ചെന്നൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്ത തമിഴ്നാട് വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ അനുമതി നൽകി മദ്രാസ് ഹൈകോടതി. നേരത്തേ പ്രവേശിപ്പിച്ച തമിഴ്നാട് മൾട്ടിസ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർമാർ ബാലാജിക്ക് അടിയന്തര ഹൃദയശസ്ത്രക്രിയ നടത്തണമെന്ന് പറഞ്ഞിരുന്നു. ഇത് പരിഗണിച്ചാണ് ഉത്തരവ്. സ്ഥിരമായി പരിചരിക്കുന്ന ഡോക്ടർമാരുള്ള ആശുപത്രിയെന്നനിലക്കാണ് മാറ്റം. സ്വന്തം ചെലവിൽ ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിച്ച് ബൈപാസ് ശസ്ത്രക്രിയ നടത്തും.
എന്നാൽ, ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കോടതി തള്ളി. അദ്ദേഹം ജുഡീഷ്യൽ കസ്റ്റഡിയിൽതന്നെ തുടരുമെന്നും മന്ത്രിയെ പരിശോധിക്കാൻ ഇ.ഡി വക ഡോക്ടർമാർക്ക് കൂടി പ്രവേശനം അനുവദിക്കുമെന്നും ജസ്റ്റിസുമാരായ ജെ. നിഷ ബാനു, ഡി. ഭാരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ജൂൺ 28 വരെയാണ് ബാലാജിയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നത്. തന്റെ റിമാൻഡ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബാലാജി നൽകിയ പരാതി നേരത്തേ പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളിയിരുന്നു. പൊലീസ് കസ്റ്റഡിയിൽ വിട്ടുനൽകണമെന്ന ഇ.ഡി ആവശ്യം കോടതി പരിഗണിച്ചിട്ടില്ല. അതേസമയം, അറസ്റ്റിനിടെ ഇ.ഡി ഉദ്യോഗസ്ഥർ മന്ത്രിയോട് മോശമായാണ് പെരുമാറിയതെന്ന് തമിഴ്നാട് മനുഷ്യാവകാശ കമീഷൻ അംഗം വി. കണ്ണദാസൻ കുറ്റപ്പെടുത്തി. മന്ത്രിയെ ആശുപത്രിയിൽ ചെന്ന് കണ്ടപ്പോഴാണ് പരാതിപ്പെട്ടതെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.