ജയ്പൂർ: രാജസ്ഥാനിൽ എ.ഐ.എം.ഐ.എമിന്‍റെ പുതിയ യൂനിറ്റ് ആരംഭിച്ച് പാർട്ടി തലവൻ അസദുദ്ദീൻ ഉവൈസി. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിന് തന്‍റെ പാർട്ടി എതിരാണെന്ന് ഉദ്ഘാടന വേളയിൽ ഉവൈസി പറഞ്ഞു.
വൈവിധ്യങ്ങളുടെ പേരിൽ അറിയപ്പെടുന്ന രാജ്യമാണ് ഇന്ത്യ. ആ വൈവിധ്യം നമ്മൾ നില നിർത്തണം. രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ പാർട്ടി ഒരിക്കലും അനുകൂലിക്കില്ല- ഉവൈസി പറഞ്ഞു. ഗോവയുൾപ്പടെ പല സ്ഥലങ്ങളിലും ഹിന്ദുക്കൾക്കായി വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യവസ്ഥകൾ നീക്കം ചെയ്യാൻ ബി.ജെ.പി തയാറാണോയെന്നും അദ്ദേഹം ചോദിച്ചു.
2023ൽ നടക്കാനിരിക്കുന്ന രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് പാർട്ടി ഉദ്ദേശിക്കുന്നത്. എന്നാൽ പാർട്ടി മത്സരിക്കുന്ന ആകെ സീറ്റുകളുടെ എണ്ണത്തെക്കുറിച്ചും സംസ്ഥാനത്ത് ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിൽ ഏർപ്പെടുമോയെന്ന കാര്യത്തിലും അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും ഉവൈസി പറഞ്ഞു.
രാജസ്ഥാനിൽ വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പോരാടാൻ പാർട്ടി തീരുമാനിച്ചു. സംസ്ഥാനം നിരവധി പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. എത്ര സീറ്റിൽ മത്സരിക്കുമെന്നും പിന്നീട് ഏതെങ്കിലും പാർട്ടിയുമായി സഖ്യത്തിലേർപ്പെടുമോ തുടങ്ങിയ കാര്യങ്ങളെല്ലാം പിന്നീട് പ്രഖ്യാപിക്കും- ഉവൈസി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.