ഗുവാഹതി: അസമിലെ ധറാങ്ങിൽ കുടിയൊഴിപ്പിക്കലിനെതിരെ പ്രതിഷേധിക്കുന്നതിനിടെ പൊലീസ് വെടിവെച്ച് കൊന്നയാളുടെ ശരീരം ഷൂസിട്ട് ചവിട്ടിമെതിക്കുന്നതിെന്റ ഞെട്ടിക്കുന്ന ദൃശ്യം പുറത്ത്. മരിച്ചയാളുടെ നെഞ്ചിലേക്ക് ഓടിവന്ന് ചവിട്ടുകയും ചാടുകയും ഇടിക്കുകയും ചെയ്യുന്നതാണ് രംഗങ്ങൾ. കാമറയും കൈയിൽ പിടിച്ച് സാധാരണ വേഷം ധരിച്ചയാളാണ് പൊലീസ് ഒത്താശയോടെ കൊടുംക്രൂരത ചെയ്തത്.
ഇതിന്റെ ദൃശ്യം സി.പി.ഐ.എം.എൽ പൊളിറ്റ് ബ്യൂറോ അംഗം കവിത കൃഷ്ണൻ ട്വിറ്ററിൽ പങ്കുവെച്ചു. സംഘർഷ രംഗങ്ങൾ പകർത്താൻ സർക്കാർ നിയമിച്ച കാമറാമാനായ ബിജോയ് ബോണിയ എന്നയാളാണ് കണ്ണിൽചോരയില്ലാത്ത ഈ ക്രൂരകൃത്യം ചെയ്തതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു.
വ്യാഴാഴ്ച രാവിലെയാണ് ധറാങ്ങിലെ സിപാജറിൽ സർക്കാർ കുടിയൊഴിപ്പിച്ച 800ഓളം കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവർക്കുനേരെ പൊലീസ് വെടിവെച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും രണ്ടുപേർ തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. സദ്ദാം ഹുസൈൻ, ശൈഖ് ഫരീദ് എന്നിവരാണ് മരിച്ചത്.
ഇതിൽ ഒരാളുടെ മൃതദേഹമാണ് ക്രൂരമായി അപമാനിക്കപ്പെട്ടത്. വെടിയേറ്റ് നിലത്തുവീണ ഇയാളെ ഇരുപതോളം പൊലീസുകാർ വളഞ്ഞിട്ടു തല്ലുന്നതും ദൃശ്യങ്ങളിൽ കാണാം. ഇതിനിടെയാണ് കാമറയും കൈയിൽ പിടിച്ച ബിജോയ് മൃതദേഹം ചവിട്ടിമെതിക്കുന്നത്. വീഡിയോയുടെ അവസാനം, ഒരു പൊലീസുകാരൻ അയാളെ ആശ്ലേഷിക്കുന്നത് കാണാം.
ബിജോയ് ബോണിയയെ അറസ്റ്റ് ചെയ്തതായി അസം പോലീസ് വ്യാഴാഴ്ച വൈകീട്ട് ട്വിറ്ററിൽ അറിയിച്ചു. അസം ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പ് ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ധറാങ്ങിലെ ജില്ലാ ഭരണകൂടമാണ് ബിജോയിയെ ഫോട്ടോഗ്രാഫറായി നിയമിച്ചതത്രെ.
കവിത കൃഷ്ണൻ ട്വിറ്ററിൽ പങ്കുവെച്ച വിഡിയോ:
(മുന്നറിയിപ്പ്: ഭയാനക രംഗങ്ങൾ ഉള്ളതാണ് പ്രസ്തുത വിഡിയോ)
What protocol orders firing to the chest of a lone man coming running with a stick @DGPAssamPolice @assampolice ? Who is the man in civil clothes with a camera who repeatedly jumps with bloodthirsty hate on the body of the fallen (probably dead) man? pic.twitter.com/gqt9pMbXDq
— Kavita Krishnan (@kavita_krishnan) September 23, 2021
അതേസമയം, കൊലപാതകങ്ങളെക്കുറിച്ചും സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ജുഡിഷ്യൽ അന്വേഷണത്തിന് അസം സർക്കാർ ഉത്തരവിട്ടു. പ്രതിഷേധക്കാർ കല്ലേറു നടത്തുകയും പൊലീസിനെയും മറ്റും ആക്രമിക്കാൻ തുടങ്ങുകയും ചെയ്തപ്പോഴാണ് വെടിവെച്ചതെന്ന് ധറാങ് ജില്ല പൊലീസ് സൂപ്രണ്ട് സുശാന്ത ബിശ്വ ശർമ പറഞ്ഞു. പ്രതിഷേധക്കാരെ പിരിച്ചുവിട്ടശേഷം ധോൽപൂർ മേഖലയിൽ ഒഴിപ്പിക്കൽ തുടർന്നതായും പൊലീസ് പറഞ്ഞു.
ഒഴിപ്പിക്കലിൽ മാറ്റമുണ്ടാവില്ലെന്നും പൊലീസ് അവരുടെ ജോലിയാണ് ചെയ്തതെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ഗുവാഹതിയിൽ പറഞ്ഞു. 800 കുടുംബങ്ങളെ ഒഴിപ്പിച്ച ജില്ല ഭരണകൂടം അനധികൃത നിർമാണമെന്ന് ആരോപിച്ച് സിപാജറിൽ മൂന്നു പള്ളികളും തകർത്തിട്ടുണ്ട്.
കുടിയൊഴിപ്പിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ അസം മൈനോറിറ്റീസ് സ്റ്റുഡൻറ്സ് യൂനിയൻ (എ.എ.എം.എസ്.യു) സംസ്ഥാനത്ത് ബുധനാഴ്ച മനുഷ്യച്ചങ്ങല സൃഷ്ടിച്ചിരുന്നു. ''സിപാജറിൽ മൂന്നുദിവസം മാത്രം സമയം നൽകി നടത്തിയ ന്യൂനപക്ഷ ഒഴിപ്പിക്കലിൽ അനേകം കുടുംബങ്ങൾ വഴിയാധാരമായിരിക്കുകയാണ്. ഇവരെ ഉടൻ പുനരധിവസിപ്പിക്കണം.''-എ.എ.എം.എസ്.യു ജനറൽ സെക്രട്ടറി മുഹമ്മദ് ഇംതിയാസ് ഹുസൈൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.