മോദി വീണ്ടും അധികാരത്തിലെത്തിയാൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റും -കെജ്രിവാൾ

ന്യൂഡൽഹി: പ്രതിപക്ഷ പാർട്ടി നേതാക്കളെ മാത്രമല്ല, സ്വന്തം പാർട്ടിയിലെ ആളുകളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ഉന്നംവെക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. ഒരു രാജ്യം, ഒരു നേതാവ് എന്നത് ദൗത്യമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി, അടുത്തുതന്നെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കെജ്രിവാൾ.

അദ്വാനി, മുരളി മനോഹർ ജോഷി, ശിവരാജ് സിങ് ചൗഹാൻ, വസുന്ധര രാജെ, ഖട്ടാർ, രമൺസിങ് എന്നിവരുടെ രാഷ്ട്രീയ ജീവിതം അവസാനിച്ചു. ഈ പട്ടികയിൽ അടുത്തത് യോഗി ആദിത്യ നാഥ് ആണ്. പ്രധാനമന്ത്രി വീണ്ടും അധികാരത്തിൽ വന്നാൽ രണ്ടുമാസത്തിനകം യു.പി മുഖ്യമന്ത്രിയെ മാറ്റുമെന്നും കെജ്രിവാൾ അവകാശപ്പെട്ടു.

നമ്മുടേത് പഴക്കം ചെന്ന രാജ്യമാണ്. ഏകാധിപതികൾ അധികാരം പിടിച്ചെടുക്കാൻ ശ്രമിച്ചപ്പോഴൊക്കെ ജനങ്ങൾ അവരെ വേരോടെ പിഴുതെറിഞ്ഞ ചരിത്രമാണുള്ളത്. ജനാധിപത്യം ഇല്ലാതാക്കാനാണ് ഇപ്പോൾ ഒരു ഏകാധിപതി ആഗ്രഹിക്കുന്നത്. അത് തടയണമെന്ന് ഞാൻ 140 കോടി ജനങ്ങളോട് അഭ്യർഥിക്കുകയാണ്.

ബി.ജെ.പിക്കുള്ളിലെ അധികാരം ഏറ്റെടുക്കുന്നതിന് പിന്നിലെ എൻജിനീയർമാരാണ് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രി അമിത് ഷായുമെന്നും കെജ്രിവാൾ ആരോപിച്ചു. നിയമ സഭ തെരഞ്ഞെടുപ്പിന് മുമ്പ് ബി.ജെ.പി പല സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ചിറകുകൾ വെട്ടിമാറ്റാൻ ശ്രമിച്ചു.

വെള്ളിയാഴ്ചയാണ് കെജ്രിവാളിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. 50 ദിവസത്തെ ജയിൽ വാസത്തിനു ശേഷം പുറത്തിറങ്ങിയ കെജ്രിവാളിന് വൻ വരവേൽപാണ് ലഭിച്ചത്.

ജൂൺ ഒന്നുവരെ 21 ദിവസത്തെ ജാമ്യമാണ് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരടങ്ങുന്ന ബെഞ്ച് അനുവദിച്ചത്. സെക്രട്ടേറിയറ്റിലേക്കും മുഖ്യമന്ത്രിയുടെ ഓഫിസിലേക്കും പോകരുതെന്ന ഉപാധിയോടെയാണ് ജാമ്യം. 50 ദിവസത്തിനുശേഷമാണ് കെജ്രിവാളിന് ജാമ്യം ലഭിച്ചത്. ഡൽഹി സർക്കാറിന്റെ പഴയ മദ്യനയത്തിൽ അഴിമതി ആരോപിച്ച് രണ്ടു വർഷം മുമ്പ് രജിസ്റ്റർചെയ്ത കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയിൽവെച്ച് ഇ.ഡി നാടകീയമായി അറസ്റ്റ് ചെയ്തത്. അറസ്റ്റ് നിയമവിരുദ്ധവും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ളതാണെന്നും ആരോപിച്ച് കെജ്രിവാൾ നൽകിയ ഹരജി വിചാരണ കോടതിയും ഹൈകോടതിയും നേരത്തേ തള്ളിയിരുന്നു.

Tags:    
News Summary - Arvind Kejriwal's big claim if BJP wins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.