കോയമ്പത്തൂർ: ഡി.എം.കെ ഭരണം അവസാനിപ്പിക്കാനുള്ള ശപഥത്തിന്‍റെ ഭാഗമായി വീടിന് മുന്നിൽ സ്വയം ചാട്ടവാറടിയേറ്റ് തമിഴ്നാട് ബി.ജെ.പി അധ്യക്ഷൻ കെ. അണ്ണാമലൈ. നേതാക്കളുടെയും പ്രവർത്തകരുടെയും സാന്നിധ്യത്തിൽ ആറ് തവണ ദേഹത്ത് ചാട്ടവാറടിക്കുകയായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന അനീതികൾക്കെതിരായ തന്‍റെ പ്രതിഷേധമാണിതെന്ന് അണ്ണാമലൈ ചാട്ടവാറടിക്ക് ശേഷം പ്രതികരിച്ചു.
ഡി.എം.കെ ഭരണം അവസാനിക്കാതെ ഇനി ചെരിപ്പിടില്ലെന്ന് ഇന്നലെ വാർത്തസമ്മേളനത്തിൽ അണ്ണാമലൈ ശപഥമെടുത്തിരുന്നു. വാർത്തസമ്മേളനത്തിൽ ചെരിപ്പ് അഴിച്ചുമാറ്റുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ചാട്ടവാറടിയേറ്റത്. ഇത്തരമൊരു സ്വയം പീഡനം തമിഴ് സംസ്കാരത്തിന്‍റെ ഭാഗമാണെന്ന് അണ്ണാമലൈ പറഞ്ഞു.
അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായ സംഭവവുമായി ബന്ധപ്പെട്ടാണ് അണ്ണാമലൈ ഡി.എം.കെ സർക്കാറിനെതിരെ രൂക്ഷ വിമർശനമുയർത്തി രംഗത്തെത്തിയത്. വിദ്യാർഥിനിയെ കുറ്റപ്പെടുത്തുന്ന വിധത്തിലാണ് പൊലീസ് എഫ്.ഐ.ആർ എഴുതിയിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എഫ്.ഐ.ആർ എങ്ങനെയാണ് ചോർന്നത്? എഫ്.ഐ.ആർ ചോർത്തിയാണ് ഇരയുടെ വ്യക്തിത്വം വെളിപ്പെടുത്തിയത്. ഇത്തരമൊരു എഫ്.ഐ.ആർ എഴുതി ചോർത്തിയതിന് പൊലീസും ഡി.എം.കെയും ലജ്ജിക്കണം. നിർഭയ ഫണ്ട് എവിടെപ്പോയി? എന്തുകൊണ്ടാണ് അണ്ണാ യൂണിവേഴ്സിറ്റി കാമ്പസിൽ സിസിടിവി ക്യാമറ ഇല്ലാത്തത് -അണ്ണാമലൈ ചോദിച്ചു.
ഇന്ന് മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വ്രതമെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞിട്ടുണ്ട്. അണ്ണാ യൂണിവേഴ്സിറ്റിയിലെ ബലാത്സംഗത്തിലെ പ്രതി ഡി.എം.കെ പ്രവർത്തകനാണെന്ന് അണ്ണാമലൈ ആരോപിച്ചു. തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും മറ്റ് ഡി.എം.കെ നേതാക്കൾക്കുമൊപ്പം പ്രതി നിൽക്കുന്ന ചിത്രങ്ങളും അണ്ണാമലൈ ഇന്നലെ പത്രസമ്മേളനത്തിൽ പുറത്തുവിട്ടു.
ക്രിസ്മസ് ദിവസം പുലർച്ചെയാണ് ചെന്നൈ അണ്ണാ സർവകലാശാല ക്യാമ്പസിൽ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മർദിച്ച് വീഴ്ത്തിയ ശേഷം വിദ്യാർഥിനിയെ കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഒരു പ്രതി അറസ്റ്റിലായിട്ടുണ്ട്. സർവകലാശാലക്ക് സമീപം പാതയോരത്ത് ബിരിയാണി വിൽക്കുന്ന ജ്ഞാനശേഖരൻ (37) എന്നയാളാണ് പിടിയിലായത്. പ്രതി കുറ്റം സമ്മതിച്ചതായി ചെന്നൈ പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.