Image only for representation. Courtesy: The Print

മുംബൈയിലെ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പുകള്‍; നടന്നത് വന്‍ ആസൂത്രണം, കള്ളി പൊളിച്ചത് ചെറിയ കൈപ്പിഴ

മുംബൈ: രാജ്യത്തെ തന്നെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈയില്‍ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പുകള്‍ നടന്നുവെന്ന വിവരം പുറത്തുവന്നത്. മഹാമാരിയെ പോലും സാമ്പത്തിക ലാഭത്തിനായി മുതലെടുക്കുന്നവരെ കുറിച്ചോര്‍ത്ത് ജനം ഭീതിയിലാവുകയും ഇരകളായവരുടെ ആരോഗ്യത്തെ കുറിച്ചോര്‍ത്ത് ആശങ്കപ്പെടുകയും ചെയ്തു. ഒമ്പത് ക്യാമ്പുകള്‍ വഴി 2680 പേര്‍ക്കാണ് വ്യാജ വാക്‌സിന്‍ കുത്തിവെക്കപ്പെട്ടത്. സാമ്പത്തികമായും സാമൂഹികമായും ഉയര്‍ന്ന, മെച്ചപ്പെട്ട ജോലിയും വരുമാനവുമുള്ള ഒരുകൂട്ടം ആളുകളെയാണ് തട്ടിപ്പുകാര്‍ വിദഗ്ധമായി കബളിപ്പിച്ചത്.

തട്ടിപ്പിന്റെ കഥ

ബാങ്ക് ഓഫ് ബറോഡയുടെ മലാദ് ബ്രാഞ്ച് മാനജര്‍ പ്രമോദ് കുമാറിന് കഴിഞ്ഞ വര്‍ഷം കോവിഡ് ബാധിച്ചിരുന്നു. ആശുപത്രിയിലായ ഇദ്ദേഹത്തിന് ഒമ്പത് ദിവസമാണ് ഓക്‌സിജന്‍ സപ്പോര്‍ട്ട് വേണ്ടിവന്നത്. സഹപ്രവര്‍ത്തകരായ ഏഴ് പേര്‍ക്കും കോവിഡ് ബാധിച്ചിരുന്നു. ഉപഭോക്താക്കളുമായി സ്ഥിരം ഇടപഴകേണ്ടി വരുന്നതിനാല്‍ ഇവര്‍ എപ്പോഴും കോവിഡ് ഭീതിയിയിലായിരുന്നു.

അതിനിടെ, ഏപ്രിലില്‍, ബാങ്കില്‍ ദീര്‍ഘകാലമായി അക്കൗണ്ടുള്ള മഹേന്ദ്ര പ്രതാപ് സിങ് എന്നയാള്‍ പ്രമോദ് കുമാറിനെ കണ്ട് ജീവനക്കാര്‍ക്കായി കോവിഡ് പ്രതിരോധ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. നേരത്തെ വാക്‌സിന്‍ ലഭിക്കുമല്ലോയെന്ന ആശ്വാസത്തില്‍ ക്യാമ്പിന് സമ്മതിച്ചു.




 

ജീവനക്കാരും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 40ഓളം പേര്‍ക്കാണ് ശിവം ആശുപത്രിയില്‍ ക്യാമ്പ് ഒരുക്കിയത്. ഒരു ഡോസിന് 800 രൂപയാണ് വില. ആദ്യ ഡോസ് എല്ലാവരും സ്വീകരിച്ചു. രണ്ടാമത്തെ ഡോസ് ബാങ്കില്‍ വെച്ചു തന്നെയാണ് എടുത്തത്. മേയ് 25നായിരുന്നു ഇത്. ആശുപത്രി അധികൃതരായി രണ്ടുപേര്‍ ബാങ്കിലെത്തിയാണ് കുത്തിവെപ്പ് എടുത്തത്. പേരുകളും ആധാര്‍ നമ്പറുമെല്ലാം ഇവര്‍ എഴുതിയെടുത്തെങ്കിലും കോവിന്‍ പോര്‍ട്ടലില്‍ ആരും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരുന്നില്ല. ബാങ്കിലെ ചില ജീവനക്കാര്‍ ഇക്കാര്യം ശ്രദ്ധിച്ചിരുന്നെങ്കിലും അത് വലിയ കാര്യമാക്കിയെടുത്തില്ല.

