ന്യൂഡൽഹി: ക്രിസ്ത്യൻ പള്ളിക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടന പ്രവർത്തകരുടെ ആക്രമണം. ഡൽഹിയിലെ താഹിർപൂരിലെ സിയ്യോൺ പ്രാർഥന ഭവന് നേരെയാണ് ഞായറാഴ്ച പ്രാർഥനക്കിടെ രാവിലെ 10.30നും 11നും ഇടയിൽ ആക്രമണം ഉണ്ടായത്. മുദ്രാവാക്യം വിളിച്ചെത്തിയ അക്രമി സംഘം പള്ളിയിലുണ്ടായിരുന്നവരെ മർദിക്കുകയും ഫർണിച്ചറുകളും സംഗീതോപകരണങ്ങളും തകർക്കുകയും ബൈബിളുകളും ക്രിസ്തുവിന്റെ ചിത്രങ്ങളും നശിപ്പിക്കുകയും ചെയ്തു.
‘ഞങ്ങൾ ഹിന്ദു രാഷ്ട്രം സ്ഥാപിക്കും, ജയ് ശ്രീരാം’ എന്ന് സ്പീക്കറിലൂടെ വിളിച്ചുപറഞ്ഞാണ് സംഘം എത്തിയത്. പ്രാർഥന നിർത്താൻ ആവശ്യപ്പെട്ട സംഘം, രാജ്യം ഇപ്പോൾ മതേതരമല്ലെന്നും നിയമങ്ങൾ മാറിയെന്നും പറഞ്ഞതായി അക്രമത്തിനിരയായവർ ആരോപിച്ചു. അതേസമയം, ചർച്ചിൽ മതപരിവർത്തനത്തിനുള്ള ശ്രമം നടക്കുന്നതായും ഇത് അനുവദിക്കാനാവില്ലെന്നുമാണ് മറുവിഭാഗം പറയുന്നത്.
വൈകീട്ട് ചർച്ച് അധികൃതർ ജി.ടി.ബി എൻക്ലേവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയപ്പോൾ നൂറോളം വരുന്ന ബജ്റംഗ്ദൾ, വി.എച്ച്.പി, ആർ.എസ്.എസ് പ്രവർത്തകർ പൊലീസ് സ്റ്റേഷന് മുമ്പിൽ ഒരുമിച്ച് കൂടുകയും ‘ജയ് ശ്രീറാം’ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ചിലർ പൊലീസ് സ്റ്റേഷനകത്ത് കയറി ജയ് ശ്രീറാം വിളിച്ചതായും പറയുന്നു. വടികളും മറ്റും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും ഇതിന് പിന്നിൽ വിശ്വ ഹിന്ദു പരിഷത്, ബജ്റംഗ്ദൾ പ്രവർത്തകരാണെന്നും ചർച്ച് അധികൃതർ ആരോപിച്ചു.
സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായും ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. സംഭവ സ്ഥലത്ത് മുൻകരുതൽ നടപടികളുടെ ഭാഗമായി സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രതികളെ കണ്ടെത്താൻ പൊലീസ് സുരക്ഷ കാമറകൾ പരിശോധിച്ചു വരുകയാണ്. ഇരുവിഭാഗത്തിന്റെയും പരാതിയിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.