നേതാക്കൾ തമ്മിലുള്ള അവിശ്വാസം കോൺഗ്രസിലും ബി.ജെ.പിയിലും തെരഞ്ഞെടുപ്പ് ഏകോപനത്തെ സാരമായി ബാധിച്ചിരിക്കുന്ന രാജസ്ഥാനിൽ ഇത്തവണ മാറ്റമോ, തുടർഭരണമോ?
വംശനാശം നേരിടുന്നവയാണ് ഗോദാവൻ പക്ഷികൾ. രാജസ്ഥാന്റെ ഔദ്യോഗിക പക്ഷി. ‘രാജ’സ്ഥാനിൽ രാജകുടുംബത്തിന്റെ അവസ്ഥയും ഏതാണ്ടൊക്കെ അങ്ങനെ തന്നെയാണ്. രാജകുടുംബത്തോട് ജനങ്ങൾക്കിടയിലുള്ള ഭയഭക്തി സ്വാധീനം അകമ്പടിയാക്കിയാണ് വസുന്ധര രാജെ ചെങ്കോലും കിരീടവുമായി മുഖ്യമന്ത്രിയുടെ സിംഹാസനത്തിൽ രണ്ടുവട്ടം ഇരുന്നത്.
‘രാജ’ഭരണമാണ് നടക്കുന്നതെന്നു വന്നപ്പോൾ പ്രജകൾ മാറിച്ചിന്തിച്ചു. കോൺഗ്രസ് പ്രതീക്ഷക്കൊത്തു വരുന്നില്ലെന്നു കണ്ടപ്പോൾ അവരെയും മടുത്തു. കുറെക്കാലമായുള്ള ഈ പതിവ് രാജസ്ഥാൻ ഇക്കുറിയും തെറ്റിക്കാതിരുന്നാൽ ബി.ജെ.പിക്കാണ് ഭരണം കിട്ടേണ്ടത്.
അങ്ങനെയാണെങ്കിൽക്കൂടി വസുന്ധരക്ക് വീണ്ടും മുഖ്യമന്ത്രിയാകാൻ പറ്റുമോ? അതിനു സാധിക്കില്ലെന്ന് സകലമാന ബി.ജെ.പിക്കാർക്കു മാത്രമല്ല, വസുന്ധരക്കും അറിയാം. ബി.ജെ.പിയുടെ പാളയത്തിലെ ചുവരെഴുത്തുകൾ അങ്ങനെയാണ്. മോദി-അമിത്ഷാമാരുടെ നിയന്ത്രണത്തിൽ ബി.ജെ.പി അമർന്നുപോയ 10 വർഷത്തിനിടയിൽ, അവർക്ക് മാറ്റാനും മായ്ക്കാനും കഴിയാത്ത രാജസ്ഥാനിലെ നേതാവാണ് വസുന്ധര.
പക്ഷേ, നിയമസഭ തെരഞ്ഞെടുപ്പിൽ ജയിക്കുന്നത് ബി.ജെ.പിയാണെങ്കിൽ മറ്റൊരാളെ മുഖ്യമന്ത്രിയാക്കാൻ കൂടിയാണ് ഏഴ് എം.പിമാരെ നിയമസഭയിലേക്ക് മത്സരിപ്പിക്കുന്നത്. വസുന്ധരയുടെ അനുയായികളെ ഒതുക്കി. മുഖ്യമന്ത്രിമുഖം മുന്നോട്ടുവെക്കാതെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് താര പ്രചാരകൻ.
എല്ലാം കേന്ദ്ര നിയന്ത്രണത്തിൽ. ഈ ചുറ്റുപാടുകൾക്കിടയിൽ വസുന്ധരയുടെ സ്വാധീനം ചോരാതിരിക്കണമെങ്കിൽ, മകൻ ദുഷ്യന്തിന് വീണ്ടും പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കണമെങ്കിൽ, രാജസ്ഥാനിൽ ബി.ജെ.പി തോൽക്കണം -അതാണ് യാഥാർഥ്യം.
ബി.ജെ.പി ജയിച്ച്, വംശനാശം നേരിടുന്ന ഗോദാവൻ പക്ഷികളുടെ രാജകുടുംബമാകാൻ താൻപോരിമയുടെ നിറകുടമായ വസുന്ധര ആഗ്രഹിക്കുമോ? രാജസ്ഥാനിലെ മരുക്കാറ്റുപോലെ, വസുന്ധരയുടെ പ്രചാരണത്തിനും തണുപ്പ് അനുഭവപ്പെടാൻ ഇതാണോ കാരണം?
മാന്ത്രികനായ മാൻഡ്രേക്കാണ് കോൺഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്. 200 അംഗ നിയമസഭയിൽ നേർപകുതി കോൺഗ്രസ് എം.എൽ.എമാരുമാർക്കൊപ്പം രംഗപ്രവേശം ചെയ്ത ഗെഹ്ലോട്ട്, മാന്ത്രിക പ്രയോഗങ്ങളിലൂടെയാണ് അഞ്ചുവർഷ കാലാവധി പൂർത്തിയാക്കുന്നത്.
