ന്യൂഡൽഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ രണ്ടു ദലിത് സ്ഥാനാർഥികളുടെ പോരാട്ടമല്ല, വ്യത്യസ്തമായ രണ്ട് വിചാരധാരകളുടെ ഏറ്റമുട്ടലാണ് നടക്കുന്നതെന്ന് പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാർ. 17 പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത രാഷ്ട്രപതി സ്ഥാനാർഥിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം ഇതാദ്യമായി നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മീര കുമാർ. പ്രതിപക്ഷ പാർട്ടികളുടെ െഎക്യം, ഉറച്ച ആശയാദർശ നിലപാടിൽ നിന്നുണ്ടായതാണെന്ന് മീര കുമാർ പറഞ്ഞു. ജനാധിപത്യ മൂല്യങ്ങൾ, തുല്യത, സാമൂഹിക നീതി, എല്ലാവരെയും ഉൾച്ചേർക്കൽ, അഭിപ്രായ സ്വാതന്ത്ര്യം, സുതാര്യത എന്നിവക്കെല്ലാം പരിഗണന നൽകുന്ന വിചാരധാരയെ പ്രതിനിധീകരിക്കാൻ തന്നെ തെരഞ്ഞെടുത്തതിൽ പ്രതിപക്ഷത്തോട് കടപ്പെട്ടിരിക്കുന്നു. രാജ്യത്തിെൻറ അടിസ്ഥാന മൂല്യങ്ങൾ നിലനിർത്തുന്നതിനുള്ള പോരാട്ടത്തിൽ മനഃസാക്ഷി വോട്ടു ചെയ്യാൻ മീര കുമാർ എല്ലാ പാർട്ടികളോടും അഭ്യർഥിച്ചു.
ആർ.എസ്.എസ് ചിന്താഗതിയുള്ള ദലിത് സ്ഥാനാർഥിയാണ് എൻ.ഡി.എയുടേതെന്ന തൃണമൂൽ കോൺഗ്രസ് നേതാവ് മമത ബാനർജിയുടെ പരാമർശത്തെക്കുറിച്ചു ചോദിച്ചപ്പോൾ ജാതീയമായ ഏറ്റുമുട്ടലല്ല, വിചാരധാരയുടെ പോരാട്ടമാണ് നടക്കുന്നതെന്നായിരുന്നു മീര കുമാറിെൻറ മറുപടി. തെൻറ പ്രചാരണം തുടങ്ങുന്നത് അഹ്മദാബാദിലെ ഗാന്ധി ആശ്രമത്തിൽ നിന്നായിരിക്കുമെന്ന് അവർ കൂട്ടിച്ചേർത്തു. പ്രതിപക്ഷ പാർട്ടി നേതാക്കളുടെ സാന്നിധ്യത്തിൽ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.
എൻ.ഡി.എ സ്ഥാനാർഥി രാംനാഥ് കോവിന്ദിനെ നിതീഷ്കുമാറിെൻറ ജനതാദൾ-യു പിന്തുണക്കുന്നതിനെക്കുറിച്ച ചോദ്യത്തിന്, എല്ലാ രാഷ്ട്രീയ പാർട്ടി നേതാക്കൾക്കും സമ്മതിദായകർക്കും പിന്തുണ തേടി താൻ കത്തെഴുതിയിട്ടുണ്ടെന്ന് മീര കുമാർ പറഞ്ഞു. മനഃസാക്ഷിയുടെ മന്ത്രണം കേട്ട് നിലപാട് എടുക്കണമെന്നാണ് തെൻറ അഭ്യർഥന. രണ്ടു ദലിത് സ്ഥാനാർഥികൾ തമ്മിലുള്ള പോരാട്ടമായി രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ ചിത്രീകരിക്കുന്നത് സമൂഹത്തിെൻറ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് മീര കുമാർ പറഞ്ഞു. മികവിനേക്കാൾ ജാതിക്ക് പരിഗണന നൽകുന്നതാണ് ആ മനോഭാവം. സ്ഥാനാർഥികൾ ദലിതരെങ്കിൽ അതേക്കുറിച്ചാവും ചർച്ച. മറ്റു കാര്യങ്ങളെല്ലാം പിന്നിലായിപ്പോവും. ജാതിയെ കുഴിച്ചുമൂടി സാമൂഹം മുന്നോട്ടു നീങ്ങേണ്ടതുണ്ട്. ജാതിഘടന ഇല്ലാതാക്കുകയും ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിക്കുകയുമാണ് വേണ്ടത്.
ജാതി മുൻനിർത്തി മീര കുമാറിെൻറ സ്ഥാനാർഥിത്വത്തെ ബി.എസ്.പി നേതാവ് മായാവതി പിന്താങ്ങുന്നതിനെക്കുറിച്ചും ചോദ്യങ്ങൾ ഉയർന്നു. രാജ്യത്തെ പരമോന്നത പദവിയിലേക്കുള്ള തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് മീരാകുമാർ മറുപടി നൽകി. രാഷ്ട്രപതിയുടെ പദവി കക്ഷിരാഷ്ട്രീയത്തിന് അതീതമാണ്, എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയാടിസ്ഥാനത്തിലാണ്. സ്ഥാനാർഥിയുടെ ജാതിക്ക് അതിൽ സ്ഥാനമില്ല. ലോക്സഭാ സ്പീക്കറായിരുന്ന കാലത്ത് പക്ഷപാതപരമായി പ്രതിപക്ഷത്തോട് പെരുമാറിയെന്ന മന്ത്രി സുഷമ സ്വരാജിെൻറ ആരോപണം മീരാകുമാർ തള്ളിക്കളഞ്ഞു. സ്പീക്കറായിരുന്നപ്പോൾ തെൻറ പ്രവർത്തനത്തെ ഭരണ, പ്രതിപക്ഷങ്ങൾ ഒരുപോലെ പ്രശംസിച്ചിരുന്നു. സഭാ നടത്തിപ്പു ശൈലിയെക്കുറിച്ച് ആരും പരാതിപ്പെട്ടിരുന്നില്ലെന്ന് മീര കുമാർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.