ന്യൂഡൽഹി: ബി.ജെ.പിയുമായുള്ള സെമി ഫൈനൽ കോൺഗ്രസ് കളഞ്ഞുകുളിച്ചു. തെലങ്കാനയിൽ ബി.ആർ.എസ് സർക്കാറിനോടുള്ള ജനരോഷം ഭാഗ്യവശാൽ അനുകൂലമായി മാറിയതൊഴിച്ചാൽ കോൺഗ്രസിനെ നടുക്കത്തിലേക്കും നിരാശയിലേക്കും തള്ളിവിടുന്നതാണ് നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങൾ. ഭരണമുണ്ടായിരുന്ന രാജസ്ഥാൻ, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലും ബി.ജെ.പി ശക്തമായ ഭരണവിരുദ്ധവികാരം നേരിട്ട മധ്യപ്രദേശിലും ജനവിധിയിൽ അവ്യക്തത പോലും സൃഷ്ടിക്കാൻ കോൺഗ്രസിന് സാധിച്ചില്ല.
കാവിത്തമുള്ള പ്രചാരണത്തിലൂടെ വിജയത്തിലേക്ക് ചാടിക്കടക്കാൻ ബി.ജെ.പിയെ കൈയയച്ചു സഹായിച്ചത് കോൺഗ്രസിന്റെ സംഘടന ദൗർബല്യവും ഉൾപ്പോരുമാണ്. ബി.ജെ.പിയിലും ഉൾപ്പോരുകളുണ്ടായിരുന്നു. മോദിപ്രതാപം കൊണ്ട് അത് മറികടക്കാൻ ബി.ജെ.പിക്ക് സാധിച്ചു. എന്നാൽ പ്രാദേശിക നേതാക്കൾ തെരഞ്ഞെടുപ്പ് നയിക്കുകയും നിയന്ത്രിക്കുകയും ചെയ്ത കോൺഗ്രസിൽ ദേശീയ നേതാക്കൾക്ക് സഹായക റോൾ മാത്രമാണ് ഉണ്ടായിരുന്നത്. നേതൃത്വത്തിന്റെ അനുശാസനങ്ങൾ ഉദ്ദേശിച്ച ഫലം കണ്ടില്ല. അമിതവിശ്വാസത്തിലായിരുന്നു തുടക്കം മുതൽ കോൺഗ്രസ്.
മധ്യപ്രദേശിൽ കേന്ദ്ര-സംസ്ഥാന ഭരണത്തോടുള്ള ശക്തമായ എതിർവികാരം ആവാഹിക്കാൻ ഓടിത്തളർന്ന പടക്കുതിരകളായ കമൽനാഥിനും ദിഗ്വിജയ്സിങ്ങിനും കഴിഞ്ഞില്ല. അവർ കഴിഞ്ഞാൽ എണ്ണിപ്പറയാൻ തക്ക രണ്ടാംനിര നേതാക്കൾ കോൺഗ്രസിന് അവിടെയില്ല. ഒരു വശത്ത് ആർ.എസ്.എസ് എണ്ണയിട്ട യന്ത്രമായി പ്രവർത്തിച്ചപ്പോൾ, പ്രചാരണ യന്ത്രം ചലിപ്പിക്കാൻ താഴെത്തട്ടിൽ ശക്തമായ പാർട്ടി ഘടകങ്ങളും സംവിധാനങ്ങളും കോൺഗ്രസിന് ഉണ്ടായിരുന്നില്ല. അതിനിടയിലും ഇൻഡ്യ പ്രസ്ഥാനത്തെ കരുതി സീറ്റ് വിട്ടുവീഴ്ചകൾക്ക് തയാറായതുമില്ല. രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രക്കോ അദ്ദേഹം അടക്കമുള്ള ദേശീയ നേതാക്കൾക്കോ സംസ്ഥാനത്ത് ചലനമുണ്ടാക്കാൻ കഴിഞ്ഞില്ലെന്ന് ബി.ജെ.പിയുടെ മൂന്നിൽ രണ്ടിനടുത്ത ഭൂരിപക്ഷം തെളിയിക്കുന്നു.
