തൗബാൽ (മണിപ്പൂർ): തൊഴിലില്ലായ്മയും വിലക്കയറ്റവും സാമൂഹ്യ നീതിയും വിഷയങ്ങളാക്കി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രക്ക് മണിപ്പൂരിലെ തൗബാൽ ജില്ലയിൽനിന്ന് തുടക്കം. വാഹനത്തിലും കാൽനടയായും 6713 കിലോമീറ്റർ യാത്ര 100 ലോക്സഭ മണ്ഡലങ്ങളിലൂടെ കടന്നുപോകും. 15 സംസ്ഥാനങ്ങളിലൂടെയുള്ള യാത്ര 67 ദിവസത്തിനുശേഷം മാർച്ച് 20ന് മുംബൈയിൽ സമാപിക്കും.
യാത്രക്ക് മുന്നോടിയായി രാഹുലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പൊതുയോഗത്തിൽ സംസാരിച്ചു. മണിപ്പൂർ സർക്കാറിന്റെ കർശന നിയന്ത്രണങ്ങൾക്കിടെയാണ് യാത്രക്ക് തുടക്കമായത്. ബി.ജെ.പിക്കും ആർ.എസ്.എസിനും മണിപ്പൂർ ഇന്ത്യയുടെ ഭാഗമല്ലെന്ന് രാഹുൽ ആരോപിച്ചു. വംശീയകലാപത്തിൽ ജനലക്ഷങ്ങൾക്ക് ഏറെ നഷ്ടങ്ങളുണ്ടായി. എന്നാൽ, കണ്ണീരൊപ്പാനും കൈകോർക്കാനും ചേർത്തുപിടിക്കാനും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവിടേക്കെത്തിയില്ല. മണിപ്പൂർ ജനതയുടെ സങ്കടം കോൺഗ്രസ് മനസ്സിലാക്കുന്നു. സംസ്ഥാനത്ത് സൗഹാർദവും സമാധാനവും തിരിച്ചുകൊണ്ടുവരുമെന്നും രാഹുൽ പറഞ്ഞു.
കടലിൽ മുങ്ങാൻ സമയം കിട്ടുന്ന മോദിക്ക് മണിപ്പൂരിൽ വരാൻ സമയമില്ലെന്ന് കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു. രാഷ്ട്രീയവും മതവും കൂട്ടിക്കുഴക്കുകയാണ് ബി.ജെ.പി. ചുണ്ടിൽ രാമമന്ത്രവും അരയിൽ കത്തിയുമായാണ് ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
രാഹുൽ സഞ്ചരിക്കുന്ന ബസിന്റെ ഫ്ലാഗ്ഓഫ് ഖാർഗെ നിർവഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി. വേണുഗോപാൽ, ജയ്റാം രമേശ്, സചിൻ പൈലറ്റ്, ബി.എസ്.പി സസ്പെൻഡ് ചെയ്ത എം.പി ഡാനിഷ് അലി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ചായക്കടയിലെത്തി ജനങ്ങളുമായി രാഹുൽ സംവദിച്ചു. 1891ലെ ആംഗ്ലോ-മണിപ്പൂർ യുദ്ധ സ്മാരകമായ ഖോങ്ജം വാർ മെമ്മോറിയൽ സന്ദർശിച്ചശേഷമാണ് രാഹുൽ യാത്രക്ക് തുടക്കമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.