PM Modi and

അഗ്നിവീർ പദ്ധതി, വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ; യു.പിയിലെ ബി.ജെ.പിയുടെ പരാജയ കാരണം അക്കമിട്ടു നിരത്തി ഭൂപേന്ദ്ര ചൗധരി

ന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബി.ജെ.പി കനത്ത തിരിച്ചടിയാണ് നേരിട്ടത്. പരാജയകാരണങ്ങൾ വിലയിരുത്താൻ പ്രത്യേക കമ്മിറ്റി തന്നെ രൂപീകരിച്ചു. ഇതോടനുബന്ധിച്ച് സംസ്ഥാനത്തെ പാർട്ടി അധ്യക്ഷനും മുതിർന്ന നേതാവുമായ ഭൂപേന്ദ്ര ചൗധരി 15 പേജുവരുന്ന റിപ്പോർട്ട് തയാറാക്കിയിരുന്നു. യു.പിയിലെ 80 സീറ്റുകളിലെയും പാർട്ടി പ്രവർത്തകരിൽ നിന്ന് ഫീഡ്ബാക്ക് മനസിലാക്കിയും നിരവധി പേരോട് ചർച്ച ചെയ്തുമാണ് റിപ്പോർട്ട് തയാറാക്കിയത്. റിപ്പോർട്ടിനെ കുറിച്ച് വിശദീകരിക്കാൻ രണ്ടുദിവസം ചൗധരി ഡൽഹിയിൽ തങ്ങിയ ചൗധരി പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും ചർച്ച നടത്തുകയും ചെയ്തു.

സംസ്ഥാനത്തെ ആറ് മേഖലകളിൽ ബി.ജെ.പിയുടെ വോട്ട് വിഹിതം എട്ടുശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോർട്ടിലുള്ളത്. പ്രധാനമായും വെസ്റ്റേൺ യു.പി, ബ്രാജ്, കാൺപൂർ-ബുന്ദേൽഖണ്ഡ്, അവധ്, ഗോരഖ്പൂർ, കാശ് മേഖലകളിലാണ് ബി.ജെ.പിയുടെ വോട്ടുവിഹിതം കുറഞ്ഞത്. ലോക്സഭ തെരഞ്ഞെടുപ്പിൽ 80 ൽ 37 സീറ്റുകൾ നേടി സമാജ്‍വാദി പാർട്ടി വൻ മുന്നേറ്റമാണ് നടത്തിയത്. 2019ൽ എസ്.പിക്ക് അഞ്ച് സീറ്റുകളാണ് ലഭിച്ചത് എന്നോർക്കണം. 2019ൽ 62സീറ്റ് ലഭിച്ച ബി.ജെ.പി ഇക്കുറി 33 സീറ്റുകളിലൊതുങ്ങി.

വെസ്റ്റ്, കാശി മേഖലകളിൽ പാർട്ടിയുടെ പ്രകടനം ഏറ്റവും മോശമായി എന്നും റിപ്പോർട്ടിലുണ്ട്. ഈ മേഖലകളിൽ 28 ലോക്സഭ സീറ്റുകളാണുള്ളത്. എന്നാൽ ബി.ജെ.പിക്ക് ലഭിച്ചത് എട്ട് സീറ്റുകൾ മാത്രം. അതുപോലെ 13 സീറ്റുകളുള്ള ബ്രാജിൽ ബി.ജെ.പിയുടെ നേട്ടം എട്ടിലൊതുങ്ങി. 13 സീറ്റുകളുള്ള ഗൊരഖ്പൂരിൽ പാർട്ടിക്ക് ആറിടങ്ങളിൽ വിജയിക്കാനേ സാധിച്ചുള്ളൂ. 16 ലോക്സഭ സീറ്റുകളുള്ള അവധിൽ ഏഴിടത്ത് മാത്രമൊതുങ്ങി ബി.ജെ.പിയുടെ വിജയം. കാൺപൂർ-ബുന്ദേൽഖണ്ഡിൽ ഉള്ള സീറ്റുകൾ നിലനിർത്താൻ തന്നെ ബി.ജെ.പി വിയർത്തു. 10 സീറ്റുകളിൽ നാലിടങ്ങളിൽ മാത്രമേ ബി.ജെ.പി സ്ഥാനാർഥികൾ വിജയിച്ചുള്ളൂ. പാർട്ടിയുടെ മോശം പ്രകടനത്തിന് കാരണമായി നിരവധി കാരണങ്ങൾ അക്കമിട്ട് നിരത്തുന്നുണ്ട് റിപ്പോർട്ടിൽ.

