ബിഹാറിൽ മുസ്ലിം, യാദവ ജനസംഖ്യ പെരുപ്പിച്ചുകാട്ടിയെന്ന് അമിത് ഷാ; രാജ്യത്ത് ജാതി സർവേ നടത്താൻ വെല്ലുവിളിച്ച് തേജസ്വി

ന്യൂഡൽഹി: നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള ബിഹാർ സർക്കാറിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംസ്ഥാനത്തെ ജാതി സർവേയിൽ മുസ്ലിംകളുടെയും യാദവരുടെയും ജനസംഖ്യ മനപൂർവം പെരുപ്പിച്ചുകാട്ടിയതായി അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ മഹാഗഡ്ബന്ധൻ സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്നും ഷാ ആരോപിച്ചു.

‘ജെ.ഡി.യു എൻ.ഡി.എ സഖ്യത്തിന്‍റെ ഭാഗമായിരിക്കുന്ന സമയത്താണ് ബിഹാറിൽ ജാതി സർവേ നടത്താനുള്ള തീരുമാനമെടുത്തത്. എന്നാൽ സർവേ നടത്തിയ രീതി നോക്കുമ്പോൾ മഹാഗഡ്ബന്ധൻ സർക്കാറിന്റെ നിഗൂഢ താൽപര്യമാണ് വെളിവാകുന്നത്. സർവേയിൽ മുസ്ലിം, യാദവ ജനസംഖ്യ മനപൂർവം പെരുപ്പിച്ചുകാട്ടിയിരിക്കുന്നു’ -മുസഫർപുരിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെ അമിത് ഷാ പറഞ്ഞു. മറ്റു പിന്നാക്ക വിഭാഗങ്ങളുടെ ക്ഷേമത്തിന് സർക്കാറിന് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ, അമിത് ഷാക്ക് മറുപടിയുമായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് രംഗത്തെത്തി. രാജ്യത്ത് ജാതി സെൻസസ് നടത്താൻ അദ്ദേഹം അമിത് ഷായെ വെല്ലുവിളിച്ചു. ‘സർവേയിൽ മുസ്ലിം, യാദവ് ജനസംഖ്യ മനപൂർവം പെരുപ്പിച്ചുകാട്ടിയെന്നാണ് അമിത് ഷാ പറയുന്നത്. അങ്ങനെയെങ്കിൽ രാജ്യത്തും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലും അദ്ദേഹം ജാതി സർവേ നടത്തട്ടേ’ -തേജസ്വി മാധ്യമങ്ങളോട് പറഞ്ഞു.

ഈ അസംബന്ധ സംസാരങ്ങളെല്ലാം അമിത് ഷാ മാത്രമേ പറയൂ, അദ്ദേഹം ഇവിടെ വരുമ്പോഴെല്ലാം കള്ളവും വിഡ്ഢിത്തവും വിളിച്ചുപറയും, കാരണം അദ്ദേഹത്തിന് മറ്റൊന്നും പറയാനില്ല. സംസ്ഥാനത്ത് നിരവധി ജോലി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും അതിനെക്കുറിച്ചൊന്നും അദ്ദേഹം സംസാരിക്കുന്നില്ലെന്നും തേജസ്വി വിമർശിച്ചു.

Tags:    
News Summary - Amit Shah says Bihar caste survey shows inflated Muslim, Yadav population

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.