ബംഗളൂരു: മേയ് 23ന് ബംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തിയ ശ്രമിക് ട്രെയിനിലെ യാത്രക്കാർക്ക് ടിക്കറ്റ് നിരക്ക് കിഴിച്ചുള്ള ബാക്കി തിരിച്ചുനൽകുന്നു. യാത്രാകൂലി ഒഴിച്ചുള്ള ബാക്കിതുക തിരിച്ചുലഭിക്കേണ്ടവർ നോർക്ക റൂട്ട്സ് വെബ്സൈറ്റിലെ ‘നോർക്ക ട്രെയിൻ ടിക്കറ്റ് റീഫണ്ട് ക്ലെയിം ഫോം’ എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്ത് വിവരങ്ങൾ സമർപ്പിക്കണമെന്ന് ബംഗളൂരു നോർക്ക വികസന ഒാഫിസർ റീസ രഞ്ജിത് അറിയിച്ചു.
പേര്, മൊബൈൽ നമ്പർ, ടിക്കറ്റിനായി നൽകിയ തുക, യാത്ര പുറപ്പെട്ട സ്റ്റേഷൻ, ഇറങ്ങിയ സ്റ്റേഷൻ, അക്കൗണ്ട് വിവരം എന്നിവ സഹിതമാണ് അപേക്ഷ നൽകേണ്ടത്. ടിക്കറ്റ് ബുക്ക് ചെയ്യുേമ്പാൾ നൽകിയ വിവരങ്ങൾ തന്നെയാണ് തുക റീഫണ്ട് ലഭിക്കാനും നൽകേണ്ടത്. റീഫണ്ട് സംബന്ധിച്ച വിവരങ്ങൾ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ നേരിട്ട് ലഭിക്കും.
ബംഗളൂരു- തിരുവനന്തപുരം നോൺ എ.സി സെക്കൻഡ് സിറ്റിങ് ട്രെയിനിൽ 1496 പേരാണ് യാത്ര ചെയ്തത്. പാലക്കാട്, തൃശൂർ, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിൽ സ്റ്റോപ്പുള്ള സ്പെഷൽ ട്രെയിനിൽ എല്ലാ യാത്രികർക്കും 1000 രൂപ വീതമായിരുന്നു ടിക്കറ്റ് നിരക്ക്.
ഡൽഹിയിൽനിന്നുള്ള സ്പെഷൽ ട്രെയിനുകൾ പോലും ഇതിലും കുറഞ്ഞ നിരക്കിലാണ് സർവിസ് നടത്തിയിരുന്നത്. ലോക്ക്ഡൗണിൽ കർണാടകയിൽനിന്ന് കേരളത്തിലേക്കുള്ള ഏക ട്രെയിനായതിനാൽ പ്രായമുള്ളവരും കുട്ടികളും സ്ത്രീകളും വിദ്യാർഥികളുമടക്കമുള്ളവരായിരുന്നു യാത്രക്കാർ.
ബംഗളൂരുവിൽനിന്ന് തിരുവനന്തപുരം വരെ നോൺ എ.സി സെക്കൻഡ് സിറ്റിങ് ട്രെയിനിന് ഇതിെൻറ പകുതി പോലും ചാർജ് വരില്ലെന്നിരിക്കെ, അമിത നിരക്ക് ഇൗടാക്കിയതിനെതിരെ യാത്രക്കാരിൽനിന്ന് പ്രതിഷേധമുയർന്നിരുന്നു. ഇതോടെ ടിക്കറ്റ് തുക മടക്കി നൽകാൻ നോർക്ക തയാറായി.
കോവിഡ് 19 ജാഗ്രത പോർട്ടൽ വഴിയായിരുന്നു യാത്രക്കാരുടെ വിവരം ശേഖരിച്ചതും ടിക്കറ്റിനുള്ള മുൻകൂർ തുക നോർക്ക കൈപ്പറ്റിയതും. റീഫണ്ട് സംബന്ധിച്ച് റെയിൽവെയിൽനിന്ന് അനുമതി ലഭിച്ചതോടെ നോർക്ക റൂട്ട്സ് വെബ്സൈറ്റിൽ ഇതിനായി പ്രത്യേകം അപേക്ഷാ ഫോം ഒരുക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.