രാജസ്ഥാനിൽ തത്തുല്യ ശക്തിയായിട്ടു കൂടി, അട്ടിമറി വിദഗ്ധരായ ബി.ജെ.പിക്ക് ഗെഹ്ലോട്ടിനെ കസേരയിൽനിന്ന് ഇറക്കാൻ കഴിഞ്ഞില്ല. ബി.ജെ.പി കേന്ദ്രനേതാക്കളിൽനിന്ന് ഭിന്നമായി, അതിന് അമിതാവേശം കാണിക്കാത്ത വസുന്ധര രാജെയോട് ഗെഹ്ലോട്ട് എന്നും കടപ്പെട്ടവനാണ്.
സ്വന്തം പാർട്ടിയിൽ നിന്നുയർന്ന വെല്ലുവിളികൾ അമർച്ച ചെയ്യാനാണ് ഗെഹ്ലോട്ട് പാടുപെട്ടത്. ന്യായമെന്നു വലിയൊരു വിഭാഗം കരുതുന്ന അവകാശവാദവുമായി സചിൻ പൈലറ്റ് വിമത വേഷത്തിൽ നിരന്തരം ഉറക്കമില്ലാ രാത്രികളാണ് ഗെഹ്ലോട്ടിന് നൽകിപ്പോന്നത്.
ഇരിക്കുന്ന കസേര സചിന് കൊടുക്കുന്നതിനേക്കാൾ, ഉറങ്ങാതിരിക്കുന്നതാണ് ഇഷ്ടമെന്ന മട്ടിലായിരുന്നു ഗെഹ്ലോട്ട്. കോൺഗ്രസിന്റെ പരമോന്നതാധ്യക്ഷ പദവി വെച്ചുനീട്ടിയിട്ടും, ഗെഹ്ലോട്ടിന് മുഖ്യമന്ത്രി കസേരയായിരുന്നു വലുത്. കസേര വിടാൻ താൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, കസേരതന്നെ വിടുന്നില്ലെന്ന രാഷ്ട്രീയ വ്യാഖ്യാനമാണ് അദ്ദേഹം നടത്തിയത്.
സചിൻ തലകുത്തി നിന്നിട്ടും, കോൺഗ്രസ് എം.എൽ.എമാരിൽ ബഹുഭൂരിപക്ഷവും ‘അന്നദാതാ’വായ ഗെഹ്ലോട്ടിനുപിന്നിൽ പാറപോലെ ഉറച്ചുനിന്നു.
ബി.എസ്.പിക്കാരായി നിയമസഭയിൽ കാലുകുത്തിയ ആറുപേരെ കോൺഗ്രസാക്കി മാറ്റിയും സി.പി.എമ്മിന്റേതടക്കം പിന്തുണ നേടിയും നിയമസഭയിലെ ഭൂരിപക്ഷം ബലപ്പെടുത്തിയും സചിനെ മൂലക്കാക്കിയും ഹൈകമാൻഡിനെ സമയോചിതം ധിക്കരിച്ചുമെല്ലാം അഞ്ചു വർഷം പിന്നിടുന്ന ഗെഹ്ലോട്ട്, അടുത്ത അഞ്ചുവർഷം കൂടി എന്തുകൊണ്ട് തനിക്ക് പറ്റില്ല എന്ന ചോദ്യവുമായാണ് തെരഞ്ഞെടുപ്പു കളത്തിൽ നിൽക്കുന്നത്.
വാഗ്ദാനപ്പെരുമഴയിൽ ഭരണവിരുദ്ധ വികാരം അലിയിച്ച്, തുടർഭരണം നടപ്പില്ലാത്ത കാര്യമാണെന്ന കാഴ്ചപ്പാട് മാറ്റിയെടുക്കാൻ ഗെഹ്ലോട്ടിന് സാധിച്ചു. എന്നാൽ, ഗെഹ്ലോട്ടിന്റെ ഈ തേരോട്ടത്തിലെ കൂലിപ്പട്ടാളമാകാൻ സചിൻ പൈലറ്റ് എന്ന പ്രതിയോഗി നിന്നുകൊടുക്കുമോ?
സചിന് മുഖ്യമന്ത്രിയാകാനാണെങ്കിൽ ഗെഹ്ലോട്ട് ഈ വിയർപ്പെല്ലാം ഒഴുക്കണോ? ഹൈകമാൻഡിനും വഴങ്ങാത്ത നേതാവായി ഗെഹ്ലോട്ട് നിൽക്കേ, രാജസ്ഥാനിൽ ജയം ഉറപ്പിച്ചുപറയാൻ രാഹുൽ ഗാന്ധി മടിച്ചതിന്റെ പൊരുളെന്ത്?
