ഗുവാഹത്തി: ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി സർക്കാർ പണം ചെലവഴിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ബി.ജെ.പിയുടെ പ്രചാരണ പ്രവർത്തനങ്ങൾക്കായി ഹെലികോപ്റ്ററുകളും ചാർട്ടേഡ് വിമാനങ്ങളും വാടക്ക് എടുക്കുന്നതായി സംസ്ഥാന സർക്കാരിന്‍റെ കോടിക്കണക്കിന് രൂപയുടെ ഫണ്ട് ഉപയോഗിച്ചതിന്‍റെ തെളിവുകളാണ് പുറത്ത് വന്നത്. മുഖ്യമന്ത്രി സംസ്ഥാനത്തിനകത്തും പുറത്തും പ്രചാരണത്തിനായി പൊതുപണം ചെലവഴിച്ചതായി അസം സർക്കാരിന്‍റെ വിവരാവകാശ മറുപടികൾ വ്യക്തമാക്കുന്നു.
ഗുവാഹത്തി ആസ്ഥാനമായ ദി ക്രോസ് കറന്‍റ് എന്ന ന്യൂസ് പോർട്ടൽ 2022 ആഗസ്റ്റ് 26ന് സമർപ്പിച്ച വിവരാവകാശ അപേക്ഷയിൽ പാർട്ടി യോഗങ്ങൾക്ക് പുറമെ നിരവധി വിവാഹങ്ങളിൽ പങ്കെടുക്കാൻ നികുതിദായകരുടെ പണം ഉപയോഗിച്ച് ചാർട്ടേഡ് വിമാനങ്ങൾ വാടകക്കെടുത്തതായും പറയുന്നു. സർക്കാർ പരിപാടികൾക്ക് മാത്രമാണ് പൊതുപണം ചെലവഴിച്ചതെന്ന് സെപ്റ്റംബറിൽ ശർമ സർക്കാർ സംസ്ഥാന നിയമസഭയിൽ അവകാശപ്പെട്ടിരുന്നു.
ആദ്യം വിവരാവകാശ അപേക്ഷയോട് സംസ്ഥാന പൊതുഭരണ വകുപ്പ് പ്രതികരിച്ചിരുന്നില്ല. ഇപ്പോഴും പൂർണമായ മറുപടി ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഉപയോഗത്തിനായി ചാർട്ടേഡ് വിമാനങ്ങൾ വാടകക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് അസം ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷനിൽ (എ.ടി.ഡി.സി) പ്രത്യേക വിവരാവകാശ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മാസം പിന്നിട്ടിട്ടും എ.ടി.ഡി.സി ഇതുവരെ മറുപടി നൽകിയിട്ടില്ലെന്ന് ദ വയർ റിപ്പോർട്ട് ചെയ്തു.
സർക്കാർ നൽകിയ വിവരങ്ങൾ ഭാഗികമാണെങ്കിലും മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ നിന്നുള്ള ഫോട്ടോഗ്രാഫിക് തെളിവുകൾ കാണിക്കുന്നത് പാർട്ടിയുടെ സഖ്യകക്ഷികളുടെ സ്ഥാനാർഥികൾക്കായി പ്രചാരണത്തിനായി അസം സർക്കാർ ഫണ്ട് ചെയ്ത ഹെലികോപ്റ്ററുകൾ ഉപയോഗിച്ച് മുഖ്യമന്ത്രി അഞ്ച് തവണയെങ്കിലും തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്നാണ്.
തെരഞ്ഞെടുപ്പ് കമീഷന്‍റെ മാതൃകാ പെരുമാറ്റച്ചട്ടത്തിലെ ഏഴ് (എ) വകുപ്പ് അനുസരിച്ച് മന്ത്രിമാർ അവരുടെ ഔദ്യോഗിക സന്ദർശനത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുമായി യോജിപ്പിക്കരുതെന്നും കൂടാതെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഔദ്യോഗിക യന്ത്രങ്ങളെയോ ഉദ്യോഗസ്ഥരെയോ ഉപയോഗിക്കാൻ പാടില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.