ഗുവാഹത്തി: തുറന്ന ഭീഷണി ഒരു മുഖ്യമന്ത്രിക്കു യോജിക്കുന്നതല്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയെ ഓർമിപ്പിച്ച് ഡൽഹി മുഖ്യമന്ത്രിയും എ.എ.പി നേതാവുമായ അരവിന്ദ് കെജ്രിവാൾ. ഏഴുവർഷമായി വൃത്തികെട്ട രാഷ്ട്രീയമാണ് ശർമ കളിക്കുന്നതെന്നും കെജ്രിവാൾ വിമർശിച്ചു. രാഷ്ട്രീയ റാലിയോടനുബന്ധിച്ച് അസമിലെത്തിയതായിരുന്നു കെജ്‍രിവാൾ.
''നേരത്തേ ഹിമന്ത ശർമ പറഞ്ഞത് ഞാൻ കേട്ടു. അദ്ദേഹം എന്നെ ഭീഷണിപ്പെടുത്തിയതാണ്. അസമിലെ ജനങ്ങളെ അദ്ദേഹത്തെ പോലെ അല്ല. അവർ ആതിഥ്യ മര്യാദയുള്ളവരാണ്. അവർ ഭീഷണി മുഴക്കില്ല. ഹിമന്ത ബിശ്വ ശർമ അസമിന്റെ സംസ്കാരവും പാരമ്പര്യവും പഠിക്കുന്നത് നല്ലതായിരിക്കും''-കെജ്രിവാൾ പറഞ്ഞു.
ഞാനദ്ദേഹത്തെ ഡൽഹിയിലേക്ക് എന്റെ അതിഥിയായി ക്ഷണിക്കുന്നു. അദ്ദേഹത്തിന് ചായ നൽകി സത്കരിക്കും. ഡൽഹിയിലുടനീളം കൊണ്ടുനടക്കും. ഇത്തരം ഭീഷണികൾ ഒരു മുഖ്യമന്ത്രിക്ക് ചേരുന്നതല്ല-എന്നായിരുന്നു കെജ്രിവാളിന്റെ മറുപടി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ചുള്ള ചോദ്യങ്ങളും കെജ്രിവാൾ ഉന്നയിച്ചു.
അസം സന്ദർശനത്തോടനുബന്ധിച്ച് കെജ്രിവാളിനെ ഭീരു എന്നാണ് ശർമ വിളിച്ചത്. ഡൽഹി നിയമസഭയുടെ സുരക്ഷിതത്വത്തിൽ ഒളിച്ചിരിക്കുകയാണ് കെജ്രിവാൾ എന്നും പച്ചക്കള്ളമാണ് അദ്ദേഹം ഉരുവിടുന്നതെന്നുമായിരുന്നു ഹിമന്ത പറഞ്ഞത്. നിയമസഭ കെട്ടിടത്തിനു പുറത്ത് വെച്ച് എനിക്കെതിരെ അഴിമതിക്കേസ് ഉണ്ടെന്ന് അദ്ദേഹം പറയട്ടെ. എങ്കിൽ സഹപ്രവർത്തകൻ മനീഷ് സിസോദിയക്ക് എതിരെ കേസെടുത്തതു പോലെ കെജ്രിവാളിന് എതിരെയും ഞാൻ കേസെടുക്കും-ഗുവാഹത്തിയിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഹിമന്ത പറഞ്ഞു. കോവിഡ് കാലത്ത് വിപണി നിരക്കിന് മുകളിൽ പി.പി.ഇ കിറ്റ് വിതരണം ചെയ്യാൻ അസം സർക്കാർ തന്റെ ഭാര്യയുടെ സ്ഥാപനങ്ങൾക്കും മകന്റെ ബിസിനസ് പങ്കാളിക്കും കരാർ നൽകിയെന്നും മനീഷ് സിസോദിയ ആരോപിച്ചിരുന്നു. തുടർന്ന് സിസോദിയക്കെതിരെ ശർമ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.