പച്ചയിറച്ചി കത്തിയെരിഞ്ഞ ഗന്ധം, ജീവനും കൊണ്ട് ചിതറി പാഞ്ഞ ജനക്കൂട്ടം, ജഡങ്ങളില്‍ ആഴ്ന്നിറങ്ങിയ മുറിവുകള്‍, കുഞ്ഞിനെ ഊട്ടുന്നതിനിടയില് വെടിയേറ്റ് ഊര്‍ന്നു വീഴുന്ന ഒരമ്മ.... കാല്‍നൂറ്റാണ്ട് കഴിഞ്ഞിട്ടും ആ ചിത്രങ്ങളും ഓര്‍മയും മീന മേനോെൻറ മനസ്സില്‍നിന്ന് മായുന്നില്ല. ‘ഇനിയെട്ടു മായുകയുമില്ല’- സെൻറ് സേവ്യര്‍ കോളജിലെ കാൻറീനിലിരുന്നു മുംബൈ കലാപകാലത്തെ പത്രപ്രവര്‍ത്തന അനുഭവങ്ങള്‍ ‘മാധ്യമ’വുമായി പങ്കുവെക്കവെ അവര്‍ പറഞ്ഞു. മുംബൈ കലാപവുമായി ബന്ധപ്പെട്ട ‘റയട്സ് ആന്‍ഡ് ആഫ്റ്റര്‍ ഇന്‍ മുംബൈ: ക്രോണിക്ള്‍സ് ഓഫ് ട്രൂത്ത് ആന്‍ഡ് റികൺസിലിയേഷന്‍ ’ ഉൾപെടെ ഗ്രന്ഥങ്ങളും അവരുടേതായുണ്ട്.
ബാബരി തകര്‍ക്കപ്പെട്ടതിന് പിന്നാലെ തുടങ്ങിയ മുംബൈ കലാപം ഒരാഴ്ച പിന്നിട്ടപ്പോഴാണ് അതുവരെ രാത്രി ഡ്യൂട്ടിയിലായിരുന്ന മീന വിവരങ്ങള്‍ നേരിലൊപ്പാന് ഇറങ്ങുന്നത്. രാജ്യം കണ്ട വലിയ കലാപത്തില്‍ പൊലീസ് പറയുന്ന 10-20 പേരെന്ന മരണ കണക്കുകളുടെ സത്യാവസ്ഥ തേടി മോര്ച്ചറികളിലേക്കാണ് ആദ്യം പോയത്. ജുഹു, കൂപ്പര്‍ ഹോസ്പിറ്റലിലെ നീണ്ട ഇടനാഴിയിലും ജെ.ജെ. ഹോസ്പിറ്റലിെൻറ മുറ്റത്തും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ഊഴം കാത്തുകിടക്കുന്ന കാഴ്ച. മൃതദേഹങ്ങള്‍ ഓരൊന്നായി എണ്ണിയാണ് പൊലീസ് കണക്കുകള്‍ പൊളിച്ചത്. 92 ഡിസംബറില്‍ 500ഓളം പേര് കൊല്ലപ്പെട്ടിട്ടുണ്ട്.
പലതും നേരില്‍ കണ്ടെങ്കിലും മനസ്സില്‍ പേറി മായാതെ കിടക്കുന്നത് സഹപ്രവര്‍ത്തക നേരിൽകണ്ട് വിവരിച്ച സംഭവമാണെന്ന് മീന പറയുന്നു. ജെ.ജെ പരിസരത്ത് പൊലീസ് വെടിവെക്കുകയാണ്. ഒരു ഫ്ലാറ്റില്‍ കുഞ്ഞിനെ ഊട്ടുകയായിരുന്ന അമ്മക്കു നേരെയും അവര്‍ വെടിയുതിര്‍ത്തു. കുനിഞ്ഞ് ഊട്ടുകയായിരുന്ന അവര്‍ നിലത്തേക്ക് ഊര്‍ന്നു വീണു.
പൊലീസിെൻറ മുസ്ലിം വിരുദ്ധ നിലപാടിെൻറ തെളിച്ചമായി അന്ന് പൊലീസ് ജീപ്പുകളില്‍ ‘ജയ് ശ്രീരാം’ സ്റ്റിക്കറുകള്‍ കണ്ടത് മീന ഓര്‍ക്കുന്നു. കൺട്രോള് റൂമില്‍നിന്നുള്ള ആശയ വിനിമയങ്ങളാണ് പൊലീസ് പക്ഷപാതത്തിെൻറ മറ്റൊരു തെളിവ്. മുസ്ലിംകളുടെ പരാതിയില്‍ കേസെടുക്കാന്‍ പൊലീസ് തയാറായില്ല. കാണാതായ മുസ്ലിംകള് കൊല്ലപ്പെട്ടുവെന്ന് വ്യക്തമായത് സന്നദ്ധ സംഘങ്ങളുടെ അന്വേഷണത്തിലാണ്.
കലാപ ചരിത്രമുള്ള മുംബൈയില്‍ ബാബരി വിഷയം ചോര ചിന്തിയേക്കുമെന്ന് അറിയാമായിരുന്നു. എന്നാല്‍, രണ്ടുമാസം നീണ്ട അന്നെവരെ കാണാത്ത കലിയാണ് 92 ല്‍ കണ്ടത്.
തൊട്ടുപിന്നാലെ നടന്ന സ്ഫോടന പരമ്പര. അത് വീണ്ടും മീനയെയും സഹപ്രവര്‍ത്തകരെയും മോര്‍ച്ചറികളില്‍ എത്തിച്ചു. ബെസ്റ്റ് ബസില്‍നിന്ന് കാണാതായ കുഞ്ഞിനെ കെണ്ടത്തണമെന്ന മാതാപിതാക്കളുടെ കണ്ണീരഭ്യര്ഥനയെ തുടര്‍ന്നായിരുന്നു അത്. കലാപവും സ്ഫോടനവും ചിന്തിയത് മനുഷ്യരക്തമാണ്. കവര്‍ന്നത് മനുഷ്യ ജീവന്. കലാപ കാലത്ത് ‘ടൈംസ് ഓഫ് ഇന്ത്യ’യിലായിരുന്ന മീന മേനോന് പിന്നീട് 2014 ല്‍ ‘ ദ ഹിന്ദു’വില്‍ ചേര്‍ന്നു. 2014 മേയില്‍ പാകിസ്താന് മടങ്ങിപ്പോകാന്‍ ആവശ്യപ്പെട്ട രണ്ട് ഇന്ത്യന്‍ പത്രപ്രവര്‍ത്തകരില്‍ ഒരാളാണ് മീന. ‘
തയാറാക്കിയത്:ഫൈസല്‍ വൈത്തിരി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.