എന്നാല്‍, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തതും കോവിന്‍ പോര്‍ട്ടലില്‍ തങ്ങളുടെ രണ്ടാം ഡോസ് എടുത്തതായി കാണാത്തതും പിന്നീട് സംശയത്തിനിടയാക്കി. 20 ദിവസത്തിന് ശേഷം, വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായ വാര്‍ത്ത ബാങ്കിലെ ഒരു ജീവനക്കാരന്റെ വാട്‌സാപ്പിലെത്തി. വാര്‍ത്ത വായിച്ച എല്ലാവരും ഞെട്ടി. അറസ്റ്റിലായത് ബാങ്ക് ജീവനക്കാര്‍ക്കായി ക്യാമ്പ് സംഘടിപ്പിക്കാന്‍ മുന്‍കൈയെടുത്ത മഹേന്ദ്ര പ്രതാപ് സിങ്ങായിരുന്നു.

വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തിയ സംഘത്തിന്റെ ആദ്യ ഇരകളായിരുന്നു ബാങ്ക് ജീവനക്കാരും കുടുംബങ്ങളും. വ്യാജ വാക്‌സിന്‍ ഉപയോഗിച്ച് ഒമ്പത് ക്യാമ്പുകള്‍ മുംബൈയില്‍ ഇവര്‍ നടത്തിയതായാണ് കണ്ടെത്തിയത്. 10 എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്്. ഇരകളായ 2680 പേരെ കണ്ടെത്തി. ഇവരില്‍ പലര്‍ക്കും സംഘം കുത്തിവെച്ചത് ഉപ്പുവെള്ളമായിരുന്നു. 26 ലക്ഷം രൂപയാണ് സംഘത്തിന് വരുമാനമായി ലഭിച്ചത്.

39കാരനായ മഹേന്ദ്ര പ്രതാപ് സിങ്ങാണ് തട്ടിപ്പിന്റെ കേന്ദ്ര ബിന്ദു. 10ാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ മലാദ് മെഡിക്കല്‍ അസോസിയേഷനില്‍ ക്ലര്‍ക്കായി 15 വര്‍ഷം ജോലി ചെയ്തിരുന്നു. നിരവധി ഡോക്ടര്‍മാരുമായും ഫാര്‍മസ്യൂട്ടിക്കല്‍ ജീവനക്കാരുമായും ഇയാള്‍ക്ക് ബന്ധമുണ്ടായിരുന്നു. അസോസിയെഷന്റെ പേരും പദവിയും ദുരുപയോഗം ചെയ്തതിന് കഴിഞ്ഞ ഏപ്രിലില്‍ ഇയാളെ ജോലിയില്‍ നിന്ന് പുറത്താക്കി. ഇതിന് പിന്നാലെയാണ് വ്യാജ വാക്‌സിനേഷന്‍ പദ്ധതി ആസൂത്രണം ചെയ്തത്.

ആശുപത്രിയുടെ പങ്ക്

മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ പരിചയക്കാരാണ് ശിവം ആശുപത്രി ഉടമ ഡോ. ശിവരാജ് പതാരിയയും ഭാര്യ നീതയും. മുംബൈ കോര്‍പറേഷന് കീഴില്‍ സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രമായി പട്ടികപ്പെടുത്തിയ ആശുപത്രികളിലൊന്നാണ് ശിവം. 150 രൂപ നിരക്കില്‍ 23,350 ഡോസ് വാക്‌സിന്‍ ആശുപത്രിക്ക് ലഭിച്ചിരുന്നു. ഇതില്‍ 22,826 ഡോസ് വാക്‌സിന്‍ ഉപയോഗിച്ചു. ബാക്കിവന്നത് തങ്ങള്‍ തിരിച്ചെടുത്തെന്നാണ് മുംബൈ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞത്. അന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍ പൊലീസ് കരുതിയത്, ബാക്കി വന്ന യഥാര്‍ഥ വാക്‌സിന്‍ ഉപയോഗിച്ചാണ് ക്യാമ്പ് നടത്തിയതെന്നായിരുന്നു.

