ലഖ്നോ: 2022ലെ ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ മത്സരിക്കുമെന്ന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദ്. 2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ഇദ്ദേഹം തീരുമാനം പിൻവലിച്ചിരുന്നു.
'പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ ഞാൻ തീരുമാനിച്ചിരുന്നു. എന്നാൽ, ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാത്തതിനാൽ ഞാൻ തീരുമാനത്തിൽനിന്ന് പിന്മാറി. ഇന്ന് ബഹുജൻ സമാജ് പാർട്ടി നേതാവ് മായാവതി എന്നോട് പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിന് പകരം ഞാൻ അവരുടെ സ്ഥാനാർഥിയെ പിന്തുണക്കുന്നതാണ് നല്ലതെന്ന് പറഞ്ഞു' -ആസാദ് പറഞ്ഞു. ഇത്തവണ തനിക്ക് ആസാദ് സമാജ് പാർട്ടിയുണ്ടെന്നും ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
'യു.പി നിയമസഭയിൽ ഒരു ഇടംപിടിക്കുകയെന്നത് പ്രധാനമല്ല. യോഗി ആദിത്യനാഥ് നിയമസഭയിൽ വരാതിരിക്കലാണ് അതിൽ പ്രധാനം. അതിനാൽ യോഗി എവിടെ മത്സരിക്കുമോ അവിടെ ഞാനും മത്സരിക്കും' -ആസാദ് പറഞ്ഞു.
കൂടാതെ ഞങ്ങൾക്ക് ഒറ്റക്ക് സ്ഥാനാർഥിയെ നിർത്താൻ സാധിക്കുകയാണെങ്കിൽ കൂടുതൽ ദലിത്, മുസ്ലിം, പിന്നാക്ക ജാതി സമുദായത്തിൽപ്പെട്ടവരെ സ്ഥാനാർഥികളായി പരിഗണിക്കുമെന്നും ആസാദ് കൂട്ടിച്ചേർത്തു.
അതേസമയം, ബി.ജെ.പിയിലെ ചില വൃത്തങ്ങൾ യു.പി മുഖ്യമന്ത്രി സ്ഥാനാർഥിയായി വീണ്ടും യോഗി ആദിത്യനാഥിനെ ഉയർത്തിക്കാണിക്കുന്നുണ്ടെങ്കിലും യോഗി മത്സരിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.