ഗുവാഹത്തി: ബദ്റുദ്ദീൻ അജ്മലിന്റെ എ.ഐ.യു.ഡി.എഫുമായുള്ള സഖ്യം ഉപേക്ഷിക്കുന്നതായി അസം കോൺഗ്രസ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിന്‍റെ ഭാഗമായിരുന്നു എ.ഐ.യു.ഡി.എഫ്. സഖ്യത്തിലുണ്ടായിരുന്ന ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ടുമായുള്ള (ബി.പി.എഫ്) സഖ്യവും ഉപേക്ഷിക്കുന്നതായി കോൺഗ്രസ് അറിയിച്ചിട്ടുണ്ട്.
കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഭൂപൻ ഹോറയുടെ നേതൃത്വത്തിൽ കൂടിയ സമിതിയാണ് തീരുമാനം പ്രഖ്യാപിച്ചത്. എ.ഐ.യു.ഡി.എഫിന്‍റെ ബി.ജെ.പിയുമായുള്ള ബന്ധം കോൺഗ്രസ് പ്രവർത്തകരെ ആശയക്കുഴപ്പത്തിലാക്കുന്നതിനാലാണ് നടപടിയെന്ന് കോൺഗ്രസ് വക്താവ് ബോബീറ്റ ശർമ പ്രതികരിച്ചു.
''എ.ഐ.യു.ഡി.എഫ് നേതൃത്വം ബി.ജെ.പിയെയും മുഖ്യമന്ത്രിയെയും നിഗൂഢകാരണങ്ങളാൽ പുകഴ്ത്തുകയാണ്. ഇത് കോൺഗ്രസിനെ ബാധിച്ചിരിക്കുന്നു. ഇതിനാലാണ് സഖ്യത്തിൽ നിന്നും എ.ഐ.യു.ഡി.എഫിനെ ഒഴിവാക്കുന്നതെന്നും വിഷയം എ.ഐ.സി.സിയെ അറിയിച്ചിട്ടുണ്ടെന്നും ബോബീറ്റ ശർമ പറഞ്ഞു.
എന്നാൽ സഖ്യം ഒഴിഞ്ഞത് ദൗർഭാഗ്യകരമാണെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ഹാഫിസ് ബഷിർ അഹ്മദ് പ്രതികരിച്ചു. ബി.ജെ.പിയുടെ വർഗീയ അജണ്ടകൾക്കെതിരെ ഒന്നിച്ചു നിൽക്കണമെന്നും ചിലരുടെ അഭിപ്രായപ്രകടനങ്ങൾ മുൻ നിർത്തി സഖ്യം തകർക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോൺഗ്രസ്. എ.ഐ.യു.ഡി.എഫ്, ഇടതുപാർട്ടികൾ അടക്കമുള്ള പാർട്ടികൾ ചേർന്ന സഖ്യം തെരഞ്ഞെടുപ്പിൽ 50 സീറ്റുകളാണ് വിജയിച്ചിരുന്നത്. കോൺഗ്രസ് 29 സീറ്റുകളിൽ വിജയിച്ചപ്പോൾ എ.ഐ.യു.ഡി.എഫ് 16 സീറ്റുകളിലാണ് വിജയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.