ആശുപത്രിയിലെ വാടക കെട്ടിടത്തില്‍ മെഡിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്ന സ്ഥാപനം ഡോ. മനീഷ് ത്രിപാദി എന്നയാള്‍ നടത്തിയിരുന്നു. ഡോ. പതാരിയയും ഭാര്യയും ചേര്‍ന്ന് ഇയാളെ സ്വാധീനിച്ചു. 'വാക്‌സിന്‍' കൊണ്ടുപോകാനും കുത്തിവെക്കാനും ആരോഗ്യപ്രവര്‍ത്തകരെന്ന വ്യാജേന മനീഷ് ത്രിപാദി തന്റെ കീഴിലെ മൂന്ന് വിദ്യാര്‍ഥികളെ നിയോഗിച്ചു. മഹേന്ദ്ര പ്രതാപ് സിങ്ങിന്റെ സുഹൃത്തും ഇവന്റ് മാനേജറുമായ സഞ്ജയ് ഗുപ്ത, ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ സഹായം നല്‍കി. സമയവും സ്ഥലവും നിശ്ചയിച്ചതും ഉപകരണങ്ങള്‍ നീക്കിയതുമെല്ലാം ഇയാളാണ്. മേയ് മാസത്തില്‍ സീമ അഹൂജ, ശ്രീകാന്ത് മനേ എന്നിവര്‍ ഇവര്‍ക്കൊപ്പം കൂടി. ട്രാവല്‍ എജന്‍സിയില്‍ ജോലി ചെയ്ത ഇരുവര്‍ക്കും കോവിഡ് കാരണം ജോലി നഷ്ടമായിരുന്നു. മറ്റൊരു ആശുപത്രിയില്‍ മാര്‍ക്കറ്റിങ് വിഭാഗത്തില്‍ ജോലി ചെയ്ത രാജേഷ് പാണ്ഡേ എന്നയാളും സംഘത്തിനൊപ്പം കൂടി. മറ്റൊരു ആശുപത്രിയാണ് ക്യാമ്പ് നടത്തുന്നത് എന്ന പ്രചാരണത്തിന് ഇയാള്‍ വഴി മുഖ്യ പ്രതികള്‍ക്ക് സാധിച്ചു.




 

ഏപ്രില്‍ 23നാണ് ഇവര്‍ ആദ്യ വ്യാജ വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുന്നത്. സ്വകാര്യ സംഘങ്ങള്‍ക്കോ സംഘടനകള്‍ക്കോ വേണ്ടി പ്രത്യേകം ക്യാമ്പ് നടത്താനുള്ള അനുമതി അന്ന് ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിട്ടില്ല എന്ന കാര്യം ഇരകളായവര്‍ ഓര്‍ത്തിരുന്നില്ല. അവസാന ക്യാമ്പ് ജൂണ്‍ ആറിനും സംഘടിപ്പിച്ചു.

പിന്നീടുള്ള നിര്‍ദേശ പ്രകാരം, സ്വകാര്യ ഗ്രൂപ്പുകള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ വേണ്ടി വാക്‌സിനേഷന്‍ ക്യാമ്പ് സംഘടിപ്പിക്കുമ്പോള്‍ ആശുപത്രികള്‍ ധാരണാപത്രം ഒപ്പുവെക്കേണ്ടതുണ്ട്. തദ്ദേശ സ്ഥാപനത്തെ വിവരം അറിയിക്കുകയും വേണം. എന്നാല്‍, തട്ടിപ്പുകാര്‍ നടത്തിയ ഒരു ക്യാമ്പിലും ഇത്തരം നടപടികള്‍ പാലിച്ചില്ല.

തട്ടിപ്പിനിരയായ ഹൗസിങ് സൊസൈറ്റികളും സ്ഥാപനങ്ങളും തങ്ങള്‍ക്ക് ഇക്കാര്യത്തിലുണ്ടായ അജ്ഞതയും ആദ്യം തന്നെ വാക്‌സിന്‍ കിട്ടാന്‍ തിടുക്കമുണ്ടായതും സമ്മതിക്കുന്നു. ഇതാണ് തട്ടിപ്പ് സംഘം മുതലെടുത്തത്.

അംബാനിയുടെ ആശുപത്രിയില്‍ നിന്നുള്ളതാണെന്ന് പറഞ്ഞാണ് ക്യാമ്പ് സംഘടിപ്പിച്ചത്. കുത്തിവെപ്പിനിടെ സെല്‍ഫിയോ ഫോട്ടോയോ എടുക്കാന്‍ ഇവര്‍ സമ്മതിച്ചിരുന്നില്ല. വാക്‌സിനെടുത്ത ആര്‍ക്കും ശാരീരിക അസ്വസ്ഥതകളോ പ്രശ്‌നങ്ങളോ ഇല്ലാത്തത് സംശയത്തിനിടയാക്കിയിരുന്നു. ഫോണില്‍ സന്ദേശവും ലഭിച്ചില്ല.




 


കള്ളി പൊളിയുന്നു

കണ്ഡീവലിയിലെ ഹിരാനന്ദാനി അപാര്‍ട്ട്‌മെന്റിലെ താമസക്കാരിലൊരാള്‍ വാക്‌സിന്‍ ക്യാമ്പ് സംബന്ധിച്ച് നിരന്തരം ട്വീറ്റുകള്‍ ചെയ്തതോടെയാണ് അധികൃതരുടെ ശ്രദ്ധയില്‍ സംഭവം വരുന്നത്. മേയ് 30നാണ് ഹിരാനന്ദാനി ഹൗസിങ് സൊസൈറ്റി അംഗങ്ങള്‍ക്കായി ക്യാമ്പ് നടന്നത്.

