മംഗളൂരു: മൂട്ട കടിച്ചതിനെ നിസ്സാരമായി കാണുന്നവരാണ് ഏറെപ്പേരും. എന്നാൽ, ബസ് യാത്രക്കിടെ മൂട്ട കടിച്ച സംഭവത്തിൽ നിയമപോരാട്ടം നടത്തി നഷ്ടപരിഹാരം വാങ്ങിയിരിക്കുകയാണ് മംഗളൂരു സ്വദേശിനി.
ദക്ഷിണ കന്നഡ പാവൂർ സ്വദേശിനി ദീപിക സുവർണക്കാണ് 1.29 ലക്ഷം രൂപ ജില്ല ഉപഭോക്തൃ തർക്ക പരിഹാര കോടതി നഷ്ടപരിഹാരമായി നൽകാൻ വിധിച്ചത്.
ബസ് ഉടമയും യുവതി ടിക്കറ്റ് ബുക്ക് ചെയ്‌ത റെഡ് ബസ് ആപ്പും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. അന്വേഷണത്തിനൊടുവിൽ ഒരുലക്ഷം രൂപ നഷ്ടപരിഹാരം, 10,000 രൂപ നിയമ ചെലവ്, 850 രൂപ ടിക്കറ്റ് ചെലവ്, 18,650 രൂപ പിഴ എന്നിവയടക്കം 1.29 ലക്ഷം രൂപ പരാതിക്കാരിക്ക് നൽകാനാണ് കോടതി വിധിച്ചത്.
ദീപികയും ഭർത്താവ് ശോഭരാജും റെഡ് ബസ് ആപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്‌ത് മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂട്ട കടിച്ചത്.
കന്നഡ ചാനലിലെ റിയാലിറ്റി ഷോ ആയ രാജാറാണിയിൽ മത്സരിക്കാനാണ് ഇരുവരും യാത്രതിരിച്ചത്. ബസ് ജീവനക്കാരനോട് സംഭവം പറഞ്ഞപ്പോൾ ഗൗനിച്ചില്ലെന്ന് പരാതിയിൽ പറയുന്നു. യാത്രയിലുണ്ടായ ഈ അസ്വസ്ഥത ദീപികയുടെ റിയാലിറ്റി ഷോ പ്രകടനത്തെ ബാധിച്ചെന്നും ഇത് ഷോയുടെ പ്രതിഫലം കുറയാൻ ഇടയാക്കിയെന്നാണ് പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.