ചെന്നൈ: പേരറിവാളന്റെ മാതാവ് അർപുതമ്മാൾക്ക് ഇത് സ്വപ്നസാക്ഷാത്കാരം. പേരറിവാളനെ വിട്ടയച്ച ബുധനാഴ്ചത്തെ സുപ്രീംകോടതി വിധിയോടെ കണ്ണീരുകലർന്ന മൂന്ന് ദശാബ്ദത്തെ ഒറ്റയാൾ പോരാട്ടത്തിന് വിരാമമായി.
1991 ജൂൺ 11നാണ് രാജീവ് ഗാന്ധി വധക്കേസിൽ പേരറിവാളൻ അറസ്റ്റിലായത്. രാജീവ് ഗാന്ധിയെ വധിക്കാൻ ഉപയോഗിച്ച ബെൽറ്റ് ബോംബിനുവേണ്ടി രണ്ട് ബാറ്ററികൾ വാങ്ങിനൽകിയെന്ന കുറ്റം ചുമത്തിയാണ് പേരറിവാളൻ നീണ്ടകാലം കാരാഗൃഹത്തിലടക്കപ്പെട്ടത്. ആദ്യം വധശിക്ഷക്ക് വിധിച്ചെങ്കിലും പിന്നീട് ജീവപര്യന്തമായി ഇളവുനൽകി.
മകന്റെ മോചനത്തിനായി അർപുതമ്മാൾ നടത്തിയ നിയമപോരാട്ടത്തിനിടയിൽ തേടാത്ത വഴികളില്ല. മകന്റെ മോചനത്തോടൊപ്പം വധശിക്ഷക്കെതിരെയും ഒറ്റയാൾ സമരം നടത്തിയ അർപുതമ്മാളെ തമിഴകത്തിലെ കോൺഗ്രസ്-ബി.ജെ.പി ഒഴികെ മറ്റെല്ലാ രാഷ്ട്രീയകക്ഷികളും തമിഴ്-സാമൂഹിക-മനുഷ്യാവകാശ സംഘടനകളും പിന്തുണച്ചു. പേരറിവാളൻ ജയിലിൽനിന്ന് രാഷ്ട്രപതിക്കും സുപ്രീംകോടതിക്കും തുടർച്ചയായി ദയാഹരജികൾ അയക്കുമ്പോൾ അർപുതമ്മാൾ ജയിലിന് പുറത്ത് വിശ്രമമില്ലാതെ പോരാടി. ചോദ്യംചെയ്യാനാണെന്ന് പറഞ്ഞാണ് പേരറിവാളനെ പൊലീസ് വിളിച്ചുകൊണ്ടുപോയത്. അറസ്റ്റിലാവുമ്പോൾ പേരറിവാളന് 19 വയസ്സ് മാത്രമായിരുന്നു.
പേരറിവാളന്റെ കുറ്റസമ്മതമൊഴി തിരുത്തിയെന്ന സി.ബി.ഐ മുൻ എസ്.പി ത്യാഗരാജന്റെ ഗുരുതര വെളിപ്പെടുത്തൽ വൻ ഒച്ചപ്പാടിനിടയാക്കി. ബാറ്ററി വാങ്ങിനൽകിയെന്നും എന്നാൽ, അത് എന്തിനാണെന്ന് അറിയില്ല എന്നുമായിരുന്നു യഥാർഥ മൊഴി. ബോംബ് നിർമാണത്തിനാണെന്ന് അറിഞ്ഞുകൊണ്ട് ബാറ്ററി വാങ്ങിക്കൊടുത്തുവെന്ന് ഇത് തിരുത്തിയെന്നായിരുന്നു ത്യാഗരാജന്റെ വെളിപ്പെടുത്തൽ.
തിരുത്തിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോടതി ശിക്ഷ വിധിച്ചത്. പേരറിവാളൻ ഉൾപ്പെടെ പ്രതികളെ വിട്ടയക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് കെ.ടി. തോമസ് ഒരുവർഷം മുമ്പ് സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.