ബംഗളൂരു: ബംഗളൂരു-മൈസൂരു പാതയിലെ ടോളിൽനിന്ന് രക്ഷപ്പെടാനായി വാഹനഡ്രൈവർമാർ കാണിക്കുന്ന അതിബുദ്ധി അപകടക്കെണിയാകുന്നു. നിർമിത ബുദ്ധി, സ്പീഡ് റഡാർ ഗൺ കാമറകളുടെ സഹായത്തോടെ പാതയിൽ ട്രാഫിക് പൊലീസ് വൻ സുരക്ഷാനടപടികളാണ് സ്വീകരിക്കുന്നത്. ടോൾ ഒഴിവാക്കാനായി സർവിസ് റോഡിൽ നിന്ന് വാഹനങ്ങൾ വൺവേ തെറ്റിച്ച് പ്രധാന പാതയിലേക്കു കയറുകയാണ്. ഇത് അപകടങ്ങൾക്കിടയാക്കുന്നു.
ബിഡദി കണമിണിക്കെ, ശേഷഗിരിഹള്ളി, ശ്രീരംഗപട്ടണ ഗണങ്കൂർ എന്നിവിടങ്ങളിലെ ടോൾ പ്ലാസകൾ ഒഴിവാക്കാൻ വേണ്ടിയാണ് സർവിസ് റോഡുകളിലൂടെ വാഹനങ്ങൾ വൺവേ ലംഘിച്ച് പ്രവേശിക്കുന്നത്. ആറുവരി പ്രധാനപാതയിൽ ഇരുചക്രവാഹനങ്ങൾ, ഓട്ടോ, ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾ എന്നിവക്ക് ആഗസ്റ്റ് ഒന്നുമുതൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഈ വാഹനങ്ങൾ സർവിസ് റോഡുകൾ വഴിയാണു കടത്തിവിടുന്നത്. ബിഡദി, രാമനഗര, ചന്നപട്ടണ, മദ്ദൂർ, മണ്ഡ്യ, ശ്രീരംഗപട്ടണ എന്നിവിടങ്ങളിലാണ് സർവിസ് റോഡിൽനിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കാൻ ഇടവഴിയുള്ളത്.
ടൗൺ വഴി കടന്നുപോകുന്ന ഓർഡിനറി കർണാടക ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവിസ് റോഡിൽനിന്ന് പ്രധാന പാതയിലേക്ക് പ്രവേശിക്കുന്നുണ്ട്. സർവിസ് റോഡിലൂടെ തെറ്റായ ദിശയിൽ സർവിസ് നടത്തുന്ന കർണാടക ആർ.ടി.സി ബസുകളുടെ വിഡിയോ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതോടെ ജീവനക്കാർക്ക് അധികൃതർ താക്കീത് നൽകിയിരുന്നു. അതേസമയം, മേയ്, ജൂൺ മാസങ്ങളുമായി താരതമ്യംചെയ്യുമ്പോൾ കഴിഞ്ഞ ജൂലൈ മാസത്തിൽ പാതയിൽ അപകടങ്ങൾ മൂന്നിലൊന്നായി കുറഞ്ഞിട്ടുണ്ട്.
എ.ഐ കാമറകളടക്കം അമിതവേഗം പിടിക്കുന്നതിനാലാണ് വാഹനങ്ങൾ വേഗപരിധി പാലിക്കുന്നത്. ഇതിനാൽ അപകടങ്ങൾ കുറയുന്നുവെന്നാണ് അധികൃതർ പറയുന്നത്. ജൂലൈ മാസത്തിലെ അപകടങ്ങളിൽ എട്ടുപേരാണ് മരിച്ചത്. മേയിൽ ഇത് 29 പേരും ജൂണിൽ 28 പേരുമായിരുന്നു. പാതയിലെ വേഗപരിധി 80-100 കിലോമീറ്ററായി നിജപ്പെടുത്തിയാണ് എ.ഐ കാമറകൾ സ്ഥാപിച്ചത്. ഈ പരിധി ലംഘിക്കുന്ന വാഹന ഉടമകളെ ടോൾ പ്ലാസകളിൽ പിടികൂടിയാണ് ട്രാഫിക് പൊലീസ് പിഴ ഈടാക്കുന്നത്.
8480 കോടി രൂപ ചെലവിട്ട് നവീകരിച്ച 118 കിലോമീറ്ററുള്ള പാത കഴിഞ്ഞ മാർച്ച് 12നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. എക്സ്പ്രസ് വേകളിലെ കൂടിയ വേഗപരിധി 120 കിലോമീറ്ററാണ്. എന്നാൽ, ബംഗളൂരു-മൈസൂരു പാതയുടെ സൗകര്യങ്ങൾ എക്സ്പ്രസ് വേക്ക് സമാനമാണെങ്കിലും അത് ദേശീയപാതയാണെന്നും വേഗപരിധി 80 മുതൽ 100 കിലോമീറ്റർ ആണെന്നും ഈയടുത്ത് ദേശീയപാത അതോറിറ്റി വിശദീകരിച്ചിരുന്നു. ദേശീയപാത അതോറിറ്റിയുടെ കീഴിൽ പ്രവേശന നിയന്ത്രണമുള്ള എൻ.എച്ച് 275 ആണ് ഈ പാതയെന്നും 100 കിലോമീറ്ററിന് മുകളിൽ പോയാൽ പിഴ ഉറപ്പാണെന്നും എ.ഡി.ജി.പി (ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി) അലോക് കുമാറും പറയുന്നു. പാതയിൽ കൂടുതൽ കാമറകൾ സ്ഥാപിക്കുന്നുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.