ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിെന്റ പകരത്തീരുവ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നതിൽ സമ്മിശ്ര പ്രതികരണം. 15 മുതൽ 20 ശതമാനം വരെ തീരുവയാണ് ഇന്ത്യ പ്രതീക്ഷിച്ചതെങ്കിലും അതിലും ഉയർന്ന നിരക്കാണ് നേരിടേണ്ടി വന്നത്. ഇന്ത്യൻ ഉൽപന്നങ്ങൾക്ക് 27 ശതമാനം തീരുവ ചുമത്തിയത് രാജ്യത്തെ വിവിധ വ്യവസായങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക പ്രകടമാണ്.
അതേസമയം, മറ്റ് ഏഷ്യൻ രാജ്യങ്ങളെ അപേക്ഷിച്ച് തീരുവ കുറഞ്ഞത് ആശ്വാസത്തിനും വക നൽകുന്നതാണ്. ഇന്ത്യൻ കയറ്റുമതിക്ക് കൂടുതൽ അവസരങ്ങൾ ഇതൊരുക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. പകരത്തീരുവ സൃഷ്ടിക്കുന്ന പ്രത്യാഘാതം വിലയിരുത്തിവരുകയാണെന്ന് ധനമന്ത്രാലയം പറഞ്ഞു.
പകരച്ചുങ്കം രാജ്യത്തിെന്റ മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ചയിൽ അരശതമാനത്തിെൻറ കുറവുണ്ടാക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്. സാമ്പത്തിക വളർച്ച ആറ് ശതമാനത്തിലേക്ക് ഒതുങ്ങുമെന്നാണ് നിഗമനം. അമേരിക്കയിലേക്കുള്ള കയറ്റുമതിയിൽ നടപ്പ് സാമ്പത്തിക വർഷം 2-3 ശതമാനം കുറവുണ്ടാകുമെന്നും വിലയിരുത്തുന്നു.
ട്രംപിെന്റ പ്രഖ്യാപനം ഇന്ത്യയിലെ വസ്ത്ര കയറ്റുമതി മേഖലക്ക് ഗുണമാകുമെന്ന് ഈ രംഗത്തുള്ളവർ പറയുന്നു. മറ്റ് ഏഷ്യൻ വസ്ത്ര കയറ്റുമതി രാജ്യങ്ങളെ അപേക്ഷിച്ച് തീരുവ കുറഞ്ഞത് ഇന്ത്യൻ കയറ്റുമതിക്ക് പ്രോത്സാഹനമാകുമെന്നാണ് കരുതുന്നത്. ചൈന, വിയറ്റ്നാം, ബംഗ്ലാദേശ്, കംബോഡിയ, ശ്രീലങ്ക, പാകിസ്താൻ എന്നിവയാണ് വസ്ത്ര കയറ്റുമതി രംഗത്ത് ഇന്ത്യയുടെ മുഖ്യ എതിരാളികൾ. ഈ രാജ്യങ്ങൾക്കെല്ലാം ഇന്ത്യയേക്കാൾ ഉയർന്ന തീരുവയാണ് ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം 3440 കോടി ഡോളറിെന്റ വസ്ത്ര കയറ്റുമതിയാണ് ഇന്ത്യ നടത്തിയത്. ഇതിൽ 32.7 ശതമാനവും അമേരിക്കയിലേക്കായിരുന്നു.
വാഹന കയറ്റുമതിക്കുള്ള തീരുവയും ഇന്ത്യയെ കാര്യമായി ബാധിക്കുന്നതല്ല. ഇന്ത്യയിൽനിന്നുളള വാഹന കയറ്റുമതി വളരെ കുറവാണ് എന്നതാണ് കാരണം. അതേസമയം, വാഹന അനുബന്ധ ഘടക മേഖലക്ക് തീരുവ തിരിച്ചടിയാകും. കഴിഞ്ഞ വർഷം 679 കോടി ഡോളറിെന്റ വാഹന അനുബന്ധ ഘടകങ്ങളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി നടത്തിയത്. സമുദ്രോൽപന്ന കയറ്റുമതിയാണ് തിരിച്ചടി നേരിടുന്ന മറ്റൊരു മേഖല.
കഴിഞ്ഞ വർഷം 738 കോടി ഡോളറിെന്റ കയറ്റുമതിയാണ് ഇന്ത്യ ആകെ നടത്തിയത്. ഇതിൽ 34.53 ശതമാനവും അമേരിക്കയിലേക്കായിരുന്നു. രത്നങ്ങളുടെയും ആഭരണങ്ങളുടെയും കയറ്റുമതിയും വെല്ലുവിളി നേരിടുന്നുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി നടത്തിയത് 990 കോടി ഡോളറിന്റെ രത്നങ്ങളും ആഭരണങ്ങളുമാണ്.
അതേസമയം, ഔഷധ മേഖലയെ തീരുവയിൽനിന്ന് ഒഴിവാക്കിയത് ഇന്ത്യക്ക് ആശ്വാസം നൽകുന്നതാണ്. കഴിഞ്ഞ വർഷം 2790 കോടി ഡോളറിെന്റ മരുന്നുകളാണ് ഇന്ത്യ ആകെ കയറ്റുമതി നടത്തിയത്. ഇതിൽ 31 ശതമാനവും (870) കോടി ഡോളർ അമേരിക്കയിലേക്കായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.