ഗുവാഹത്തി: അസമിലെ പ്രളയത്തിൽ മരണസംഖ്യ 118 ആയി ഉയർന്നു. കഴിഞ്ഞ ദിവസം വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 10 പേർ കൂടി മരിച്ചതോടെയാണ് മരണസംഖ്യ 118 ആയി ഉയർന്നത്. സംസ്ഥാനത്ത് 30 ജില്ലകളിലായി 45.34 ലക്ഷം ദുരിതബാധിതരാണുള്ളത്. ബെർപാട്ടയിൽ മാത്രം 8.50 ലക്ഷം ആളുകളാണ് ദുരിത ബാധിതർ. നാഗോണിൽ ആഞ്ച് ലക്ഷം പേരും പ്രളയദുരിതത്തിൽപ്പെട്ടു. 717 ദുരിതാശ്വാസ ക്യാമ്പുകളിലായി രണ്ടരലക്ഷം ആളുകളാണുള്ളതെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തുടർച്ചയായ അഞ്ചാം ദിവസവും കഞ്ചാറിലെ സിൽച്ചാർ നഗരം വെള്ളത്തിനടിയിലാണ്.
നിരവധി നദികളിൽ ജലനിരപ്പ് ഉയർന്നിരിക്കുകയാണ്. വെള്ളപ്പൊക്ക മാപ്പിംഗ് നടത്തുന്നതിനായി രണ്ട് ഡ്രോണുകൾ സിൽച്ചാറിൽ വിന്യസിച്ചിട്ടുണ്ട്. പ്രളയബാധിതർക്ക് ദുരിതാശ്വാസ സാമഗ്രികൾ എത്തിക്കാനും ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ട്. ഇറ്റാനഗർ, ഭുവനേശ്വർ എന്നിവിടങ്ങളിൽ നിന്നുള്ള എട്ട് എൻ.ഡി.ആർ.എഫ് ടീമുകളും നാഗാലാൻഡിലെ ദിമാപൂരിൽ നിന്നുള്ള ഇന്ത്യൻ ആർമിയുടെ ഒരു ടീമും നഗരത്തിൽ വിന്യസിച്ചിട്ടുണ്ടെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
സിൽചാറിലെ സാഹചര്യം കണക്കിലെടുത്ത് രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സൈന്യത്തെ സിൽചാറിലേക്ക് അയക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.