ന്യൂഡൽഹി: ഫേസ്ബുക്ക് സുഹൃത്തിനെ വിവാഹം ചെയ്ത് പാകിസ്താനിലേക്ക് പോയ യുവതി കുട്ടികളെ കാണാനായി ഇന്ത്യയിൽ തിരിച്ചെത്തിയെങ്കിലും ഇപ്പോൾ ഇവർ എവിടെയാണെന്നത് സംബന്ധിച്ച് വിവരമില്ലെന്ന് സൂചന. അഞ്ജു ഇതുവരെ കാണാനെത്തിയിട്ടില്ലെന്നാണ് അവരുടെ മകൾ പറയുന്നത്. രാജസ്ഥാനിലെ ഭീവണ്ടിയിലാണ് അഞ്ജുവിന്റെ മക്കൾ നിലവിലുള്ളത്. ഇവർ ഇതുവരെ ഇവിടെ എത്തുകയോ മക്കളെ കാണുകയോ ചെയ്തിട്ടില്ല.
അഞ്ജുവിന്റെ മക്കൾ താമസിക്കുന്ന റസിഡൻഷ്യൽ സൊസൈറ്റിയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്റലിജൻസ് ബ്യൂറോയിൽ നിന്നുള്ള സംഘം കഴിഞ്ഞ ദിവസം അഞ്ജുവിന്റെ രണ്ട് മക്കളേയും ചോദ്യം ചെയ്തിരുന്നു. അഞ്ജുവുമായി ബന്ധപ്പെട്ടവരെ ചോദ്യം ചെയ്യുകയാണെന്ന് ഭീവണ്ടി അഡീഷണൽ പൊലീസ് സൂപ്രണ്ട് ദീപക് സൈനി പറഞ്ഞു. അഞ്ജുവിനേയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് സൂപ്രണ്ട് അറിയിച്ചു.
വാഗാ അതിർത്തി വഴിയാണ് അഞ്ജു ഇന്ത്യയിലെത്തിയത്. പഞ്ചാബ് പൊലീസും അമൃത്സർ ഇന്റലിജൻസ് ബ്യൂറോയും അഞ്ജുവിനെ ചോദ്യം ചെയ്തിരുന്നു. തുടർന്ന് ബുധനാഴ്ച ഡൽഹിയിലേക്ക് പോകാനുള്ള അനുമതിയും നൽകി.
ഡൽഹിയിലെത്തിയ അഞ്ജുവിനോട് പാകിസ്താനിലെ താമസം ഉൾപ്പടെയുള്ള കാര്യങ്ങളെ കുറിച്ച് മാധ്യമപ്രവർത്തകർ ചോദിച്ചുവെങ്കിലും മറുപടി പറയാൻ തയാറായില്ല. ഭർത്താവ് അരവിന്ദനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തി കുട്ടികളെ പാകിസ്താനിലേക്ക് കൊണ്ടു പോകുന്നതിനായാണ് എത്തിയതെന്നും അഞ്ജു വ്യക്തമാക്കിയിരുന്നു.
അഞ്ജുവുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നായിരുന്നു അരവിന്ദിന്റെ പ്രതികരണം. വിവാഹമോചനത്തിന് മൂന്ന് മാസത്തെ സമയം വേണം. അഞ്ജു ഇതുവരെ തന്നിൽ നിന്നും വിവാഹമോചനം നേടിയിട്ടില്ലെന്നും അരവിന്ദ് വ്യക്തമാക്കി. ഒരു മാസത്തിന് ഇന്ത്യയിൽ തങ്ങുന്നതിനുള്ള എൻ.ഒ.സിയാണ് അഞ്ജുവിന് ലഭിച്ചിരിക്കുന്നത്. വിവാഹമോചനം കഴിയാതെ അഞ്ജുവിന് കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെടാനാവില്ലെന്നാണ് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.