ഗ്രാമീണരെ സേന വെടിവെച്ച് കൊന്നതിനെ ന്യായീകരിച്ച് അമിത് ഷാ; പാർലമെന്‍റിൽ പ്രതിപക്ഷ ബഹളം

ന്യൂഡൽഹി: നാഗാലാൻഡിൽ ഗ്രാമീണരെ സുരക്ഷാസേന വെടിവെച്ച് കൊന്ന സംഭവത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര ന്ത്രി അമിത് ഷാ. ആത്മരക്ഷാർഥമാണ് സുരക്ഷാസേന വെടിയുതിർത്തതെന്ന് പാർലമെന്‍റിലെ ഇരുസഭകളിലും നടത്തിയ പ്രസ്താവനയിൽ അമിത് ഷാ പറഞ്ഞു.

ഗ്രാമീണരുടെ ആക്രമണത്തില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെടുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ആത്മരക്ഷാർഥവും ജനക്കൂട്ടത്തെ പിരിച്ചുവിടാനും സുരക്ഷാസേനക്ക് വെടിയുതിര്‍ക്കേണ്ടി വന്നു. ഇത് സാധാരണക്കാരുടെ മരണത്തിന് കാരണമായി. ചിലര്‍ക്ക് പരിക്കേറ്റു. സ്ഥിതിഗതികള്‍ സാധാരണ നിലയിലാക്കാന്‍ പ്രാദേശിക ഭരണകൂടങ്ങളും പൊലീസും ശ്രമിക്കുകയാണ്. നാഗാലാൻഡ് സംഘർഷഭരിതമെങ്കിലും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അമിത് ഷാ വ്യക്തമാക്കി.

തീവ്രവാദികളുടെ നീക്കം നടക്കുന്നുവെന്ന് സേനക്ക് വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് 21 സുരക്ഷാസേനാംഗങ്ങൾ നിലയുറപ്പിച്ചിരുന്നു. ഇതിനിടെ ഒരു വാഹനം സ്ഥലത്തെത്തി. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും മുന്നോട്ട് പോയി. തുടര്‍ന്നാണ് വാഹനത്തിൽ തീവ്രവാദികളാണെന്ന സംശയത്തില്‍ വെടിയുതിര്‍ത്തത്.

വാഹനത്തിൽ ഉണ്ടായിരുന്ന എട്ടു പേരില്‍ ആറു പേര്‍ മരിച്ചു. വാഹനത്തിലുള്ളവർ തീവ്രവാദികളല്ലെന്ന് പിന്നീട് സേനക്ക് ബോധ്യമായി. പരിക്കേറ്റ രണ്ട് ഗ്രാമീണരെ സേന തന്നെയാണ് അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്. സംഭവമറിഞ്ഞ ഗ്രാമീണര്‍ സേനാകേന്ദ്രം വളയുകയും രണ്ട് സൈനിക വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും ചെയ്തു. സേനക്ക് നേരെ ആക്രമണമുണ്ടായെന്നും അമിത് ഷാ വ്യക്തമാക്കി.

സംഭവത്തെ കുറിച്ച് പ്രത്യേക സംഘം അന്വേഷിക്കുമെന്നും ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന തൃപ്തികരമല്ലെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ഹൈകോടതി സിറ്റിങ് ജഡ്ജി വെടിവെപ്പ് അന്വേഷിക്കണമെന്ന് കോൺഗ്രസ് എം.പി മനീഷ് തിവാരി ആവശ്യപ്പെട്ടു.

സുരക്ഷാസേന ന്യായീകരിച്ച കേന്ദ്രമന്ത്രിയുടെ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ലോക്സഭയിലും രാജ്യസഭയിലും ബഹളംവെച്ചു. തൃണമൂൽ കോൺഗ്രസ് ഒഴികെയുള്ള പ്രതിപക്ഷ കക്ഷികൾ ലോക്സഭ നടപടികൾ ബഹിഷ്കരിച്ചു.

Tags:    
News Summary - Amit Shah Says Centre Regrets 14 Nagaland Civilians' Deaths In Army Op

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.