പട്ന: ആർ.ജെ.ഡിയുമായി നേരത്തേ സഖ്യമുണ്ടാക്കിയത് അബദ്ധമാണെന്ന് ബിഹാർ മുഖ്യമന്ത്രിയും ജനതാദൾ (യു) നേതാവുമായ നിതീഷ് കുമാർ പറഞ്ഞു. സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രഗതി യാത്രയുടെ ഭാഗമായി വടക്കൻ ബിഹാറിലെ മുസാഫർപൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിൽ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമായ നിതീഷ്കുമാറിന് വാതിൽ തുറന്നിട്ടിരിക്കുകയാണെന്ന് ആർ.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ലാലുവിന്റെ പ്രസ്താവനയെ അദ്ദേഹത്തിന്റെ മകനും പാർട്ടി നേതാവുമായ തേജസ്വി യാദവ് നിസ്സാരവത്കരിച്ചെങ്കിലും സഖ്യകക്ഷിയായ കോൺഗ്രസ് പിന്തുണച്ചു.
ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിയാതിരുന്ന ബി.ജെ.പി ജെ.ഡി.യു, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ടി.ഡി.പി തുടങ്ങിയ സഖ്യകക്ഷികളുടെ പിന്തുണയിലാണ് ഭരിക്കുന്നത്.
ആർ.ജെ.ഡി ഭരണകാലത്തെ നിതീഷ് രൂക്ഷമായി വിമർശിച്ചു. ‘‘മുമ്പ് ഭരിച്ചവർ എന്തെങ്കിലും ചെയ്തോ?. ആളുകൾക്ക് വീടിന് പുറത്തിറങ്ങാൻ ഭയമായിരുന്നു. അന്നത്തെ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നു? ജീവിക എന്ന സ്വാശ്രയ സംഘങ്ങളിലൂടെ നാം ഗ്രാമീണ സ്ത്രീകളെ ആത്മവിശ്വാസമുള്ളവരാക്കി. ’’ -നിതീഷ്കുമാർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.