രാജസ്ഥാനിൽ അഞ്ചു വർഷവും അടിച്ചുനീങ്ങിയ അശോക് ഗെഹ്ലോട്ടും സചിൻ പൈലറ്റും അവസാന മണിക്കൂറുകളിൽ ഹൈകമാൻഡ് ഇടപെടലിലൂടെ ചില വേദികളിൽ ഒന്നിച്ചു നിൽക്കുന്നതായിരുന്നു കാഴ്ച. പ്രചാരണം വെവ്വേറെ നീങ്ങി. സചിൻ പൈലറ്റിനെ തഴഞ്ഞതിൽ ഗുർജർ വിഭാഗം മുഖം കറുപ്പിച്ചു. ഏഴ് ഗാരന്റിയുമായി സ്ത്രീ വോട്ട് ലക്ഷ്യമാക്കിയ ഗെഹ്ലോട്ടിന്, മുൻകാല സൗജന്യങ്ങൾ പൂർണമായി ജനങ്ങളിൽ എത്തിക്കാൻ കഴിയാതിരുന്നത് തിരിച്ചടിയായി. ജനരോഷം നേരിടുന്നതു നോക്കാതെ വിശ്വസ്തരായ സിറ്റിങ് എം.എൽ.എമാർക്കെല്ലാം ഗെഹ്ലോട്ട് സീറ്റ് കൊടുത്തപ്പോൾ ഹൈകമാൻഡ് കാഴ്ചക്കാരായി. ചെറുപാർട്ടികൾ കഴിഞ്ഞ തവണത്തെപ്പോലെ തന്നെ ഇക്കുറിയും വില്ലന്മാരായി മാറുകയും ചെയ്തു. ഇതിനെല്ലാമിടയിലും പാളയത്തിലെ പോര് മറച്ചുവെച്ച് തെരഞ്ഞെടുപ്പിൽ നീങ്ങുന്നതിൽ ബി.ജെ.പി വിജയിച്ചു.
ഛത്തിസ്ഗഢിലും വൈകിയ വേളയിൽ ഏച്ചുകെട്ടിയ സൗഹൃദമായിരുന്നു ഭൂപേഷ് ബാഘേലും ടി.എസ്. സിങ്ദേവും തമ്മിൽ ഉണ്ടായിരുന്നത്. ബാഘേലിന്റെ വാക്കിലും നേതൃത്വത്തിലും പൂർണവിശ്വാസം അർപ്പിച്ച് മുന്നോട്ടുനീങ്ങിയ കോൺഗ്രസ്, നക്സൽ-ആദിവാസി മേഖലകളിലെ വോട്ടൊഴുക്ക് കാണാതെപോയി. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം, മോദിയെന്ന ഒറ്റ നേതാവ് പ്രധാന മുഖമായി എവിടെയും നിന്നു. സംസ്ഥാന നേതാക്കളുടെ പ്രതിച്ഛായയിൽ മാത്രം വിശ്വാസമർപ്പിച്ചു നീങ്ങുകയായിരുന്നു കോൺഗ്രസ്.
തെലങ്കാനയിലെ ഫലം കോൺഗ്രസിന് അനുകൂലമെന്ന് പറയുന്നതിനേക്കാൾ, ബി.ആർ.എസിന് എതിരെന്നു വിലയിരുത്തുന്നതാവും ശരി. അത്രമേൽ ഭരണവിരുദ്ധ വികാരമാണ് മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവും കുടുംബവും നേരിട്ടത്. തെലങ്കാന രൂപവത്കരണ നേരത്ത് കോൺഗ്രസിനെ വഞ്ചിച്ച റാവുവിന് ഒമ്പതു കൊല്ലത്തിനുശേഷം തിരിച്ചടി കിട്ടുന്നുവെന്ന സമാശ്വാസം കൂടി കോൺഗ്രസ് അനുഭവിക്കുന്നുവെന്നു മാത്രം. മോദിപ്രതാപ കാലത്തും തെലങ്കാന, കർണാടക, കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ തെക്കേയിന്ത്യൻ സംസ്ഥാനങ്ങൾ ബി.ജെ.പിയോട് പുറംതിരിഞ്ഞുതന്നെ നിൽക്കുന്നത് മറ്റൊരു സമാശ്വാസം.
സെമി ഫൈനലിലെ തിരിച്ചടി നിരവധി സംസ്ഥാന നേതാക്കൾക്കുള്ള തിരിച്ചടി കൂടിയാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയാകാനുള്ള അവസരം അശോക് ഗെഹ്ലോട്ട്, കമൽനാഥ്, ദിഗ്വിജയ്സിങ് എന്നിവർക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടുവെന്നു വേണം കരുതാൻ. തോറ്റ സംസ്ഥാനങ്ങളിൽ ഈ നേതാക്കളെ മുന്നിൽനിർത്തി ലോക്സഭ തെരഞ്ഞെടുപ്പങ്കത്തിന് ഇറങ്ങേണ്ട സ്ഥിതിയിലുമാണ് കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.