ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഉയർന്ന അഴിമതി ആരോപണത്തിൽ ദുഃഖമുണ്ടെന്ന് ലോക്പാൽ സമരനേതാവ് അണ്ണാ ഹസാരെ. അഴിമതിക്കെതിരെ ശബ്ദമുയർത്തിയാണ് കെജ്രിവാൾ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തെത്തിയത്. അത്തരത്തിൽ ഒരാൾക്കെതിരെ അഴിമതി ആരോപണം ഉയരുന്നത് വേദനിപ്പിക്കുന്നതായും ഹസാരെ പറഞ്ഞു.
അതേസമയം, ശക്തമായ തെളിവുകൾ നൽകാതെ കെജ്രിവാൾ അഴിമതി നടത്തിയെന്ന് പറഞ്ഞാൽ വിശ്വസിക്കാനാവില്ലെന്ന് അദ്ദേഹവുമായി തെറ്റിപ്പിരിഞ്ഞ് സ്വരാജ് ഇന്ത്യ സ്ഥാപിച്ച യോഗേന്ദ്ര യാദവ് പറഞ്ഞു. കെജ്രിവാൾ രാഷ്ട്രീയ അവസരവാദിയെന്നോ അഹങ്കാരിയാണെന്നോ ആരെങ്കിലും പറഞ്ഞാൽ വിശ്വസിക്കാം. അഴിമതി നടത്തിയതിന് തെളിവ് ഉണ്ടെങ്കിലേ വിശ്വസിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാൽ, ഹസാരെയുടെ ആശങ്ക തള്ളിയ ആം ആദ്മി പാർട്ടി നേതാവും മുതിർന്ന മാധ്യമപ്രവർത്തകനുമായ ആശിഷ് ഖേതാൻ അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് കെജ്രിവാൾ മറുപടി പറയേണ്ടതില്ലെന്ന് വ്യക്തമാക്കി. അദ്ദേഹം അഴിമതി നടത്തുമെന്ന് സങ്കൽപിക്കാൻപോലും ആകുന്നില്ലെന്നും ശത്രുക്കൾപോലും അത് വിശ്വസിക്കുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.