ഹാഥറസ് യാത്രക്കിടെ അറസ്റ്റിലായ അതീർഖുർ റഹ്മാന് ഇ.ഡി കേസിലും ജാമ്യം

ലഖ്നോ: യു.പിയിൽ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദലിത് പെൺകുട്ടിയുടെ കുടുംബത്തെ കാണാൻ പോകവെ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞ  വിദ്യാർഥി നേതാവ്  അതീർഖുർ റഹ്മാന് ജാമ്യം. ഇ.ഡി കേസിലാണ് അതീഖിന് അലഹബാദ് ഹൈ കോടതി ജാമ്യം അനുവദിച്ചത്.  യു.എ.പി.എ കേസിൽ ഇദ്ദേഹത്തിന് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. ഇ.ഡി കേസിൽ കൂടി ജാമ്യം ലഭിച്ചതോടെ അതീഖിന് പുറത്തിറങ്ങാൻ സാധിക്കും. അറസ്റ്റിലായി  962 ദിവസങ്ങൾക്കു ശേഷമാണ് അദ്ദേഹം ജയിൽമോചിതനാകുന്നത്. 

യു.പിയിലെ മുസഫർനഗർ സ്വദേശിയായ അതീഖ്, ചൗധരി ചരൺ സിങ് യൂനിവേഴ്‌സിറ്റിയിലെ ലൈബ്രറി സയൻസ് ഗവേഷക വിദ്യാർഥിയാണ്. കാംപസ് ഫ്രണ്ട് മുൻ ദേശീയ ട്രഷററായിരുന്നു.  2020 ആ​ഗസ്റ്റ് അഞ്ചിന് മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനൊപ്പം ഹാഥ്റസിലേക്ക് പോകവെയാണ് യു.പി പൊലീസ് അതീഖുർ റഹ്മാൻ അടക്കമുള്ളവരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്യുന്നത്. ജാമിഅ മില്ലിയ്യ പി.ജി വിദ്യാർത്ഥി മസൂദ് അഹമ്മദ്, ടാക്സി ഡ്രൈവർ മുഹമ്മദ് ആലം എന്നിവരും ഇവർക്കൊപ്പം അറസ്റ്റിലായിരുന്നു. മുഹമ്മദ് ആലമും കാപ്പനും നേരത്തെ ജാമ്യത്തിൽ പുറത്തിറങ്ങിയിരുന്നു.

ജയിലില്‍ കഴിയുന്നതിനിടെ അതീഖുര്‍ റഹ്‌മാന്റെ ഇടതു വശം തളര്‍ന്നുപോയിരുന്നു. ഹൃദ്രോഗിയായ അതീഖുര്‍ റഹ്‌മാന് തുടര്‍ചികില്‍സ ലഭിക്കാതെ ആരോഗ്യം വഷളായി ഇടതുവശം തളര്‍ന്നുപോവുകയും തുടര്‍ന്ന് ലഖ്‌നൗവിലെ കിങ് ജോര്‍ജ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ഇയോർട്ടിക് റിഗർജിറ്റേഷൻ എന്ന ഹൃദയസംബന്ധമായ അസുഖമാണ് അതീഖിന്. ശരീരത്തിന്റെ ഒരുഭാഗം പൂർണമായും തളർന്ന നിലയിലാണെന്നും വലതു കൈയും കാലും അനങ്ങുന്നില്ലെന്നും നേരത്തെ കുടുംബം വെളിപ്പെടുത്തിയിരുന്നു. ഹൃദയവാൽവുകളിൽ സുഷിരം അടയാത്ത അവസ്ഥയെ തുടർന്ന് 2007 മുതൽ ഡൽഹി എയിംസിൽ അതീഖ് ചികിത്സ തേടുന്നുണ്ട്. മാസങ്ങൾക്കുമുൻപ് അതീഖ് ഹൃദയം തുറന്നുള്ള ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.

Tags:    
News Summary - Atikur rahman got bail in ED case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.