി.ജി.എസ് ഗ്രൗണ്ട്, ഹാവനൂരു ജങ്ഷൻ, ബസവേശ്വര നഗർ എട്ടാം മെയിൻ റോഡ്, ബസവേശ്വര നഗർ 15 മെയിൻ റോഡ്, ശങ്കരമഠ ജങ്ഷൻ, മോഡി ഹോസ്പിറ്റൽ റോഡ്, നവരങ് ജങ്ഷൻ, എം.കെ.കെ റോഡ്, മല്ലേശ്വരം സർക്കിൾ, സംപിഗെ റോഡ്, സാങ്കി റോഡ് എന്നിവിടങ്ങളിലാണ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയത്.
അതിനിടെ, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും കുടുംബാംഗങ്ങളെയും വധിക്കാൻ ബി.ജെ.പി നേതാക്കൾ ഗൂഢാലോചന നടത്തുന്നതായി കോൺഗ്രസ് നേതാവ് രൺദീപ് സിങ് സുർജേവാല ആരോപിച്ചു. ചിത്താപൂരിലെ ബി.ജെ.പി സ്ഥാനാർഥി മണികാന്ത് റാത്തോഡിന്‍റെ ശബ്ദരേഖ തെളിവായി പുറത്ത് വിട്ടു. ഖാർഗെയുടെ മകൻ പ്രിയങ്കാണ് ഇവിടെ കോൺഗ്രസ് സ്ഥാനാർഥി.
മല്ലികാർജുൻ ഖാർഗെയെ കുറിച്ച് മോശമായി പറയുന്ന മണികാന്ത്, അദ്ദേഹത്തെ തീർത്ത് കളയുമെന്ന് പറയുന്നതും ശബ്ദരേഖയിൽ കേൾക്കാം. രാഷ്ട്രീയത്തിൽ ബി.ജെ.പി നീചമായമാർഗങ്ങൾ തേടുകയാണെന്ന് ആരോപിച്ച സുർജേവാല, തെരഞ്ഞെടുപ്പിൽ സമ്പൂർണ പരാജയം മണക്കുന്നതിന്റെ നിരാശയിലാണ് ബി.ജെ.പി ഇത്തരം ഗൂഢാലോചന നടത്തുന്നതെന്നും ചൂണ്ടിക്കാട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മാനസപുത്രനാണ് വധഭീഷണി മുഴക്കിയ ബിജെപി സ്ഥാനാർഥിയെന്ന് ശബ്ദരേഖ വ്യക്തമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.