ബി.ജെ.പി രാജ്യസഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തെന്ന് ബംഗാൾ നേതാവ്

കൊൽക്കത്ത: ബി.ജെ.പി തനിക്ക് രാജ്യസഭാ ടിക്കറ്റ് വാഗ്ദാനം ചെയ്തെന്ന് പശ്ചിമ ബംഗാളിൽ നിന്നും ഗ്രേറ്റർ കൂച്ച് ബിഹാർ എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്ന അനന്ത റായ് മഹാരാജ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കുമായി നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് മഹാരാജിന്‍റെ പരാമർശം.

കഴിഞ്ഞ ദിവസം ഇരുവരും മഹാരാജിന്‍റെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയിരുന്നു. ബി.ജെ.പി തനിക്ക് രാജ്യസഭയിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ടെന്നും അതിനോട് എതിർപ്പില്ലെന്നുമായിരുന്നു മഹാരാജിന്‍റെ പ്രതികരണം. "എനിക്ക് രാജ്യസഭയിലേക്ക് ഒരു ഓഫർ ലഭിച്ചിട്ടുണ്ട്. എന്‍റെ പേര് അവരുടെ പരിഗണനയിലുണ്ടെന്ന് അറിയിച്ചിരുന്നു. എനിക്ക് അതിൽ എതിർപ്പില്ല. എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് നോക്കാം" - മഹാരാജ് മാധ്യമങ്ങളോട് പറഞ്ഞു.

മഹാരാജിനെ പോലുള്ളവർ നിയമസഭയിലെത്തുന്നത് രാജ്യത്തെ ജനങ്ങൾക്ക് ഉപകാരപ്പെുമെന്നായിരുന്നു പ്രമാണിക്കിന്‍റെ പരാമർശം. "അനന്ത റായ് മഹാരാജിനെ പോലെ രാജ്യത്തെ ജനങ്ങളുടെ ക്ഷേമത്തിന് പ്രവർത്തിക്കുന്ന കൂച്ച് ബിഹാറിൽ നിന്ന് ഒരാളെ ഉപരിസഭയിലേക്ക് നിർദേശിക്കണമെന്നുണ്ട്. പക്ഷേ ലിസ്റ്റ് പുറത്തുവരാതെ വിഷയത്തെക്കുറിച്ച് സംസാരിക്കാനാകില്ല" - പ്രമാണിക് പറഞ്ഞു.

ഗ്രേറ്റർ കൂച്ച് ബിഹാർ പീപ്പിൾസ് പാർട്ടിയുടെ നേതാവാണ് അനന്ത റായ് മഹാരാജ്. പശ്ചിമ ബംഗാളിൽ നിന്നും പ്രത്യേക സംസ്ഥാനം രൂപീകരിക്കണം എന്ന ആവശ്യം പാർട്ടി നേരത്തെ ഉന്നയിച്ചിരുന്നു. ഡാർജിലിങ് ഉൾപ്പെടെയുള്ള എട്ട് ജില്ലകളെ ഉൾപ്പെടുത്തി പുതിയ സംസ്ഥാനം രൂപീകരിക്കണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ ഈ ആവശ്യത്തെ ബി.ജെ.പി നേരത്തെ ശക്തമായി എതിർത്തിരുന്നു.

Tags:    
News Summary - Bengal leader who wants separate state says BJP offered him Rajya Sabha ticket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.