മുംബൈ: 18 വയസിന് താഴെയുള്ള കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തിമഹാരാഷ്ട്രയിലെ ഗ്രാമം. യവത്മാൽ ജില്ലയിലെ ബൻസി എന്ന ഗ്രാമത്തിലാണ് കൗതുകരമായ ഉത്തരവ് പുറപ്പെടുവിച്ചത്. മൊബൈൽ ഫോൺ ഉപയോഗത്തിൽ കുട്ടികളുടെയും കൗമാരക്കാരുടെയും അമിത ആസക്തി ചൂണ്ടിക്കാട്ടി നവംബർ 11ന് ഗ്രാമസഭ െഎക്യകണ്‌ഠേന പ്രമേയം അംഗീകരിച്ചുവെന്നാണ് ഗ്രാമ കൗൺസിൽ അംഗങ്ങൾ പറയുന്നത്.
ഉത്തരവ് ലംഘിക്കുന്നവർക്ക് 200 രൂപ പിഴ ചുമത്തുമെന്നും ഇവർ അറിയിച്ചു. കോവിഡിന്‍റെ ആരംഭകാലത്ത് അമിതവും അനിയന്ത്രിതവുമായ ഉപയോഗത്തിലൂടെ മൊബൈൽ ഫോണുകൾക്ക് കുട്ടികൾ അടിമപ്പെട്ടെന്ന് ബൻസി ഗ്രാമപഞ്ചായത്ത് സർപഞ്ച് ഗജാനൻ ടെയിൽ അവകാശപ്പെട്ടു. പ്രായത്തിന് അനുയോജ്യമല്ലെന്ന് കരുതുന്ന പ്രവൃത്തികളിൽ ഇവർ ഏർപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.
'മൊബൈൽ ഫോൺ ഉപയോഗിക്കുന്ന 18 വയസിന് താഴെയുള്ള ഏതൊരു കുട്ടിയിൽ നിന്നും 200 രൂപ പിഴ ഈടാക്കും. തീരുമാനം നടപ്പിലാക്കുന്നത് പ്രയാസകരമാണെന്ന് ഞങ്ങൾക്കറിയാം. എന്നാൽ, തുടക്കത്തിൽ കൗൺസിലിങിലൂടെ വെല്ലുവിളികളെ അഭിമുഖീകരിക്കും- ടെയ്ൽ വ്യക്തമാക്കി. അതേസമയം, നിരോധന തീരുമാനത്തിൽ കുട്ടികളുടെ അഭിപ്രായം അധികൃതർ തേടിയിട്ടുണ്ടോയെന്നത് വ്യക്തമല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.