മംഗളൂരു: ഭാരത് ബന്ദിൽ കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകർ തമ്മിൽ ഉടുപ്പിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് ജില്ലാ പൊ ലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബാർഗി നേരിട്ടിറങ്ങി ലാത്തിച്ചാർജ്ജ് നടത്തി. ബന്നാൻജെ മേഖലയിൽ തുറന്ന് പ്രവർത്തിച്ച ഏതാനും കടകൾ നിർബന്ധപൂർവ്വം അടപ്പിക്കാൻ കോൺഗ്രസ് പ്രവർത്തകർ ശ്രമിച്ചതാണ് അക്രമത്തിലേക്ക് തിരിഞ്ഞത്.
ബന്ദിനെ അനുകൂലിച്ചും എതിർത്തും മുദ്രാവാക്യം മുഴക്കി ഇരുവിഭാഗം പരസ്പരം കല്ലെറിഞ്ഞു. ബി.ജെ.പി ഉടുപ്പി ടൗൺ കമ്മിറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ പ്രഭാകർ പൂജാരിക്ക് കല്ലേറിൽ പരുക്കേറ്റതോടെ ബി.ജെ.പി പ്രവർത്തകർ കൂടുതൽ അക്രമാസക്തരായി. അന്തരീക്ഷം വഷളാവുന്നത് കണ്ട എസ്.പി കൂടുതൽ പൊലീസ് സംഘം എത്തുംവരെ കാത്തുനിൽക്കാതെ ആളുകളെ അടിച്ചോടിക്കുകയായിരുന്നു.
ലാത്തിയടിയേറ്റ് നഗരസഭ കോൺഗ്രസ് കൗൺസിലർ രമേശ് കാന്തന് പരുക്കേറ്റു. ആശുപത്രിയിൽ പ്രവേശിച്ച പ്രഭാകർ പൂജാരിയെ രഘുപതി ഭട്ട് എം.എൽ.എ സന്ദർശിച്ചു. സംഘർഷത്തെത്തുടർന്ന് ഉടുപ്പി നഗരത്തിൽ 144 വകുപ്പ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച വൈകുന്നേരം വരെ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.