‘അതു ചോർച്ചയല്ല, പണി തീരാത്തതുകൊണ്ടാണ്’; മുഖ്യ പൂജാരിയെ തിരുത്തി അയോധ്യ ക്ഷേത്ര ട്രസ്റ്റ്

അയോധ്യ: രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്ന മുഖ്യപൂജാരിയുടെ ആരോപണത്തിൽ പ്രതികരണവുമായി രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ്. രാമക്ഷേത്രത്തിന്റെ ഡിസൈനിലോ നിർമാണത്തിലോ ഒരു പ്രശ്നവും ഇല്ലെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. ക്ഷേത്ര കോംപ്ലെക്സിന്റെ നിർമാണം പൂർത്തിയാകാത്തത് കൊണ്ട് ഉണ്ടായ പ്രശ്നമാവും ഇതെന്നും ട്രസ്റ്റ് വിശദീകരിക്കുന്നുണ്ട്.

രാമക്ഷേത്രത്തിൽ ചോർച്ചയുണ്ടെന്ന മുഖ്യപൂജാരിയുടെ പരാതിക്ക് പിന്നാലെ രാമക്ഷേത്ര ട്രസ്റ്റിന്റെ ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര ക്ഷേത്രത്തിൽ പരിശോധന നടത്തിയിരുന്നു.തുടർന്ന് നിർമാണത്തിൽ അപകാതയില്ലെന്ന് അറിയിക്കുകയായിരുന്നു. ക്ഷേത്ര ശ്രീകോവിലിനുള്ളിൽ വെള്ളം വരുന്നുണ്ടെന്ന ആരോപണവും അദ്ദേഹം നിഷേധിച്ചു. വൈദ്യുതി കമ്പികൾ സ്ഥാപിക്കാനായുള്ള പൈപ്പുകളിൽ നിന്നാണ് വെള്ളം ഒഴുകിയതെന്നും അദ്ദേഹം വിശദീകരിച്ചു.

ക്ഷേത്രത്തിന്റെ രണ്ടാംനിലയുടെ പണി ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. അതിന്റെ നിർമാണം പൂർത്തിയായാൽ ക്ഷേത്രത്തിനുള്ളിലേക്ക് വെള്ളം വരുന്നത് നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീകോവിലിന് കിഴക്ക് ഭാഗത്തുള്ള മണ്ഡപത്തിന്റെ പണി പൂർത്തിയാക്കിയ ശേഷം രണ്ടാംനിലയുടെ മേൽക്കൂരയുടെ നിർമാണവും നടത്തും. ഇതോടെ വെള്ളം വരുന്നത് നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു.

താൽക്കാലികമായി മണ്ഡപം മൂടിയാണ് ഇപ്പോൾ ഭക്തർക്ക് ദർശനത്തിനുള്ള സൗകര്യമൊരുക്കിയിരിക്കുന്നത്. ക്ഷേത്രത്തിലെ ഇലക്ട്രിക്കൽ, വാട്ടർ പ്രൂഫിങ്, തറയുടെ ജോലികൾ എന്നിവ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് പൂർത്തിയായാൽ വൈദ്യുതികമ്പികൾക്ക് വേണ്ടി ഇട്ടിട്ടുള്ള പെപ്പുകളിലൂടെ വെള്ളം വരുന്നത് നിൽക്കുമെന്നും ട്രസ്റ്റ് അവകാശപ്പെട്ടു. ഈ പണികൾ ഉടൻ പൂർത്തിയാക്കുമെന്നും ക്ഷേത്ര ട്രസ്റ്റ് അറിയിച്ചു.

അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞിരുന്നു. അഞ്ച് മാസം മുൻപ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ഇത്ര വേഗം ചോർച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്ന് ആചാര്യ സത്യേന്ദ്ര ദാസ് പറഞ്ഞു.

'ജനുവരി 22നാണ് ക്ഷേത്രത്തിൽ പ്രാണപ്രതിഷ്ഠ നടന്നത്. എത്രയോ എൻജിനീയർമാർ ഇവിടെയുണ്ടായിരുന്നു. എന്നിട്ടും ചോരുന്നുവെന്നത് ആശ്ചര്യമാണ്. മേൽക്കൂരയിൽ നിന്നും വെള്ളം ചോർന്നൊലിക്കുന്നു. ഇങ്ങനെ സംഭവിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല' -ആചാര്യ സത്യേന്ദ്ര ദാസ് വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

'ആദ്യ മഴയിൽ തന്നെ രാംലല്ലയുടെ വിഗ്രഹം സ്ഥാപിച്ച ശ്രീകോവിലിന്‍റെ മേൽക്കൂര ചോർന്നൊലിക്കാൻ തുടങ്ങി. ഈ വെള്ളം ഒഴുകിപ്പോകാനുള്ള ഒരു സൗകര്യവുമില്ല. വിഷയത്തിൽ അതീവ ശ്രദ്ധചെലുത്തണം. കനത്ത മഴ പെയ്താൽ മേൽക്കൂരക്ക് താഴെ പ്രാർഥന നടത്തുന്നത് ബുദ്ധിമുട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.

Tags:    
News Summary - Ayodhya Temple Trust Rejected Chief Priest's Water Leak Concerns,

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.