ന്യൂഡൽഹി: കോവിഡ് വാക്സിൻ പരീക്ഷണത്തിന്‍റെ ഒന്നാംഘട്ടത്തിൽ പ്രതികൂല ഫലമുണ്ടായിരുന്നതായും ഇത് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയെ അറിയിച്ചിരുന്നെന്നും വാക്സിൻ നിർമാതാക്കളായ ഭാരത് ബയോടെക്. ആഗസ്റ്റിൽ നടന്ന പരീക്ഷണത്തിലെ തിരിച്ചടി ഭാരത് ബയോടെക് അധികൃതരെ അറിയിച്ചില്ലെന്ന് റിപ്പോർട്ടുണ്ടായിരുന്നു. ഇത് കമ്പനി നിഷേധിച്ചു.
ആഗസ്റ്റിൽ പ്രതികൂല ഫലമുണ്ടായി 24 മണിക്കൂറിനകം തന്നെ ഡി.സി.ജി.ഐക്ക് റിപ്പോർട്ട് ചെയ്തിരുന്നുവെന്ന് ശനിയാഴ്ച ഭാരത് ബയോടെക് വാർത്താകുറിപ്പിൽ പറഞ്ഞു. ഇതേക്കുറിച്ച് വിശദമായി പഠിച്ച് രണ്ട്, മൂന്ന് ഘട്ട പരീക്ഷണത്തിന് മുമ്പ് തന്നെ ഡി.സി.ജി.ഐക്ക് മുമ്പിൽ അവതരിപ്പിച്ചു. വാക്സിനുമായി ബന്ധപ്പെട്ടല്ല പ്രതികൂല ഫലമുണ്ടായതെന്നും കമ്പനി അറിയിച്ചു.
പരീക്ഷണത്തിനിടെ പ്രതികൂല ഫലമുണ്ടായാൽ ഡി.സി.ജി.ഐയെയും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനെയും അറിയിക്കണമെന്നാണ് നിബന്ധന.
കേന്ദ്ര സർക്കാറിന്‍റെ പിന്തുണയോടെ ഐ.സി.എം.ആറുമായി ചേർന്നാണ് ഭാരത് ബയോടെക് വാക്സിൻ പരീക്ഷണം നടത്തുന്നത്. മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതി ഇവർക്ക് ലഭിച്ചിരുന്നു. രാജ്യത്തെ 21 സ്ഥാപനങ്ങളിലായാണ് ഇവരുടെ വാക്സിനായ കോവാക്സിന്‍റെ പരീക്ഷണം നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.