പട്ന: അഴിമതിയിൽ മുങ്ങിക്കുളിച്ചതിനാൽ ജനങ്ങൾക്കിടയിൽ ഇറങ്ങാൻ സാധിക്കാത്തത് കൊണ്ടാണ് യു.പി.എ സഖ്യം ഇൻഡ്യ എന്ന് പേര് മാറ്റിയതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവും തമ്മിലുള്ള സഖ്യം വെള്ളവും എണ്ണയും പോലെ ചേർച്ചയില്ലാത്തതാണെന്നും അധികകാലം അവർക്ക് യോജിച്ച് പോകാനാവില്ലെന്നും അമിത് ഷാ പറഞ്ഞു.
''പുതിയ പേരിൽ ഒരു സഖ്യമുണ്ടാക്കിയിരിക്കുകയാണ് അവരിപ്പോൾ. യു.പി.എ എന്ന പേരിലായിരുന്നു അവർ പ്രവർത്തിച്ചിരുന്നത്. അങ്ങനെ 12 ലക്ഷം കോടിയുടെ അഴിമതി നടത്തി. റെയിൽവേ മന്ത്രിയായപ്പോൾ ലാലു പ്രസാദ് യാദവ് കോടികളുടെ അഴിമതി നടത്തി. അഴിമതിയിൽ മുങ്ങിക്കുളിച്ചതിനാൽ യു.പി.എയുടെ ബാനറിൽ വോട്ട് പിടിക്കാൻ സാധിക്കില്ലെന്ന് അവർക്ക് വ്യക്തമായിക്കഴിഞ്ഞു. അതിനാൽ ഇൻഡ്യ സഖ്യവുമായി എത്തിയിരിക്കുകയാണ്.''-ബിഹാറിലെ റാലിക്കിടെ അമിത് ഷാ ആരോപിച്ചു.
പ്രതിപക്ഷ സഖ്യം സ്വാർത്ഥത നിറഞ്ഞതാണ്. ലാലു പ്രസാദിന് തന്റെ മകനെ മുഖ്യമന്ത്രിയാക്കണം. നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകണം. ഇന്ത്യയിൽ പ്രധാനമന്ത്രിയുടെ ഒഴിവില്ലാത്തതിനാൽ ഇതൊന്നും ഒരിക്കലും നടക്കാൻ പോകുന്നില്ല. നരേന്ദ്രമോദി തന്നെ മൂന്നാംവട്ടവും ഇന്ത്യൻ പ്രധാനമന്ത്രിയാകും.''-അമിത് പറഞ്ഞു.
2024ൽ ബിഹാറിലെ 40 ലോക്സഭ സീറ്റുകളിൽ ബി.ജെ.പി വിജയിക്കുമെന്നും 2019ലെ റെക്കോർഡ് തകർക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. നിലവിലെ സഖ്യം ബിഹാറിനെ അനുദിനം അധഃപതനത്തിലേക്ക് തള്ളിവിട്ടുകൊണ്ടിരിക്കുകയാണ്. വരും നാളുകളിൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.