പട്ന:രാഷ്ട്രീയത്തിന് നല്ല വളക്കൂറുള്ള മണ്ണാണ് ബിഹാറിലേത് എന്നാണ് പൊതുവെ പറയാറുള്ളത്. സംസ്ഥാനത്തെ 40 ലോക്സഭ മണ്ഡലങ്ങളിൽ ഇക്കുറി എല്ലാവരും ഉറ്റുനോക്കുന്നത് ബേഗുസരായിയിലേക്കാണ്.സി.പി.െഎ സ്ഥാനാർഥിയും ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യൂനിയൻ മുൻ പ്രസിഡൻറുമായ കനയ്യ കുമാറും കേന്ദ്രമന്ത്രി ഗിരിരാജ് സിങ്ങും തമ്മിലാണ് ഇവിടെ പ്രധാന മത്സരം. ബോളിവുഡ് താരം ശത്രുഘൻ സിൻഹയും മോദി സർക്കാറിലെ കരുത്തനായ രവിശങ്കർ പ്രസാദും മാറ്റുരക്കുന്ന പട്ന സിറ്റിയേക്കാൾ രാഷ്ട്രീയ നിരീക്ഷകർ പ്രാധാന്യം കൽപിക്കുന്നത് ബേഗുസരായിയിലെ മത്സരത്തിനാണ്. ലോകത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാർട്ടിയെന്നവകാശപ്പെടുന്ന ബി.ജെ.പിയുടെ സ്ഥാനാർഥിയാണ് ഗിരിരാജ് സിങ് എങ്കിൽ 2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഒരു ശതമാനം വോട്ട് മാത്രം ലഭിച്ച സി.പി.െഎയെയാണ് കനയ്യ കുമാർ പ്രതിനിധാനം ചെയ്യുന്നത്.
സ്വാഭാവികമായും യാഥാസ്ഥിതിക ഹിന്ദുത്വ വാദത്തിെൻറ വക്താവാണ് ഗിരിരാജ് സിങ്. കനയ്യ കുമാറാകെട്ട നരേന്ദ്ര മോദിക്കെതിരായ ചെറുത്തുനിൽപിെൻറ പ്രതീകവും. രാജ്യദ്രോഹക്കുറ്റവും അദ്ദേഹം നേരിടുന്നു. അതുകൊണ്ടുതന്നെ താൻ ഭരണകൂടത്തിെൻറ ഇരയാണെന്ന വാദം കനയ്യ കുമാർ ഉയർത്തുന്നു. ബേഗുസരായി മണ്ഡലത്തിന് ആഴത്തിലുള്ള കമ്യൂണിസ്റ്റ് പശ്ചാത്തലമുണ്ട്. ബിഹാറിലെ മോസ്കോ എന്നായിരുന്ന ബേഗുസരായി പണ്ട് അറിയപ്പെട്ടിരുന്നത്. 2014ൽ ബി.ജെ.പിയുടെ ദോലസിങ് ആണ് മണ്ഡലത്തെ പ്രതിനിധാനം ചെയ്തതെങ്കിലും അദ്ദേഹം പഴയ സി.പി.െഎക്കാരനാണ്. മുൻ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിെൻറ ആർ.ജെ.ഡി തൻവീർ ഹസൻ എന്ന മുസ്ലിം സ്ഥാനാർഥിയെ രംഗത്തിറക്കിയതോടെ ബേഗുസരായിയിലെ തെരഞ്ഞെടുപ്പ് സമവാക്യങ്ങൾക്ക് മറ്റൊരു മാനവും വന്നു. 2014ൽ രണ്ടാം സ്ഥാനാർഥിയായിരുന്ന ഹസൻ, യാദവ, മുസ്ലിം വോട്ടുകൾ നന്നായി പിടിക്കുമെന്നാണ് കണക്കുകൂട്ടൽ.
വികസനം, നരേന്ദ്ര മോദിയുടെ നേതൃത്വം, സായുധ സേനയുടെ വീര്യം, ഹിന്ദുത്വം തുടങ്ങിയ പതിവ് ബി.ജെ.പി തന്ത്രങ്ങൾതന്നെയാണ് ഗിരിരാജ് പയറ്റുന്നത്. കനയ്യ കുമാറിെൻറ തേരോട്ടമാകെട്ട, നവീനവും വ്യത്യസ്തവുമായ രീതിയിലാണ്. ജിഗ്നേഷ് മേവാനി ഉൾപ്പെടെ കെ.എൻ.യുവിലെ പഴയ പടക്കുതിരകളെ അദ്ദേഹം രംഗത്തിറക്കിക്കഴിഞ്ഞു. വിപ്ലവ ഗാനങ്ങളുമായി കനയ്യകുമാർ തന്നെ ആളുകളെ ആകർഷിക്കുന്നുണ്ട്. ലാലുപ്രസാദ്, ഹസനെ രംഗത്തിറക്കിയത് ബി.ജെ.പിയെ സഹായിക്കുമെന്ന് കനയ്യയെ പിന്തുണക്കുന്നവർ ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.