ജമ്മു കശ്മീരിലെ റാലിക്ക് തൊട്ടുമുമ്പ് പശുക്കിടാവുമൊത്തുള്ള ഫോ​ട്ടോയുമായി മോദി

ന്യൂഡൽഹി: ഡൽഹിയിലെ ലോക് കല്യാൺ മാർഗിലെ ത​ന്‍റെ ഔദ്യോഗിക വസതിയിൽനിന്നും  പശുക്കിടാവുമൊത്തുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെ ദോഡ ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വൻ റാലിയെ അഭിസംബോധന ചെയ്യാൻ എത്തുന്നതിന് തൊട്ടുമുമ്പായിരുന്നു ‘എക്സിലെ’ പോസ്റ്റ്.

‘ലോക് കല്യാൺ മാർഗിലെ 7ലെ പുതിയ അംഗം’ എന്ന കുറിപ്പോടെയാണ് ‘ദീപ്ജ്യോതി’ എന്ന് പേരിട്ട തവിട്ടുനിറത്തിലുള്ള പശുക്കുട്ടിയുമൊത്തുള്ള ചിത്രങ്ങൾ മോദി പോസ്റ്റ് ചെയ്തത്.


‘ഗാവ്: സർവസുഖ പ്രദ’ എന്ന് നമ്മുടെ ഗ്രന്ഥങ്ങളിൽ പറയുന്നു. ലോക് കല്യാൺ മാർഗിലെ വസതിയിലേക്ക് ഒരു പുതിയ അംഗത്തി​ന്‍റെ ശുഭകരമായ വരവ്. പ്രധാനമന്ത്രിയുടെ വസതിയിലെ പ്രിയങ്കരിയായ പശു നെറ്റിയിൽ പ്രകാശത്തി​ന്‍റെ പ്രതീകമായ അടയാളമുള്ള ഒരു കിടാവിനെ പ്രസവിച്ചു. അതുകൊണ്ട് ഞാൻ അതിന് ‘ദീപ്ജ്യോതി’ (വിളക്കി​ന്‍റെ വെളിച്ചം) എന്ന് പേരിട്ടു’ എന്നും പോസ്റ്റിൽ വിശദമാക്കിയിട്ടുണ്ട്. ഇതി​ന്‍റെ വിഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഒരു മിനിറ്റിൽ താഴെ മാത്രം ദൈർഘ്യമുള്ള വിഡിയോയിൽ പ്രധാനമന്ത്രി മോദി മാ ഭഗവതിയെ ആരാധിക്കുന്നതും പശുക്കുട്ടിയെ ആലിംഗനം ചെയ്യുന്നതും തുടർന്ന് ‘ദീപ്ജ്യോതി’യെ എടുത്ത് പൂന്തോട്ടത്തിൽ നടക്കുന്നതും കാണാം.


ആഗസ്റ്റ് 23ന് ഹരിയാനയിൽ പശു സംരക്ഷക ഗുണ്ടകൾ ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളിൽ 19 കാരനായ സിയ നന്ദ് മിശ്രയെ വെടിവെച്ചു​കൊലപ്പെടുത്തിയിരുന്നു. അതിനു പിന്നാലെയാണ് പശുക്കിടാവിനോടുള്ള പരസ്യമായ വാത്സല്യം മോദി പ്രകടിപ്പിക്കുന്നത്. ‘പശുക്കടത്തുമായി ബന്ധപ്പെട്ട് ആളുകളെ കൊല്ലാനുള്ള ലൈസൻസ് സർക്കാർ  ഗുണ്ടകൾക്ക് നൽകിയിട്ടുണ്ട്. മോദി സർക്കാർ അവർക്ക് അതിനുള്ള അവകാശവും നൽകിയിട്ടുണ്ട്. പക്ഷേ അതെന്തിനാണെന്ന്’ കൊല്ലപ്പെട്ട ആര്യ​ന്‍റെ പിതാവ് ചോദ്യമുന്നയിച്ചു.

ഇതിനിനു പിന്നാലെയാണ് മോദി ഇന്ന് രണ്ട് തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്യുന്നത്. ആദ്യം ജമ്മു കശ്മീരിലെ ദോഡയിലും രണ്ടാമത്തേത് ഹരിയാനയിലെ കുരുക്ഷേത്രയിലും. 42 വർഷത്തിന് ശേഷം ദോഡയിലേക്കുള്ള ആദ്യ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ അടയാളപ്പെടുത്തുന്നതിനാൽ ഇത് ഒരു സുപ്രധാന സംഭവമായിരിക്കുമെന്നാണ് കേന്ദ്ര കൽക്കരി മന്ത്രിയും ജമ്മു കശ്മീരി​ന്‍റെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് ചുമതലക്കാരനുമായ ജി കിഷൻ റെഡ്ഡി പറഞ്ഞത്. 1982ലായിരുന്നു പ്രധാനമന്ത്രിയുടെ അവസാനത്തെ ദോഡ സന്ദർശനമെന്നും റെഡ്ഡി കൂട്ടിച്ചേർത്തു. ജമ്മു ഡിവിഷനിലെ 43 നിയമസഭാ സീറ്റുകളിലും ബി.ജെ.പി മത്സരിക്കുന്നുണ്ട്.

Tags:    
News Summary - Before Doda rally, PM Narendra Modi posts about newborn calf at official residence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.