'അത് 140 കോടി ഇന്ത്യക്കാരുടെയും മെഡൽ'; ബ്രിജ് ഭൂഷണ് മറുപടിയുമായി ബജ്രംഗ് പുനിയ

ന്യൂഡൽഹി: ഒളിമ്പിക്സ്​വേദിയിൽ വിനേഷ് ഫോഗട്ട് നഷ്ടപ്പെടുത്തിയത് അവരുടെ മാത്രം മെഡലല്ലെന്ന് ഗുസ്തിതാരം ബജ്രംഗ് പുനിയ. 140 കോടി ഇന്ത്യക്കാരുടെ മെഡലാണ് അതെന്നും ബജ്രംഗ് പുനിയ പറഞ്ഞു. വിനേഷിന്റെ പരാജയം ആഘോഷിച്ചവർ ദേശഭക്തരാണോയെന്നും അദ്ദേഹം ചോദിച്ചു.

ചെറുപ്പകാലം മുതൽ രാജ്യത്തിനായാണ് ഞങ്ങൾ പോരാടിയിരുന്നത്. ഞങ്ങളെ ദേശസ്നേഹം പഠിപ്പിക്കാൻ അവർക്ക് എന്ത് അർഹതയാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ ഞങ്ങൾ പ്രയത്നിക്കും. വിനേഷ് ഫൈനലിലെത്തിയ ദിവസം രാജ്യം മുഴുവൻ സന്തോഷത്തിലായിരുന്നു. എന്നാൽ, അവർ അയോഗ്യയാക്കപ്പെട്ട ദിവസം ബി.ജെ.പിയുടെ ഐ.ടി സെൽ അത് ആഘോഷിക്കുകയായിരുന്നുവെന്നും ബജ്രംഗ് പുനിയ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ ഗുസ്തിതാരം വിനേഷ് ഫോഗട്ടിനെതിരെ വിമർശനവുമായി ഗുസ്തി ഫെഡറേഷൻ മുൻ ചെയർമാനും ബി.ജെ.പി മുൻ എം.പിയുമായ ബ്രിജ് ഭൂഷൺ സിങ് രംഗ​ത്തെത്തിയിരുന്നു. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചെന്നും മെഡൽ ലഭിക്കാത്തത് ദൈവം നൽകിയ ശിക്ഷയാണെന്നും ബ്രിജ് ഭൂഷൺ പറഞ്ഞു. മറ്റൊരു താരത്തിന് മത്സരിക്കാനുള്ള അവസരം ഇല്ലാതാക്കിയാണ് വിനേഷ് പാരിസ് ഒളിമ്പിക്സിൽ പങ്കെടുത്തതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു.

“ഒരാൾക്ക് ഒരേ സമയത്ത് രണ്ട് കാറ്റഗറിയിൽ മത്സരിക്കാൻ സാധിക്കുമോ എന്നാണ് എനിക്ക് വിനേഷിനോട് ചോദിക്കാനുള്ളത്. ഭാരം അളന്നു കഴിഞ്ഞ് അഞ്ച് മണിക്കൂർ പരിശീലനം നിർത്തിവെക്കാൻ സാധിക്കുമോ? തട്ടിപ്പ് കാണിച്ചാണ് നിങ്ങൾ ഒളിമ്പിക്സിൽ പങ്കെടുത്തത്. ഒളിമ്പിക്സിൽ പങ്കെടുക്കാൻ വിനേഷിന് കഴിയുമായിരുന്നില്ല. എന്നാൽ മറ്റൊരു താരത്തിന്‍റെ അവസരം നിഷേധിച്ചാണ് വിനേഷ് പാരിസിലെത്തിയത്. ട്രയൽസിൽ വിനേഷിനെ തോൽപ്പിച്ച കുട്ടിയുടെ അവസരം നിഷേധിക്കപ്പെട്ടു. ദൈവം നിങ്ങൾക്ക് അതിനുള്ള ശിക്ഷ തന്നു. സംഭവിച്ചത് എന്തായാലും അത് അവർ അർഹിക്കുന്നുണ്ട്” ബ്രിജ് ഭൂഷൺ പറഞ്ഞു.

ബജ്റംഗ് പുനിയ ട്രയൽസിൽ പങ്കെടുക്കാതെയാണ് ഏഷ്യൻ ഗെയിംസിൽ മത്സരിച്ചതെന്നും ബ്രിജ് ഭൂഷൺ ആരോപിച്ചു. രാജ്യത്തിനായി നിരവധി മെഡൽ നേടിത്തന്നവരുടെ നാടാണ് ഹരിയാന. കഴിഞ്ഞ രണ്ടര വർഷമായി അവിടെ ഗുസ്തി പരിശീലന പരിപാടികൾ ഒന്നും നടക്കുന്നില്ല. വിനേഷിനെ തനിക്കെതിരെ തിരിച്ചത് കോൺഗ്രസിന്‍റെ ഗൂഢാലോചനയായിരുന്നു. ഹരിയാനയിൽ ബി.ജെ.പിക്കു വേണ്ടി പ്രചാരണത്തിനെത്തുമെന്നും ഏത് സ്ഥാനാർഥിക്കും വിനേഷിനെ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്താനാകുമെന്നും ബ്രിജ് ഭൂഷൺ കൂട്ടിച്ചേർത്തു.

Tags:    
News Summary - Bajrang Punia hits back at Brij Bhushan Singh on ex-WFI chief's ‘cheating’ dig at Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.