1. സംസ്ഥാനത്തെ ഉദ്യോഗസ്ഥരുടെയും ഭരണതലത്തിലെയും സ്വേഛാധിപത്യം

2. സർക്കാർ പ്രവർത്തനങ്ങളിൽ പാർട്ടി പ്രവർത്തകർക്ക് അതൃപ്തി

3. സർക്കാർ ജോലിക്കായുള്ള പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ച. ആറുവർഷമായി ചോദ്യപേപ്പർ ചോർച്ച തുടർക്കഥയാണ്.

4. സർക്കാർ ജോലിയിലെ കരാർ നിയമനങ്ങളിൽ സംവരണ വിഭാഗത്തെ അവഗണിച്ച് ജനറൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന നൽകിയത്. പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന വിഷയങ്ങളിലൊന്നാണിത്.

5. പാർട്ടിയുടെ പ്രവർത്തനങ്ങളിൽ രജപുത്ര വിഭാഗങ്ങൾക്കുണ്ടായ അസംതൃപ്തി.

6. ഭരണഘടന മാറ്റിയെഴുതുന്നത് സംബന്ധിച്ച് മുതിർന്ന നേതാക്കളിൽ നിന്നുണ്ടായ പ്രസ്താവനകൾ.

7. പലഘട്ടങ്ങളായാണ് യു.പിയിൽ വോട്ടെടുപ്പ് നടന്നത്. വോട്ടെടുപ്പ് ആറ്, ഏഴ് ഘട്ടമായപ്പോഴേക്കും വോട്ടർമാർക്ക് വോട്ട് രേഖപ്പെടുത്താൻ താൽപര്യം കുറഞ്ഞു.

8. സർക്കാർ ജീവനക്കാരുടെ പെൻഷൻ പദ്ധതിയിലെ അപാകതകൾ.

9. സീറ്റ് വിഭജനം വൈകിയത്.

10. ഈ തെരഞ്ഞെടുപ്പിലെ പ്രധാന പ്രശ്നമായി പ്രതിപക്ഷം ഉയർത്തിക്കൊണ്ടുവന്ന അഗ്നിവീർ പദ്ധതി.

11. വോട്ടർപട്ടികയിൽ നിന്ന് പാർട്ടിയുടെ അടിസ്ഥാന വോട്ടർമാരെ ഒഴിവാക്കിയത്.

വോട്ടർപട്ടികയിൽ നിന്ന് ഏതാണ്ട് എല്ലാ മണ്ഡലങ്ങളിൽ നിന്നുമുള്ള 30,000 -40,000ത്തിനും ഇടയിൽ വോട്ടർമാരെ വോട്ടർപട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നാണ് പട്ടികയിൽ സൂചിപ്പിക്കുന്നത്.

അതുപോലെ കുർമി, കോറി, മൗര്യ, ശാക്യ, ലോധ് വിഭാഗങ്ങളിൽ നിന്നും ബി.ജെ.പിക്ക് നന്നായി വോട്ട് വിഹിതം കുറഞ്ഞു. 2019ലെ കണക്കുകൾ പരിശോധിക്കുമ്പോൾ, ദലിത് വിഭാഗത്തിലെ വോട്ട് വിഹിതത്തിലും വലിയ ചോർച്ചയുണ്ടായി. ഇത് സമാജ്‍വാദിപാർട്ടിക്കും കോൺഗ്രസിനും വലിയ നേട്ടമായി. റിപ്പോർട്ടിൻ മേൽ ചർച്ച നടന്നതിനു ​പിന്നാലെ യു.പിയിലെ കനത്ത പരാജയത്തിൽ വിശദീകരണം നൽകാൻ ഉടൻ മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്, ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് എന്നിവ​രടക്കമുള്ള നേതാക്കളെ ഉടൻ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. 

Tags:    
News Summary - Bhupendra Chaudhary told many reasons for BJP's defeat in the internal report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.