സൊസൈറ്റി അംഗങ്ങള്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കേറ്റിന് വേണ്ടി സംഘാടകരോട് നിരന്തരം ആവശ്യപ്പെട്ടിരുന്നു. തട്ടിപ്പ് സംഘം വിവിധ ആശുപത്രികളുടെ ഐ.ഡികള്‍ സംഘടിപ്പിച്ച് കോവിന്‍ പോര്‍ട്ടലില്‍ കയറി. ഡാറ്റ എന്‍ട്രി ഓപറേറ്റര്‍മാരായ നിതിന്‍ മോഡെ, ചന്ദന്‍ സിങ് എന്നിവര്‍ ഇതിന് സഹായം നല്‍കി. നെസ്‌കോ കോവിഡ് ജംബോ സെന്ററില്‍ ജോലി ചെയ്തിരുന്ന ഗുഡിയ യാദവ് എന്നയാളെയും വശത്താക്കി ഐ.ഡി കൈക്കലാക്കി കോവിന്‍ സൈറ്റില്‍ കയറിയതായി പറയപ്പെടുന്നു.

ഒരേ ക്യാമ്പില്‍ കുത്തിവെപ്പെടുത്ത ആളുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി വ്യത്യസ്ത ഐ.ഡിയിലൂടെയാണ് സംഘം ലോഗിന്‍ ചെയ്തത്. വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചപ്പോള്‍ അതില്‍ വ്യത്യസ്ത സമയവും വ്യത്യസ്ത ആശുപത്രികളുടെ പേരുമായിരുന്നു ഉള്ളത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വന്‍ വാക്‌സിന്‍ റാക്കറ്റിന്റെ ചുരുളഴിഞ്ഞത്.

20 പ്രതികളില്‍ 13 പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇരകളായവരില്‍ ആര്‍ക്കും ആരോഗ്യപ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും നരഹത്യാശ്രമക്കുറ്റം ചുമത്താനാണ് പൊലീസ് ശ്രമിക്കുന്നത്. വാക്‌സിന് പകരം ഉപ്പുവെള്ളമാണ് തട്ടിപ്പുകാര്‍ ഉപയോഗിച്ചതെന്ന് വ്യാഴാഴ്ച പൊലീസ് സ്ഥിരീകരിച്ചിരുന്നു.

ഇരകളായ 2680 പേര്‍ക്കും ആന്റിബോഡി പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപെ പറഞ്ഞു. കേന്ദ്ര സര്‍ക്കാറുമായി ബന്ധപ്പെട്ട് ഇരകള്‍ക്ക് കോവിന്‍ പോര്‍ട്ടലില്‍ വീണ്ടും രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.

തട്ടിപ്പിനിരയായ എല്ലാവര്‍ക്കും സംഘം ഉപ്പുവെള്ളം തന്നെയാണോ നല്‍കിയത് എന്ന കാര്യത്തില്‍ അവ്യക്തതയുണ്ടായിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനിയായ റിന്യൂബയ് ഡോട്ട് കോമിന്റെ വെസ്റ്റ് സോണ്‍ മാനേജര്‍ ആഷിഷ് ഷെട്ടി ഇരകളിലൊരാളാണ്. ഇവരുടെ സ്ഥാപനത്തില്‍ വ്യാജ വാക്‌സിന്‍ ക്യാമ്പ് നടത്തിയിരുന്നു. കൗതുകത്തിന്റെ പുറത്ത് ആശിഷ് ഷെട്ടി ഈയാഴ്ച ആദ്യം ആന്റിബോഡി പരിശോധന നടത്തിയപ്പോള്‍, മികച്ച ആന്റിബോഡി ലെവല്‍ ആണ് കണ്ടെത്തിയത്. വാക്‌സിന്‍ എടുത്തതിന് സമാനമായ ആന്റിബോഡി ഇദ്ദേഹത്തിനുണ്ടായിരുന്നു. തനിക്ക് എപ്പോഴെങ്കിലും ലക്ഷണങ്ങളില്ലാതെ കോവിഡ് വന്നു പോയതാണോ അതോ, ഒറിജിനല്‍ വാക്‌സിനാന്‍ ലഭിച്ചതാണോ എന്ന് അറിയില്ലെന്ന് ഇദ്ദേഹം ആശ്ചര്യപ്പെടുന്നു. ഇതാണ് 2680 പേരെയും ആന്റിബോഡി പരിശോധനക്ക് വിധേയരാക്കാനുള്ള അധികൃതരുടെ തീരുമാനത്തിന് പിന്നില്‍.

(കടപ്പാട്: The Indian Express)

Tags:    
News Summary - behind the fake vaccination camps in mumbai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.