ഓരോ സീറ്റും ജയപരാജയങ്ങൾ നിർണയിക്കുന്നതിൽ പ്രധാനമായ രാജസ്ഥാനിലെ പോരാട്ടത്തിൽ അടിയൊഴുക്കുകൾക്ക് നിമിത്തമായി തീരാവുന്ന മറ്റു സാഹചര്യങ്ങളും കോൺഗ്രസിനെയും ബി.ജെ.പിയെയും തുറിച്ചുനോക്കുന്നുണ്ട്. അതിൽ പ്രധാനം ചെറുകക്ഷികളുടെ വീറും വാശിയുമാണ്; സീറ്റുകിട്ടാത്ത വിമതന്മാരുടെ ക്ഷുദ്രപ്രയോഗ സാധ്യതകളാണ്.
ഹരിയാനയിലെ സഖ്യകക്ഷിയും ജാട്ട് വോട്ടുകളിൽ സ്വാധീനവുമുള്ള ദുഷ്യന്ത് ചൗതാലയുടെ ജൻനായക് ജനത പാർട്ടി (ജെ.ജെ.പി) ബി.ജെ.പിയോട് ഉടക്കി ശക്തി പരീക്ഷിക്കുന്നത് ബി.ജെ.പിക്ക് ആഘാതമാണ്.
ബി.ജെ.പി മുൻനേതാവ് ഹനുമാൻ ബെനിവാൾ അഞ്ചുവർഷം മുമ്പ് രൂപവത്കരിച്ച രാഷ്ട്രീയ ലോക്താന്ത്രിക് പാർട്ടി (ആർ.എൽ.പി), ദലിത് നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ആസാദ് സമാജ് പാർട്ടിയുമായി കൈകോർത്ത് കൂടുതൽ ഇടങ്ങളിൽ മത്സരിക്കുന്നത് മറ്റൊരു പ്രശ്നം. കഴിഞ്ഞ തവണ മൂന്നു സീറ്റ് പിടിച്ച ആർ.എൽ.പി നിരവധി മണ്ഡലങ്ങളിൽ വോട്ട് ചോർത്തിക്കളയുകയും ചെയ്തതാണ്.
ഇൻഡ്യയെന്ന കൂട്ടായ്മയോടുള്ള കൂട്ടുത്തരവാദിത്തം കാട്ടുന്ന വിധം സീറ്റ് നീക്കുപോക്കുകൾക്ക് തയാറാകാത്ത കോൺഗ്രസിനോടുള്ള അമർഷം കുറുമുന്നണിയെന്നപോലെ സി.പി.എമ്മും മറ്റ് ഇടതുപാർട്ടികളും സമാജ്വാദി പാർട്ടിയും പ്രകടിപ്പിക്കുന്നു. കഴിഞ്ഞ തവണ രണ്ടുസീറ്റിൽ ജയിച്ച സി.പി.എം 17 സീറ്റിൽ മത്സരിക്കുമ്പോൾ, ചില മണ്ഡലങ്ങളിൽ അത് കോൺഗ്രസിന്റെ സാധ്യതകൾ നഷ്ടപ്പെടുത്തിയെന്നുവരാം.
കഴിഞ്ഞ തവണ ജയിച്ച ആറുപേരെയും കോൺഗ്രസ് റാഞ്ചിക്കൊണ്ടുപോയതിന്റെ പകയും വാശിയും ജാഗ്രതയുമായാണ് ബി.എസ്.പി ഇത്തവണ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. ആഞ്ഞു പിടിക്കുന്നില്ലെങ്കിലും, അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം സ്ഥാനാർഥികളും ഒരുകൈ നോക്കുന്നു.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്രരായി ജയിച്ചവരുടെ എണ്ണവും (13) ശ്രദ്ധേയമാണ്. മൊത്തത്തിൽ അവിശ്വാസത്തിന്റെ മരുക്കാറ്റിലാണ് രാജസ്ഥാൻ. മോദിക്കും വസുന്ധരക്കുമിടയിൽ, ഗെഹ്ലോട്ടിനും സചിൻ പൈലറ്റിനുമിടയിൽ, ഗെഹ്ലോട്ടിനും ഹൈകമാൻഡിനുമിടയിൽ, വല്യേട്ടൻ പാർട്ടികൾക്കും ചെറുപാർട്ടികൾക്കുമിടയിൽ, പാർട്ടികൾക്കും വിമതർക്കുമിടയിൽ-അങ്ങനെയെല്ലാം അവിശ്വാസം വീശിയടിക്കുന്നു. അതിനിടയിൽ, അകൽച്ച പറഞ്ഞൊതുക്കിയും വാഗ്ദാനം പറഞ്ഞു കയറ്റിയും വോട്ട് സ്വാധീനിക്കുന്ന അനുനയത്തിന്റെ കരുനീക്കങ്ങൾക്കാണ് അന്തിമ വിജയം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.