ന്യൂഡൽഹി: മഹാരാഷ്ട്രയിലെ നന്ദേഡിൽ ആർ.എസ്.എസ് പ്രവർത്തകനെന്ന് പറയപ്പെടുന്ന ലക്ഷ്മൺ രാജ്‌കോണ്ടെവാറിന്റെ വീട്ടിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒമ്പത് പ്രതികളെയും സെഷൻസ് കോടതി വെറുതെവിട്ടു. ബോംബ് നിർമാണത്തിനിടെ നടന്ന സ്ഫോടനത്തിൽ രണ്ടുപേർ കൊല്ലപ്പെട്ടുവെന്നായിരുന്നു കേസ്. എന്നാൽ, ബോംബ് സ്ഫോടനംതന്നെയാണ് നടന്നതെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും ഗ്യാസ് സിലിണ്ടറോ മറ്റോ പൊട്ടിത്തെറിച്ചതല്ല എന്ന് പറയാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
2006 ഏപ്രിൽ നാലിന് രാത്രിയുണ്ടായ സ്ഫോടനത്തിൽ രാജ്കോണ്ടെവാറിന്റെ മകൻ നരേഷ് രാജ്കോണ്ടെവാറും വിശ്വഹിന്ദു പരിഷത്ത് പ്രവർത്തകൻ ഹിമാൻഷു പാൻസെയും കൊല്ലപ്പെട്ടിരുന്നു. ഇവരുൾപ്പെടെ 12 പ്രതികളാണ് കേസിലുണ്ടായിരുന്നത്. ഒരാൾ വിചാരണക്കിടെ മരിച്ചു. ജില്ല അഡീഷനൽ സെഷൻസ് ജഡ്ജി സി.വി. മറാത്തെയാണ് ബാക്കി പ്രതികളെ വെറുതെവിട്ട് ഉത്തരവിട്ടത്.
ബോംബ് നിർമാണത്തിനിടെയാണ് സ്ഫോടനമെന്നാണ് നേരത്തേ അന്വേഷണ സംഘം ആരോപിച്ചിരുന്നത്. സംഭവ സ്ഥലത്ത് നിന്ന് ഒരു ബോംബ് കണ്ടെടുത്തുവെന്നും പിന്നീട് നിർവീര്യമാക്കിയെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. മഹാരാഷ്ട്ര തീവ്രവാദവിരുദ്ധ സേന (എ.ടി.എസ്) അന്വേഷിച്ച കേസ് പിന്നീട് സി.ബി.ഐക്ക് വിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.