ലഖ്നോ: അയോധ്യയിൽ ബലാത്സംഗകേസ് പ്രതിയുടെ ബേക്കറി തകർത്ത് യു.പി സർക്കാർ. 12കാരിയെ ബലാത്സംഗം ചെയ്തുവെന്ന കേസിലെ കുറ്റാരോപിതന്റെ കടയാണ് യു.പി സർക്കാർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ച് നീക്കിയത്.
സമാജ്വാദി പാർട്ടി നേതാവ് കൂടിയായ പ്രതി മോയിദ് ഖാന്റെ ബേക്കറി അനധികൃതമായാണ് നിർമിച്ചതെന്ന് ആരോപിച്ചായിരുന്നു അയോധ്യ ജില്ല മജിസ്ട്രേറ്റ് ചന്ദ്ര വിജയ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നടപടി. രണ്ട് മുറികൾ അടങ്ങുന്നതാണ് മോയിദ് ഖാന്റെ കെട്ടിടം.
ജൂലൈ 30നാണ് മോയിദ് ഖാനേയും ജോലിക്കാരൻ രാജു ഖാനേയും പൊലീസ് ബലാത്സംഗകേസുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുന്നത്. രണ്ട് പേരും ചേർന്ന് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തുവെന്നാണ് പൊലീസ് കേസ്.
മെഡിക്കൽ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്ന് അറിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്. അതേസമയം, മൊയിദ് ഖാനെ കേസിൽ കുടുക്കുകയാണെന്ന പ്രസ്താവനയുമായി സമാജ്‍വാദി പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജയ് ശങ്കർ പാണ്ഡെ രംഗത്തെത്തി. സമാജ്‍വാദി പാർട്ടിയെ കരിവാരിതേക്കാനുള്ള നീക്കമാണ് കേസിന് പിന്നിൽ. ബി.ജെ.പി സർക്കാർ പ്രതികളുടെ ഡി.എൻ.എ ടെസ്റ്റ് നടത്തി ആരാണ് യഥാർഥ കുറ്റക്കാരെന്ന് കണ്ടെത്തണം. ഇരക്ക് സഹായമായി 20 ലക്ഷം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.